ഓണത്തിന് നാടൊരുങ്ങി, ഒപ്പം ഗതാഗതക്കുരുക്കും
text_fieldsകാട്ടാക്കട: ചിങ്ങമാസത്തിൽ ഓണാഘോഷപരിപാടികളുടെ തുടക്കമായതോടെ പട്ടണത്തില്‍ തിരക്കേറി. ഇതിനിടെ കാട്ടാക്കടപട്ടണത്തിലെ നെയ്യാർഡാം റോഡിലും ചന്ത റോഡിലും നടപ്പാത ഉൾപ്പെടെ കൈയേറിയുള്ള വാണിഭം കൂടി. തുടർന്ന് പട്ടണം രൂക്ഷമായ ഗതാഗതക്കുരുക്കിലമര്‍ന്നിട്ടും നടപടിയില്ല. കാട്ടാക്കട വഴി കടന്നുപോകാന്‍ പെടാപ്പാടിലാണ് യാത്രക്കാര്‍. കാട്ടാക്കട ജങ്ഷനില്‍ നിന്നുള്ള കഞ്ചിയൂര്‍ക്കോണം റോഡും ബി.എസ്.എസ്.എല്‍.എല്‍ റോഡും കഷ്ടിച്ച് ഒരുവാഹനത്തിനുമാത്രം കടന്നുപോകാന്‍ തക്ക വീതി മാത്രമുള്ളതാണ്. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള പാര്‍ക്കിങ് കൂടിയാകുമ്പോള്‍ ഇതുവഴിയുള്ള യാത്ര ദുഷ്കരമാകുകയും പട്ടണം തിരക്കിലാകുകയും ചെയ്യും.
പൂവച്ചൽ-കാട്ടാക്കട പഞ്ചായത്തുകളുടെ അതിർത്തിയിലെ കോളജ് റോഡ് ഉള്‍പ്പെടെ പട്ടണത്തിലെ റോഡുകളെല്ലാം വഴിയോരകച്ചവടക്കാർ കൈയേറി. കാല്‍നടക്കാര്‍ക്കായുള്ള ഓടകൾക്ക് മുകളിലെ സ്ലാബുകളിലേക്കുപോലും കടകൾ ഇറക്കിയും സ്ഥിരം കടകള്‍ സ്ഥാപിച്ചുമാണ് കച്ചവടം. ഇതോടെ വഴിയാത്രക്കാർക്ക് റോഡിലിറങ്ങാതെ നടക്കാനാകാത്ത സ്ഥിതിയാണ്. ഇത് അപകടങ്ങൾക്കും ഗതാഗതതടസ്സത്തിനും കാരണമാകുന്നു. പൂവച്ചൽ പഞ്ചായത്തിന്റെ പരിധിയിലെ ഈ ഭാഗത്ത് തട്ടുകടകള്‍ തുടങ്ങി വസ്ത്രവ്യാപാരം വരെയുള്ള കച്ചവടങ്ങള്‍ക്ക് റോഡുവക്കില്‍ സ്ഥിരം നിര്‍മാണം നടത്തിയിട്ടും പഞ്ചായത്ത് ഇടപെടുന്നില്ലെന്ന പരാതിയുണ്ട്. നെയ്യാർഡാം-നെടുമങ്ങാട് റോഡുകളെ ബന്ധിപ്പിക്കുന്ന റോഡിലും കൈയേറ്റമുണ്ട്.
15 വർഷം മുമ്പ് കാട്ടാക്കട-പൂവച്ചല്‍ പഞ്ചായത്തുകളിലെ അതിര്‍ത്തിയില്‍ വരുന്ന ഈ റോഡിൽ കുടിൽകെട്ടി താമസിച്ചിരുന്ന 20 ലേറെ കുടുംബങ്ങളെ പുതിയ താമസസ്ഥലം കണ്ടെത്തി ഒഴിപ്പിച്ചതാണ്. പട്ടണത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടായാൽ വാഹനങ്ങൾ വഴിതിരിച്ചുവിടുന്ന പ്രധാനറോഡായി ഇത് മാറിയപ്പോഴാണ് വീണ്ടും കൈയേറ്റം തുടങ്ങിയത്. റോഡ് കൈയേറ്റത്തിന് പുറമെ വലിയ അളവിൽ മാലിന്യവും കച്ചവടക്കാർ റോഡിലും ഓടയിലുമായി ഉപേക്ഷിക്കുന്നുണ്ട്. കോളജ് റോഡിൽ പലയിടത്തും കരിക്ക് ചെത്തിയ തൊണ്ടിന്റെ കൂന ഉൾപ്പെടെ മാലിന്യം കുന്നുകൂടിക്കിടക്കുന്നു. ചന്തറോഡിലും സ്ഥിതി വ്യത്യസ്തമല്ല. കൈയേറ്റം ഒഴിപ്പിച്ചെടുത്ത് പ്രദേശം മാലിന്യമുക്തമാക്കാൻ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഒരു നീക്കവും ഉണ്ടാകുന്നില്ല. ചന്തറോഡിലെ അനധികൃത വഴിവാണിഭം നിയന്ത്രിക്കാനും പഞ്ചായത്തിന് കഴിയുന്നില്ല. ചന്ത ചേരുന്ന തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ഇതുവഴി യാത്രചെയ്യാനാകാത്ത സ്ഥിതിയാണ്. നെടുമങ്ങാട് റോഡിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് പട്ടണത്തിലെ എല്ലാ റോഡുകളെയും ബാധിക്കും.
കാട്ടാക്കടയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ തയാറാക്കിയ പദ്ധതികളെല്ലാം ഇപ്പോൾ നിലച്ചമട്ടാണ്. ഓരോ വിഷയങ്ങൾ ഉണ്ടാകുമ്പോൾ അധികൃതർ സംയുക്ത യോഗം ചേർന്ന് തീരുമാനങ്ങൾ എടുത്ത് പിരിയുന്നതല്ലാതെ ഒന്നും നടപ്പാകുന്നില്ലെന്ന ആക്ഷേപമുണ്ട്. കുറ്റകൃത്യങ്ങളില്‍ പൊലീസ് പിടികൂടുന്ന വാഹനങ്ങളും കെ.എസ്.ഇ.ബിയുടെ വൈദ്യുതി കമ്പികളും ഉള്‍പ്പെടെ റോഡരികില്‍ ഉപേക്ഷിക്കുന്നതും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.