അധികൃതർ പരിശോധിച്ച് മടങ്ങി; സ്ഥലംഉടമ മാലിന്യം മണ്ണിട്ട് മൂടി
text_fieldsകാട്ടാക്കട: ഗ്രാമപഞ്ചായത്തിലെ കുളത്തോട്ടുമലയിൽ ജലസംഭരണിക്ക് സമീപം സ്വകാര്യഭൂമിയിലെ മാലിന്യനിക്ഷേപം പഞ്ചായത്ത് അധികൃതർ പരിശോധിച്ച് മടങ്ങിയതിന് പിന്നാലെ ഉടമ മണ്ണിട്ടുമൂടി. മാലിന്യം എത്തിച്ച വാഹനം കടത്തിക്കൊണ്ടുപോയി.
മാലിന്യനിക്ഷേപം നടത്തിയതിന് പിഴ ചുമത്താൻ വാഹനം കണ്ടെത്തണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി കാട്ടാക്കട പൊലീസിൽ പരാതി നൽകി. മംഗലയ്ക്കൽ വാർഡിൽ ഉൾപ്പെട്ട കുളത്തോട്ടുമലയിൽ സ്വകാര്യ പുരയിടത്തിലാണ് ജൈവ അജൈവ മാലിന്യങ്ങൾ വലിയ അളവിൽ സംഭരിച്ചത്. പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിക്കുന്നതിന്റെ പുകയും മാംസാവശിഷ്ടങ്ങളുടെ ദുർഗന്ധവും അസഹ്യമായതോടെ പ്രദേശവാസികൾ പഞ്ചായത്തിൽ പരാതി നൽകി. തുടർന്ന് കഴിഞ്ഞദിവസം വൈകീട്ട് പഞ്ചായത്ത് അധികൃതരും ആരോഗ്യപ്രവർത്തകരും സ്ഥലത്തെത്തി പരിശോധന നടത്തി. വാഹനം പിടിച്ചെടുക്കാൻ കാട്ടാക്കട പൊലീസിന് വിവരം നൽകി.
അടുത്ത ദിവസം രാവിലെയോടെ പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം സ്ഥലത്ത് കുഴിച്ചുമൂടുകയും വാഹനം കടത്തിക്കൊണ്ടുപോകുകയുമായിരുന്നു. പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യമാണ് കുഴിച്ചുമൂടിയതെന്ന് പഞ്ചായത്ത് പ്രസിഡൻറ് കെ. അനിൽകുമാർ പറഞ്ഞു. സ്ഥലം ഉടമയെ തിരിച്ചറിഞ്ഞ് പിഴ ചുമത്തുമെന്നും വാഹനം പിടിച്ചെടുക്കുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.