സി.പി.ഐക്ക് മാറനല്ലൂരിൽ ‘കഷ്ടകാലം’
text_fieldsകാട്ടാക്കട: മാറനല്ലൂര്‍ പഞ്ചായത്തില്‍ സി.പി.ഐക്ക് കഷ്ടകാലം. 10 വര്‍ഷത്തിനിടെ മാറനല്ലൂർ പഞ്ചായത്തില്‍ സി.പി.ഐയുടെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. കണ്ടല സർവിസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായിരുന്ന എന്‍. ഭാസുരാംഗനായിരുന്നു ഇതിന് ചുക്കാന്‍പിടിച്ചത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ മാറനല്ലൂര്‍ പഞ്ചായത്തില്‍ സി.പി.ഐയിലേക്ക് പ്രവര്‍ത്തകരുടെ നീണ്ട ഒഴുക്കായിരുന്നു. സി.പി.ഐയിലേക്ക് സി.പി.എം പ്രവര്‍ത്തകര്‍ എത്തിത്തുടങ്ങിയതോടെ ഇടതുമുന്നണിയില്‍ അസ്വാരസ്യം ഉടലെടുത്തു. ഇത് പിന്നീട് അതിരൂക്ഷമായ ചോരിപ്പോരിലേക്ക് വഴിമാറി. സി.പി.എം- സി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലുകൂടുന്ന സംഭവങ്ങൾവരെ ഉണ്ടായി.
ഇതിനിടെയാണ് മാറനല്ലൂര്‍ പഞ്ചായത്തിലെ കണ്ടല സര്‍വിസ് സഹകരണ ബാങ്കിലെ ക്രമക്കേടുകൾ ഒന്നൊന്നായി പുറത്തുവന്ന് തുടങ്ങിയത്. നാലുമാസം മുമ്പ് വീട്ടില്‍ ഉറങ്ങിക്കിടന്ന സി.പി.ഐ നേതാവും മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ എ.ആര്. സുധീര്‍ ഖാനുനേരെ ആസിഡ് ആക്രമണം നടന്നു.
ആക്രമണം നടത്തിയ സി.പി.ഐ മുന്‍ പഞ്ചായത്ത് സെക്രട്ടറി സജികുമാറിനുവേണ്ടി പൊലീസ് തെരച്ചില്‍ പുരോഗമിക്കുന്നതിനിടെ മധുരയിലെ ലോഡ്ജിൽ സജികുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
സി.പി.ഐ കാട്ടാക്കട മണ്ഡലം സെക്രട്ടേറിയറ്റ് അംഗവും കണ്ടല സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവും സി.പി.ഐ മുൻ പഞ്ചായത്ത് സെക്രട്ടറിയും വെള്ളൂർക്കോണം ക്ഷീരസംഘത്തിലെ മുൻ സെക്രട്ടറിയുമായിരുന്ന സജികുമാറിന്റെ ആത്മഹത്യകുറുപ്പാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.
കണ്ടല ബാങ്ക് പ്രസിഡന്റും മിൽമ അഡ്മിനിസ്ട്രേറ്ററുമായ ഭാസുരാംഗൻ തന്നെ ചതിച്ചെന്നും ഭാസുരാംഗനുവേണ്ടി മരിക്കുന്നെന്നുമാണ് കുറിപ്പിൽ എഴുതിയിരുന്നത്. കണ്ടല ബാങ്കിൽ ഭാസുരാംഗന് ഇഷ്ടമില്ലാതെ മത്സരിച്ചതിന് ഇത്രയും ക്രൂരത വേണോ എന്നും ദൈവം മാപ്പ് തരില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ കത്ത് പുറത്തുവന്നതോടെയാണ് ഭാസുരാംഗനും സി.പി.ഐക്കും കഷ്ടകാലം തുടങ്ങിയത്.
കണ്ടല സര്‍വിസ് സഹകരണ ബാങ്കിനെതിരെ ആരോപണങ്ങൾ ഉയരുകയും കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തുകയും ചെയ്തതോടെ ബാങ്ക് പ്രസിഡന്റായിരുന്ന ഭാസുരാംഗന് രാജിവെച്ചു. ഇതിനുപിന്നാലെ കണ്ടല ബാങ്ക്, സഹകരണ ആശുപത്രിയുമൊക്കെ ഭരണം അഡ്മിനിസ്ട്രേറ്ററുടെ കൈയിലായി.
തുടർന്ന് സി.പി.ഐയില്‍ സജീവമായിനിന്ന പല നേതാക്കളും നിര്‍ജീവമായി. ബുധനാഴ്ച കണ്ടല സർവിസ് സഹകരണ ബാങ്കില്‍ കേന്ദ്രസുരക്ഷാ സേനയുടെ കാവലില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ റെയിഡ് ആരംഭിച്ചു.
രാത്രിയില്‍ ഭാസുരാംഗനെ ഇ.ഡി കസ്റ്റഡിയിലെടുക്കുകയും സി.പി.ഐയിൽനിന്നും മില്‍മയുടെ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്തുനിന്നും നീക്കം ചെയ്യുകയും ചെയ്തതോടെ കാൽനൂറ്റാണ്ടായി മാറനല്ലൂരിന്റെ നേതാവായിരുന്ന ഭാസുരാംഗന്റെ പതനമാണ് സംഭവിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.