വേനൽമഴ: കാട്ടാക്കട താലൂക്കില്‍ അഞ്ചുകോടിയിലേറെ രൂപയുടെ നാശം
text_fieldsകാട്ടാക്കട: ഞായറാഴ്ച ഉച്ചക്കാരംഭിച്ച വേനൽമഴയിലും ആഞ്ഞുവീശിയ കാറ്റിലും കാട്ടാക്കട താലൂക്കില്‍ അഞ്ചുകോടിയിലേറെ രൂപയുടെ നാശം നേരിട്ടതായി പ്രാഥമിക കണക്ക്. നൂറുകണക്കിന് കർഷകരുടെ ഒരു വർഷത്തോളം നീണ്ട അധ്വാനമാണ് വെള്ളത്തിലായത്.
ഓണവിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത വാഴയാണ് ഏറ്റവും കൂടുതല്‍ നശിച്ചത്. കാട്ടാക്കട പഞ്ചായത്തില്‍ മാത്രം പതിനായിരത്തോളം വാഴകള്‍ നശിച്ചതായി കൃഷിഭവനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മാറനല്ലൂര്‍, ആര്യനാട്, കാട്ടാക്കട, പൂവച്ചൽ, കുറ്റിച്ചൽ പഞ്ചായത്തുകളിലായി ലക്ഷത്തോളം വാഴ നശിച്ചതായാണ് വിവരം. ഏക്കര്‍കണക്കിന് പ്രദേശത്തെ പച്ചക്കറി, മരച്ചീനി എന്നിവയും നശിച്ചു. നൂറുകണക്കിന് തെങ്ങ്, കവുങ്ങ്, റബർ എന്നിവയും നിരവധി പ്ലാവ്, ആഞ്ഞിലി, മാവ് തുടങ്ങി ഫലവൃക്ഷങ്ങളും നശിച്ചു.
അഞ്ച് പഞ്ചായത്തുകളിലായി അഞ്ച് കോടിയോളം രൂപയുടെ കൃഷിനാശം ഉണ്ടായതായാണ് പഞ്ചായത്ത് ജനപ്രതിനിധികള്‍ നല്കുന്ന വിവരം. കുറ്റിച്ചൽ പഞ്ചായത്തിൽ കാരിയോട് എയ്ഞ്ചൽ കോഴിഫാമിന്റെ മേൽക്കൂര കാറ്റിൽ തകർന്നുവീണ് 500ലധികം കോഴികൾ ചത്തു.
കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകിവീണ് വൈദ്യുതിവകുപ്പിന് മാത്രം 10 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തലെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ പറയുന്നു.
കുറ്റിച്ചൽ പഞ്ചായത്തിൽ വാഴപ്പള്ളി, പരുത്തിപ്പള്ളി, കോട്ടൂർ എന്നിവിടങ്ങളിലായി മൂന്ന് വീടുകളും കാട്ടാക്കട പഞ്ചായത്തിലെ കുളത്തോട്ടുമല, മംഗലയ്ക്കൽ എന്നിവിടങ്ങളിലായി രണ്ട് വീടുകളും പൂർണമായും തകർന്നു. കുറ്റിച്ചല്‍ പരുത്തിപ്പള്ളി തങ്കപ്പന് നായര്‍, വാഴപ്പള്ളി ഭാസ്കരന് നായര്‍, ചമതമൂട് വിജയന് എന്നിവരുടെ വീടുകളാണ് തകര്‍ന്നത്.
പാട്ടത്തിനെടുത്ത സ്ഥലങ്ങളിൽ കൃഷിയിലേർപ്പെട്ട കർഷകർക്കാണ് നഷ്ടമേറെയും. പൂവച്ചൽ പഞ്ചായത്തിലെ മൈലോട്ടുമൂഴി, ആനാകോട് പ്രദേശങ്ങളിൽ കനത്ത നാശമാണുണ്ടായത്. ഇവിടെ 50 ഓളം കർഷകർക്കാണ് വേനൽമഴ ദുരിതം സമ്മാനിച്ചത്. കെ. സുദർശനപിള്ള, കെ. ജയപ്രസാദ്, അലക്സാണ്ടർ, സതീഷ് കൃഷ്ണൻ, തമ്പി തുടങ്ങിയ കർഷകർക്കാണ് കൂടുതൽ നഷ്ടം ഉണ്ടായത്. വിവിധ വാർഡുകളിലായി 5000 ത്തോളം വാഴകൾ ഒടിഞ്ഞതായി പഞ്ചായത്തംഗങ്ങൾ പറഞ്ഞു.
പ്രദേശത്ത് വാഴ, മരച്ചീനി, റബർ കൃഷികളും നശിച്ചു. കുറ്റിച്ചൽ പത്രം ഏജൻറ് കൂടിയായ മോഹൻദാസിന്റെ കുലച്ച 400 വാഴകളാണ് ഒടിഞ്ഞത്. രണ്ടാഴ്ച മുമ്പ് അറ്റകുറ്റപ്പണി നടത്തിയ ഉത്തരംകോട് കുരുന്തറക്കോണം, മലവിള പാങ്കാവ് റോഡ് ഒലിച്ചുപോയി. കുറ്റിച്ചൽ-പരുത്തിപ്പള്ളി (ഷൊർളക്കോട് ഹൈവേ) റോഡിൽ പലേടത്തും പുരയിടങ്ങളിലെ കല്ലും മണ്ണും ഒഴുകിയിറങ്ങി വാഹനയാത്രക്ക് ബുദ്ധിമുട്ടുണ്ട്.
കാട്ടാക്കട വൈദ്യുതി സെക്ഷനിൽ 26, പൂവച്ചലിൽ നാല്, മാറനല്ലൂർ 14, കുറ്റിച്ചൽ എട്ട് എന്നിങ്ങനെ തൂണുകൾ ഒടിഞ്ഞും ലൈനുകൾ പൊട്ടിവീണും 10 ലക്ഷത്തോളം രൂപയുടെ നാശം ഉണ്ടായതായി കണക്കാക്കുന്നതായി ഡിവിഷനൽ എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
കാട്ടാക്കട താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ ഇന്നലെ വൈകിയും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടില്ല. അഗസ്ത്യ-നെയ്യാര്‍ വനമേഖലകളിലും കാറ്റും മഴയും ഏെറ നാശം വിതച്ചു. നിരവധി കുടിലുകളില്‍ ഭാഗികമായി തകര്‍ന്നതായി ആദിവാസിമേഖലകളിലുള്ളവര് അറിയിച്ചിട്ടുണ്ട്. അടുത്തിടെ നിര്‍മിച്ച പല റോഡുകളും വെള്ളം കയറിക്കിടക്കുന്നു. തിങ്കളാഴ്ച വൈകീട്ടുപോലും വെള്ളം ഇറങ്ങിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.