അശാസ്ത്രീയ ഷെഡ്യൂള്‍ പരിഷ്കരണം; കാട്ടാക്കടയിൽ കെ.എസ്.ആർ.ടി.സി സർവിസുകൾ കുറയുന്നു
text_fieldsകാട്ടാക്കട കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ സർവിസ് നടത്താതെ പാര്‍ക്ക് ചെയ്തിരിക്കുന്ന
ബസുകള്‍
കാട്ടാക്കട: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ അശാസ്ത്രീയ ഷെഡ്യൂള്‍ പരിഷ്കരണത്തെ തുടര്‍ന്ന് സർവിസുകൾ കുറയുന്നു. യാത്രാക്ലേശം അതിരൂക്ഷം. കലക്ഷനും ഗണ്യമായി കുറയുന്നു. സർവിസ് നടത്തുന്ന ബസുകളില്‍ നിന്നുതിരിയാന്‍ ഇടമില്ല. നാലുമാസം മുമ്പ് ശരാശരി പത്ത് ലക്ഷത്തോളം രൂപ കലക്ഷന്‍ നേടിയിരുന്ന ഡിപ്പോയിൽ അടുത്തിടെ അത് ആറുമുതല്‍ ഏഴ് ലക്ഷം രൂപവരെയാണ്.
ശരിയായ ഷെഡ്യൂള്‍ പരിഷ്കരണം നടത്താത്തതും കിലോമീറ്ററുകള്‍ കുറക്കുന്നതും സമാന്തര സർവിസുകളെ സഹായിക്കാൻ ഉച്ചനേരങ്ങളിൽ മണിക്കൂറുകളോളം സർവിസ് നടത്താത്തുമാണ് കലക്ഷന്‍ കുറവിന് കാരണമെന്നാണ് അറിയുന്നത്.
ദിവസങ്ങൾ കഴിയുതോറും സർവിസുകളുടെ എണ്ണം കുറയുന്നത് മലയോര മേഖലയിലെ യാത്രക്കാരെ വലയ്ക്കുന്നു. മുന്നറിയിപ്പില്ലാതെ സർവിസുകൾ റദ്ദാക്കുന്നത് യാത്രക്കാർക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ഏറെയാണ്. ഉച്ചക്ക് 12 മുതല്‍ മൂന്നുവരെ കാട്ടാക്കടയിൽനിന്ന് സർവിസ് ഇല്ലാത്ത അവസ്ഥയാണ്.
82 ഷെഡ്യൂളുകൾ നടന്നിരുന്ന ഡിപ്പോയിൽ കോവിഡ് നിയന്ത്രണങ്ങൾക്കുശേഷം 50 ഷെഡ്യൂളുകൾ വരെയാണ് ഓടിയിരുന്നത്. പിന്നീട് 75 ഷെഡ്യൂല്‍ വരെ എത്തി. എന്നാല്‍, ഏതാനും ആഴ്ചകളായി നിരവധി സർവിസുകള്‍ റദ്ദാക്കുകയും റൂട്ടുകള്‍ വെട്ടികുറക്കുകയും ചെയ്തു.
കണ്ടക്ടർമാരുടെയും ഡ്രൈവര്മ്മാരുടെയും കുറവാണ് സർവിസുകൾ നടത്താനാകാത്തതിന് കാരണമായി അധികൃതർ പറയുന്നത്. നിലവിൽ 110ലേറെ കണ്ടക്ടർമാരും അത്രത്തോളം ഡ്രൈവർമാരുമാണുള്ളത്. കണ്ടക്ടർമാരില്‍ പകുതിയോളം പേർ വനിതകളാണ്.
ഗ്രാമീണ മേഖലയിലെ യാത്രക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പകരം ആറ്റിങ്ങൽ, കായംകുളം ഉൾപ്പടെ ദീർഘദൂര ബസുകൾ ഓടിക്കാനാണ് അധികൃതർക്ക് താൽപര്യമെന്ന് ആക്ഷേപമുണ്ട്. ഒരു സർവിസ് മാത്രമുണ്ടായിരുന്ന റൂട്ടുകളില്‍ ഇപ്പോള്‍ പൂർണമായി നിലച്ചിരിക്കുകയാണ്.
മെച്ചപ്പെട്ട ഷെഡ്യൂള്‍ പരിഷ്കരണത്തിലൂടെ വെള്ളറട, ആര്യനാട് ഡിപ്പോകളില്‍നിന്ന് കാട്ടാക്കട വഴി തിരുവനന്തപുരത്തേക്ക് നല്ലനിലയിൽ സർവിസ് നടത്തുന്നുണ്ട്. ഇതും കാട്ടാക്കട ഡിപ്പോയിലെ കലക്ഷന്‍ കുറയാന്‍ ഇടയാക്കുന്നെന്ന് കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.