നെയ്യാര്‍ഡാമിലെ സിംഹസഫാരി പാര്‍ക്കിലെ കടുവകൾ തൃശ്ശൂര്‍ മൃഗശാലയിലേക്ക്
text_fieldsകാട്ടാക്കട: നെയ്യാര്‍ ഡാമിലെ സിംഹ സഫാരി പാര്‍ക്കില്‍ പാർപ്പിച്ചിരുന്ന വയനാടൻ കടുവകളായ ദുർഗയും വൈഗയും ഇനി തൃശൂര്‍ പുത്തൂര്‍ മൃഗശാലയില്‍ വാഴും. കടുവകളെ കൊണ്ടുപോകാനുള്ള പ്രത്യേകം തയാറാക്കിയ കൂടുകള്‍ തിങ്കളാഴ്ചയെത്തും. രണ്ട്ദിവസത്തിനകം നെയ്യാര്‍ഡാമില്‍നിന്ന് കൊണ്ടുപോകും.
വയനാട് വനാന്തരങ്ങളില്‍നിന്ന് ജനവാസ കേന്ദ്രങ്ങളിലിറങ്ങി ഭീതിവിതച്ചതിനെ തുടര്‍ന്ന് കെണിയിൽപിടിച്ചതാണ് ഇവയെ. 2019 ജനുവരിയിലാണ് ദുർഗയെ പിടികൂടിയത്. പല്ലുകള്‍ പൊഴിഞ്ഞ, പത്ത് വയസ് പ്രായമുള്ള കടുവയെ തിരികെ കാട്ടിലേക്ക് വിടാന്‍ തക്കവിധത്തിലായിരുന്നില്ല ആരോഗ്യസ്ഥിതി.
തുടര്‍ന്നാണ് ചികിത്സക്കായി നെയ്യാര്‍ഡാം സിംഹസഫാരി പാര്‍ക്കിലെത്തിച്ചത്. ദിവസവും ഏഴ് കിലോ ബീഫായിരുന്നു ആഹാരം. മരുന്നും വെള്ളവും നല്കി സുഖചികിത്സ നടത്തി. വയനാട് ഇരുളത്ത് ജനവാസ കേന്ദ്രത്തില്‍ ഭീതി പടര്‍ത്തിയ കടുവയാണ് വൈഗ.
ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്നാണ് ഇതിനെയും ഇവിടെയെത്തിച്ചത്. സന്ദര്‍ശകര്‍ക്ക് ഇവയെ കാണാനുള്ള അനുമതിയുണ്ടായിരുന്നില്ല. ആരോഗ്യം തിരിച്ചുകിട്ടിയപ്പോഴാണ് പാര്‍ക്കില്‍നിന്ന് മാറ്റാന്‍ തീരുമാനിച്ചത്.
ഈ കടുവകളെത്തുമ്പോൾ ഇവിടെ രണ്ട് സിംഹങ്ങളുണ്ടായിരുന്നു. പിന്നീടവ ചത്തു. 1984ൽ നാല് സിംഹങ്ങളുമായി നെയ്യാർഡാം മരക്കുന്നത്തെ 10 ഏക്കർ ദ്വീപിൽ ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ സഫാരി പാർക്കാണിത്. 16 സിംഹങ്ങള്‍ വരെയുണ്ടായിരുന്ന പ്രതാപ കാലമുണ്ടായിരുന്നു. കാഴ്ചക്കാര്‍ കൂട്ടിലും സിംഹങ്ങള്‍ പുറത്തുമുള്ള കാഴ്ച കാണാനായി ലക്ഷകണക്കിനാളുകള്‍ വന്നുപോയ ചരിത്രമുള്ള സിംഹസഫാരി പാര്‍ക്കിൽ നിന്ന് കടുവകൾ കൂടി പോകുന്നതോടെ പൂര്‍ണമായും അനക്കമില്ലാതെയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.