കാട്ടാക്കട കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വിദ്യാർഥികൾ ഏറ്റുമുട്ടി; മൂന്നുപേർക്ക് പരിക്ക്
text_fieldsകാട്ടാക്കട: കെ.എസ്.ആർ.ടി.സി വാണിജ്യ സമുച്ചയത്തിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റു. നെയ്യാർഡാം ആർ.പി.എം സഹകരണ കോളജിലെ വിദ്യാർഥികളായ വിളപ്പിൽശാല കല്ലുപറമ്പ് ശിവപാദത്തിൽ ആദിശ് (19), കാട്ടാക്കട സ്വദേശികളായ അനു (19), ശ്രീറാം (19) എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.
ആദിശ് നൽകിയ പരാതിയിൽ കോളജിലെ വിദ്യാർഥിയും കാട്ടാക്കട കട്ടയ്ക്കോട് സ്വദേശിയുമായ അഭിഷേകിനെയും കണ്ടാലറിയാവുന്ന 10 പേരെയും പ്രതികളാക്കി കാട്ടാക്കട പൊലീസ് കേസെടുത്തു.
കൂട്ടമായിനിന്ന വിദ്യാർഥികൾക്കിടയിൽ രണ്ടു സംഘങ്ങൾ ഓടിക്കയറി തല്ലുതുടങ്ങിയതോടെ കൂട്ടതല്ലായി. തമ്മിലടി രൂക്ഷമായതോടെ ബസ് കാത്തുനിന്നവരും വാണിജ്യസമുച്ചയത്തിലെ കടകളിലെത്തിയവരും ഭയന്നോടി. പത്ത് മിനിറ്റിലേറെ വാണിജ്യസമുച്ചയത്തില്‍ സംഘത്തിന്റെ തേര്‍വാഴ്ചയായിരുന്നു.
ഡിപ്പോക്കുള്ളില് സ്കൂള്‍-കോളജ് വിദ്യാർഥികള്‍ തമ്മില്തല്ലുന്നത് പതിവാണ്. വിദ്യാലയങ്ങളിലെ നിസാര പ്രശ്നങ്ങളും വിദ്യാർഥിനികളെ ശല്യംചെയ്യുന്നതുമൊക്കെയാണ് ഡിപ്പോയില്‍ അക്രമങ്ങളിൽ കലാശിക്കുന്നത്.
പൊലീസ് ഇടപെടൽ പേരിന് മാത്രം; സാമൂഹികവിരുദ്ധ താവളമായി ബസ് സ്റ്റാൻഡ്
കാട്ടാക്കട: പൊലീസിന്റെയും സുരക്ഷ ജീവനക്കാരുടെയും ഇടപെടൽ കാര്യക്ഷമമല്ലാതായതോടെ കാട്ടാക്കട കെ.എസ്.ആര്.ടി.സി വാണിജ്യ സമുച്ചയം സാമൂഹികവിരുദ്ധ താവളമാകുന്നു. ക്രിമിനലുകളും ലഹരി സംഘങ്ങളും ഇവിടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ ചെറുതും വലുതുമായ നിരവധി ആക്രമണങ്ങളും തമ്മില്‍തല്ലും നടന്നതായാണ് വ്യാപാരികളും യാത്രക്കാരും പറയുന്നത്.
ഒരുവര്‍ഷം മുമ്പ് ഡിപ്പോയിൽ സ്കൂള്‍ വിദ്യാർഥികൾ തമ്മില്‍തല്ലുകയും വാണിജ്യ സമുച്ചയത്തിലെ സ്ഥാപനങ്ങളുടെ ചില്ലുകൾ അടിച്ചുതകർക്കുകയും ചെയ്തിരുന്നു. മാസങ്ങളോളം പൊലീസ് കാവൽ ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ പ്രശ്നങ്ങള്‍ക്ക് അയവുവന്നെങ്കിലും പൊലീസിന്റെ ശ്രദ്ധ കുറഞ്ഞതോടെയാണ് സംഘങ്ങള്‍ വീണ്ടും സജീവമായത്.
വാണിജ്യ സമുച്ചയത്തിലെ സ്ഥാപനങ്ങളിലുള്ളവരും യാത്രക്കാരും വിലക്കാൻ ശ്രമിച്ചാൽ ഇവരുടെ നേരെ അസഭ്യവർഷവുമായി സംഘം ഒരുമിക്കുന്ന സ്ഥിതിയായതോടെയാണ് പൊതുപ്രവര്‍ത്തകരോ യാത്രക്കാരോ പൊലിസിനെ അറിയിക്കാൻ പോലും മടിക്കുന്നത്.
പ്രായപൂർത്തിയാകാത്തവരാണ് ഇവിടെ തമ്പടിക്കുന്നത്തിൽ അധികവും. പ്രശ്നങ്ങളിൽ ഇടപ്പെട്ടാലുണ്ടാകുന്ന പുലിവാല് പൊലീസും ഭയക്കുന്നു. സ്ഥാപനങ്ങൾക്ക് മുന്നിലെ ഇടനാഴിയിലും സമീപത്തെ ഒഴിഞ്ഞ സ്ഥലങ്ങളിലും വിദ്യാർഥികളും പുറത്തുള്ളവരും രാവിലെ മുതൽ തമ്പടിക്കും. ലഹരി ഉൽപ്പന്ന വിൽപന കേന്ദ്രം കൂടിയായി മാറി. പൂവാല-സാമൂഹികവിരുദ്ധ ശല്യവും പതിവാണ്.
സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസിന് സമീപം പൊലീസ് എയ്ഡ് പോസ്റ്റ് ഉണ്ടെങ്കിലും പ്രവർത്തനമില്ല. സ്കൂൾ-കോളജ് വിടുന്ന സമയങ്ങളിൽ ഡിപ്പോയിൽ പൊലീസ് സാന്നിധ്യമുണ്ടായാൽ ആക്രമണങ്ങള്‍ക്ക് പരിഹാരമാകുമെന്ന് വ്യാപാരികളും യാത്രക്കാരും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.