റബര്‍പാൽ ചുരത്തിയ മണ്ണിൽ പഴവര്‍ഗ സമൃദ്ധിയുടെ മധുരം
text_fieldsകാട്ടാക്കട: രണ്ടേക്കറോളം ഭൂമിയിലെ റബര്‍ വെട്ടിമാറ്റി, അവിടെ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയിറക്കി വിജയഗാഥ തീര്‍ക്കുകയാണ് ഊരൂട്ടമ്പലം സ്വദേശി ബിനീബ്. വീട്ടുമുറ്റത്തും െടറസിലും പഴവര്‍ഗങ്ങള്‍ കൃഷി ചെയ്ത് വിജയിച്ച അനുഭവമാണ് റബര്‍പാൽ ചുരത്തിയ മണ്ണില്‍ പഴവര്‍ഗ കൃഷിയിറക്കാന്‍ പ്രേരിപ്പിച്ചത്.
പറുദീസയിലെ കനി എന്നുപേരുള്ള ‘ഗാഗ് ഫ്രൂട്ട് , ഡ്രാഗണ്‍ ഫ്രൂട്ട്, മുന്തിരി തുടങ്ങി നാട്ടില്‍ പരിചിതമല്ലാത്ത കൃഷി വീട്ടുമുറ്റത്തെ പറമ്പിലും മട്ടുപ്പാവിലും കൃഷിചെയ്ത് ഫലംകൊയ്ത വലിയ അനുഭവമാണ് ബിനീബിനുള്ളത്.
വിദേശരാജ്യങ്ങളിലെ പഴവര്ഗങ്ങളോടാണ് ബിനീബിന് പ്രിയം ഏറെ. ഇത്തരം പഴങ്ങളോട് കൗതുകമുള്ള ബിനീബ് ചാലക്കുടിയിൽ സുഹൃത്തിൽ നിന്നുവാങ്ങിയ വിത്തുകളിൽ നിന്നാണ് ഗാഗ് ഫ്രൂട്ട് വിളയിച്ചത്. പച്ചയും മഞ്ഞയും ഓറഞ്ചും പിന്നെ ചുവപ്പും നിറത്തിലുള്ള പഴമാണ് ഗാഗ് ഫ്രൂട്ട്. മുള്ളൻചക്കയോട് സാദൃശ്യമുള്ള ഇവ മുറിച്ചാൽ കൊക്കോകായ പോലെ തോന്നും. ഉള്ളിൽ കടും ചുവപ്പ് നിറം. ഉള്ളിലെ വിത്തിൽ നിന്ന് പൾപ്പ് പോലെ വേർതിരിച്ച് ജ്യൂസ് ആക്കിയാല്‍ രൂചിയേറെയാണ്. സൗന്ദര്യവർധക വസ്തുക്കൾ, തൊലിക്കുനിറം നൽകുന്ന എണ്ണകൾ, വൈറ്റമിൻ ഔഷധം എന്നിവക്കെല്ലാം ഗാഗ് ഫ്രൂട്ട് ഉപയോഗിക്കും. കിലോക്ക് 1500 ഓളം രൂപയാണ് വില. ജൈവവളം ഉപയോഗിച്ചാണ് പരിപാലനം. പരാഗണത്തിനായി തേനീച്ചയും വളർത്തുന്നുണ്ട് ഇവിടെ. വിത്തുമുളച്ചാൽ ഏഴുമാസത്തിനുള്ളിൽ ഗാഗ് വിളവെടുപ്പ് നടത്താം. കേരളത്തിൽ നല്ല രീതിയിൽ ഗാഗ് കൃഷി പ്രോത്സാഹിപ്പിക്കുകയും ഇതിനായി നല്ലൊരു വിപണി സജ്ജമാകുകയും ചെയ്താൽ മികച്ച വരുമാനം നേടിത്തരും ഗാഗ് എന്ന് ബിനീബ് പറയുന്നു.
റബര്‍കൃഷിയുടെ കനത്ത നഷ്ടം നികത്താനാണ് മലയിന്‍കീഴ് കുന്നുംപാറയിലെ രണ്ടേക്കറോളം വസ്തുവില്‍ ഡ്രാഗണ്‍ പിടിപ്പിച്ചത്. ഒരു തൈ നടുന്നതിന് ആയിരത്തോളം രൂപ െചലവുവരും. ഒന്നരവര്ഷത്തിലേറെയുള്ള പരിചരണവും കൂടി നടത്തിയാല്‍ രണ്ടാം വര്‍ഷം മുതല്‍ തന്നെ വിളവെടുപ്പ് നടത്താം. ആയിരത്തോളം തൈകളാണ് ഇപ്പോൾ നട്ടുപിടിപ്പിച്ചിരിക്കുന്നത്. ഡ്രാഗണ്‍ പഴത്തിന്റെ മികച്ച വിപണിയും റബറിന്റെ വിലയിടിവുമാണ് ഇത്തരത്തില്‍ പ്രേരിപ്പിച്ചത്. ഇവ കൂടാതെ മുന്തിരി, ലോങ്ങൻ, റംബൂട്ടാൻ, അബി തുടങ്ങി എക്സോട്ടിക് ഫലങ്ങളും പേരക്ക, മാങ്ങ, ചക്ക എന്നുവേണ്ട എല്ലാം ബിനീബിന്റെ തോട്ടത്തിലുണ്ട്. മലയിൻകീഴ് ഗവ. ഐ.ടി.ഐയിൽ അധ്യാപകനാണ് ബിനീബ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.