മാറനല്ലൂരില്‍ മോഷണപരമ്പര; എങ്ങുമെത്താതെ പൊലീസ് അന്വേഷണം
text_fieldsമോഷണം നടന്ന വീടിന് സമീപത്ത് പൊലീസ് നായ് പരിശോധിക്കുന്നു
കാട്ടാക്കട: മാറനല്ലൂര്‍ പഞ്ചായത്ത് പ്രദേശങ്ങളില്‍ മോഷണം വ്യാപകം; പിടികൂടാനാകാതെ പൊലീസ്. രണ്ട് മാസത്തിലേറെയായി മാറനല്ലൂര്‍ പൊലീസ് സ്റ്റേഷന്‍പരിധിയില്‍ ഒരുഡസനിലേറെ മോഷണങ്ങളാണ് നടന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കിടയില്‍ രണ്ടിടത്താണ് വീട് കുത്തിത്തുറന്ന് സ്വര്‍ണം കവര്‍ന്നത്. രണ്ട് ദിവസം മുമ്പ് കോട്ടമുകള്‍ പാല്‍ക്കുന്ന് സുപ്രിയസദനത്തില് സുനില്‍കുമാറിന്റെ വീട് കുത്തിത്തുറന്ന് രണ്ട് പവന്റെ മാല മോഷ്ടിച്ചിരുന്നു.
ശനിയാഴ്ച രാത്രി ഇടത്തറ പെരുമുള്ളൂര്‍ അനശ്വരംവീട്ടില് സതീഷിന്റെ വീട് കുത്തിത്തുറന്ന് 15 പവന് മോഷ്ടിച്ചു. കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് കവർന്നത്.
സതീഷും കുടുംബവും വൈകീട്ട് ആറോടെ വീട് പൂട്ടി പുറത്തേക്ക് പോയി. രാത്രി പതിനൊന്നോടെ തിരിച്ചെത്തിയപ്പോൾ മുൻവശത്തെ വാതിൽ അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. തുടർന്ന് തുറന്ന നിലയിലായിരുന്ന പിറകുവശത്തെ വാതിലിലൂടെയാണ് അകത്ത് കടന്നത്. കിടപ്പുമുറിയിലെ രണ്ട് അലമാരകളും തുറന്നിട്ട നിലയില്‍ കണ്ടതോടെ മോഷണം നടന്നതായി മനസ്സിലായി.
സ്വര്‍ണം അലമാരയില്‍ സൂക്ഷിക്കുന്നതിനുപകരം കട്ടിലിനടിയിൽ തുണികള്‍ക്കിടയിൽ വെച്ചിരിക്കുകയായിരുന്നു. രാത്രി ഏഴിനും 10.30നും ഇടയിലാണ് മോഷണം. ഇവരുടെ യാത്രാവിവരം മനസ്സിലാക്കിയവരാകാം മോഷണം നടത്തിയതെന്ന് സംശയിക്കുന്നു. ഇവര്‍ പെെട്ടന്ന് തിരികെ എത്തുകയാണെങ്കില്‍ തുറക്കാതിരിക്കാൻ മോഷ്ടാവ് മുന്‍വശത്തെ വാതില്‍ അകത്തുനിന്ന് പൂട്ടിയതായാണ് സംശയം.
മാറനല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് നായും വിരലടയാള വിദഗ്ധരുമെത്തി പരിശോധിച്ചു. സംഭവസ്ഥലത്തുനിന്ന് അരകിലോമീറ്റര്‍ ദൂരം പോയ പൊലീസ് നായ് ഒരു വീടിന്റെ സമീപത്തെത്തി നില്‍ക്കുകയായിരുന്നു. പ്രദേശത്തെ നിരീക്ഷണ കാമറകള്‍ പൊലീസ് പരിശോധിച്ചെങ്കിലും കാര്യമായ തുമ്പ് ലഭിച്ചിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.