കോടതി ഉത്തരവ് നടപ്പായില്ല; അനധികൃത മാലിന്യ കേന്ദ്രങ്ങള്‍ സജീവം
text_fieldsകാട്ടാക്കട: പൂവച്ചൽ ഗ്രാമ പഞ്ചായത്തിലെ കരിയംകോട്, പൊന്നെടുത്തകുഴി വാർഡുകളില്‍ പ്രവർത്തിക്കുന്ന അനധികൃത പന്നിഫാമുകളും മാലിന്യശേഖര കേന്ദ്രങ്ങളും അടച്ചു പൂട്ടി റിപ്പോർട്ട് ചെയ്യണമെന്ന കോടതി ഉത്തരവ് മാസങ്ങള്‍ പിന്നിട്ടിട്ടും നടപ്പാക്കിയില്ല. നെടുമങ്ങാട് ആര്.ഡി.ഒ കോടതിയും ഹൈകോടതിയും കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവുപോലും നടപ്പാക്കാന്‍ പൂവച്ചൽ പഞ്ചായത്ത് അധികൃതര്‍ തയാറായിട്ടില്ല.
കരിയംകോട്, പൊന്നെടുത്തകുഴി പ്രദേശത്തെ ദുര്‍ഗന്ധമകറ്റാനും പ്രദേശവാസികളെ രോഗത്തിലേക്ക് തള്ളിവിടാതിരിക്കാനുംവേണ്ടി പഞ്ചായത്ത് പടിക്കൽ വീണ്ടും സമരം നടത്താന്‍ കരിയംകോട് ജനകീയ സമരസമിതി തീരുമാനിച്ചു. ഗ്രാമത്തിലേക്ക് പുറത്തുനിന്ന് മാലിന്യം എത്തിക്കാന്പാടില്ലെന്ന ബോര്‍ഡ് സ്ഥാപിച്ചിട്ട് മാസങ്ങളായി. ഇപ്പോഴും ഗുണ്ടാസംഘങ്ങളുടെ നേതൃത്വത്തില്‍ രാത്രികാലങ്ങളില്‍ വന്‍തോതില്‍ മാലിന്യം എത്തിക്കുകയാണ്. വാഹനങ്ങളുടെ നമ്പർ സഹിതം പരാതി കൊടുത്തിട്ടും നടപടി ഇല്ല
നഗരത്തിലെ മാലിന്യം മുഴുവൻ പൂവച്ചൽ പഞ്ചായത്തിലാണ് എത്തിക്കുന്നത്. ഹോട്ടല്‍, ആശുപത്രി, അറവുശാലഎന്നിവിടങ്ങളില്നിന്ന് എത്തിക്കുന്ന മാലിന്യം മുതല്‍ ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യം വരെ ഇവിടെ വരുന്നു.
പന്നിവളര്‍ത്തല്‍ കേന്ദ്രത്തില്‍നിന്നുള്ള മലിനജലം റോഡിലൂടെ ഒഴുക്കി തോട്ടിൽ എത്തിക്കുന്നു. ഇതുകാരണം പല കിണറുകളിലും വെള്ളം മലിനമായി. ഇതുസംബന്ധിച്ച് പരാതിയിലും നടപടി എടുത്തില്ലെന്നാണ് നാട്ടുകാരുടെ പരാതി. മാലിന്യം കുന്നുകൂടി ദുര്‍ഗന്ധം ഏറിയതോടെ നായ്ക്കളുടെ ശല്യവും കൂടി. രൂക്ഷമായ ഈച്ചശല്യം കാരണം ആഹാരപാത്രം തുറന്നുവെക്കാന്‍ പറ്റാത്തസ്ഥിതിയാണ്. കാക്ക ഉള്‍പ്പെടെ പറവകള്‍ മാലിന്യം ജലസ്രോതസ്സുകളില്‍ ഇടുന്നതും പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.