അശാസ്ത്രീയ നിര്‍മാണം; മലയോര ഹൈവേയിൽ ഗതാഗതം ദുഷ്കരം
text_fieldsകാട്ടാക്കട: മഴപെയ്താല്‍ നെടുമങ്ങാട്-ഷൊര്‍ളക്കോട് മലയോര ഹൈവേയിലെ കുറ്റിച്ചല്‍ ജങ്ഷന് മുതല്‍ റോഡ് തോടായിത്തീരും. അശാസ്ത്രീയമായ റോഡ് നിര്‍മാണവും ഓടകളില്‍ മാലിന്യം നിറഞ്ഞതും ജങ്ഷനിലെ നിലങ്ങള്‍ ഉള്‍പ്പെടെ മണ്ണിട്ട് നികത്തി കെട്ടിടങ്ങള്‍ നിര്മിച്ചതുമൊക്കെയാണ് റോഡിൽ വെള്ളം കയറുന്നതിന് കാരണമെന്ന് നാട്ടുകാര്‍. ചെറിയമഴയത്ത് പോലും ജങ്ഷന് മുതല്‍ കള്ളിക്കാട് വരെ റോഡില്‍ വെള്ളം കയറിത്തുടങ്ങും. മഴ ശക്തിപ്പെട്ടാല്‍ പിന്നെ നെടുമങ്ങാട്-ഷൊര്‍ളക്കോട് മലയോരഹൈവേയിലെ കുറ്റിച്ചല്‍ മുതലുള്ള യാത്ര ദുരിതപൂര്‍ണമാകും. വെള്ളം കയറി തേരാണി കാര്യോട് തോടും നിറഞ്ഞൊഴുകുന്നതോടെ റോഡിലെ വെള്ളക്കെട്ട് മാറാൻ മണിക്കൂറുകളെടുക്കും.
നെടുമങ്ങാട്-ഷൊര്‍ളക്കോട് മലയോര ഹൈവേയുടെ ഭാഗമാണ് ഈ റോഡ്. ചരക്കുവാഹനങ്ങളും കെ.എസ്.ആര്.ടി.സി ഉള്‍പ്പെടെ നിരവധി സര്‍ക്കാര്‍-സ്വകാര്യ സ്കൂള്‍ വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നുണ്ട്. കുറ്റിച്ചല്‍ ജങ്ഷന് വഴി കടന്നുപോകുന്ന വിദ്യാര്‍ഥികളും കാല്‍നടയാത്രികരും ഇരുചക്രവാഹനയാത്രികരുമാണ് വളരെ ബുദ്ധിമുട്ടുന്നത്. മലയോര ഹൈവേ കടന്നുപോകുന്നിടത്ത് ജങ്ഷനാണെന്നും നാല് റോഡുകള്‍ ചേരുന്നതാണെന്നും മുന്നറിയിപ്പുനല്കുന്ന ബോര്‍ഡുകളോ മറ്റ് മാര്‍ഗനിർദേശങ്ങളോ ഒന്നും സ്ഥാപിക്കാത്തതുകാരണം വാഹനങ്ങളില്‍ കുറ്റിച്ചല്‍ ജങ്ഷനിലെത്തുന്നവര് അങ്കലാപ്പിലാകുന്നു.
ദിവസവുമുള്ള അപടങ്ങളും തലനാരിഴക്കുള്ള രക്ഷപ്പെടലുമൊക്കെ പതിവ് കാഴ്ചയായിരിക്കുകയാണെന്ന് വ്യാപാരികളും ഓട്ടോ-ടാക്സി ഡ്രൈവർമാരും പറയുന്നു. മഴക്കാലമല്ലാത്തപ്പോഴാണ് ഈ അപകട സ്ഥിതി. ഇതിനിടെ ചെറിയ മഴയത്തുള്ള റോഡിലെ വെള്ളക്കെട്ട് കൂടിയാകുമ്പോള്‍ ദുരിതവും അപകടവും ഏറെയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.