തോക്കേന്തിയ പൊലീസിനൊപ്പം പോളിങ് ഉദ്യോഗസ്ഥര്‍ കാടുകയറി
text_fieldsകാട്ടാക്കട: ആദിവാസികളുടെ വോട്ടുകള്‍ പെട്ടിയിലാക്കാന്‍ തോക്കേന്തിയ പൊലീസിന്റെ സംരക്ഷണയില്‍ പോളിങ് ഉദ്യോഗസ്ഥര്‍ കാടുകയറി. അഞ്ഞൂറോളം വോട്ടാണ് അഗസ്ത്യവനം സെറ്റില്‍മെന്റിലെ പൊടിയത്തെ പോളിങ് സ്റ്റേഷനിലുള്ളത്. പൊലീസ് ഉള്‍പ്പെടെ അഞ്ചംഗസംഘം വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് പോളിങ് സ്റ്റേഷനിലെത്തിയത്.
നെടുമങ്ങാട് മഞ്ച ടെക്നിക്കല്‍ സ്കൂളില്‍നിന്ന് വോട്ടിങ് മെഷീനും പോളിങ് സാധനങ്ങളുമായി സ്കൂള്‍ ബസില്‍ കയറി വൈകീട്ട് മൂന്നോടെ കോട്ടൂരിലെത്തി. തുടര്‍ന്ന് വനത്തിലൂടെ ഓടുന്ന ജീപ്പില്‍ പോളിങ് സാധനങ്ങളുമായി പോളിങ് സ്റ്റേഷനിലേക്ക് പോവുകയായിരുന്നു.
ഉള്‍വനത്തിലെ ബൂത്തിനടുത്തിറങ്ങി മൊബൈല്‍ ഫോണില്‍ വിളിക്കാൻ ശ്രമിച്ചപ്പോൾ റേഞ്ചില്ലെന്ന് ഒപ്പം വന്ന ഉദ്യോഗസ്ഥന്റെ അറിയിപ്പ്. ഇതോടെ എല്ലാവരും നിരാശരായി. റേഞ്ച് കിട്ടാനായി പോളിങ് സ്റ്റേഷനു സമീപത്തുള്ള കുന്നിന്മുകളിൽ കയറിയപ്പോള്‍ പോളിങ് ബൂത്ത് സജ്ജമാക്കാനായി പോളിങ് ഓഫിസറുടെ വിളിവന്നു.
വോട്ടെടുപ്പ് കഴിഞ്ഞ് രണ്ടു മണിക്കൂറോളം വനത്തിലൂടെ വാഹനത്തില്‍ യാത്രചെയ്താലേ പുറംനാട്ടിലെത്തൂ. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ആഹാരത്തിനും നാട്ടില്‍നിന്ന് കാടുകയറുന്നവര്‍ കനിയണം.
വോട്ട് ചെയ്യാനായി പകുതിയിലേറെ വോട്ടര്‍മാര്‍ക്കും വനത്തിലൂടെ മണിക്കൂറുകള്‍ നടക്കണം. പാറ്റംപാറ സെറ്റില്‍മെന്റില്‍നിന്ന് പൊടിയത്തെത്താന് 15 കിലോമീറ്ററോളം യാത്ര ചെയ്യണം. ആമല ഊരിലെ കാണിക്കാര്‍ക്കും ഇത്രയും ദൂരം താണ്ടണം. വാഹനസൗകര്യം ഇല്ലാത്തതിനാല്‍ പൊടിയം, ആമല സെറ്റില്‍മെറ്റിലെ ആദിവാസി വോട്ടർമാര്‍ വോട്ടിങ്ങിനെത്താന് സാധ്യതയില്ലെന്നാണ് ആദിവാസി നേതാക്കള്‍ പറയുന്നത്.
വാലിപ്പാറ, മാങ്കോട്, അരിയാവിള, ചോനംപാറ, കൈതോട്, അണകാല്‍, പാറ്റാംപാറ, പൊടിയം, പ്ലാത്ത്, എറുമ്പിയാട്, മുക്കോത്തിവയൽ സെറ്റിൽമെന്റുകളിലുള്ളവരാണ് കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ ചോനംപാറ വാര്‍ഡിലുള്ളത്. മുന്‍കാലങ്ങളില്‍ വോട്ടെടുപ്പിന്റെ താലേന്നാള്മുതല്തന്നെ കാടിറങ്ങി ബൂത്തില്‍ അതിരാവിലെ എത്തി വോട്ട് ചെയ്ത് മടങ്ങുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.