നിരോധിത പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം തകൃതി
text_fieldsകാട്ടാക്കട: പ്ലാസ്റ്റിക് കവറുകളുടെ വില്പന ഇപ്പോഴും ഗ്രാമങ്ങളില്‍ തകൃതി. അയൽ സംസ്ഥാനത്തുനിന്ന് ദിനംപ്രതി വന്‍തോതിലാണ് പ്ലാസ്റ്റിക് കവറുകള്‍ ഗ്രാമങ്ങളിലെത്തുന്നത്.
പൊതുചന്തയില്‍ ഉള്‍പ്പെടെ ദിനംപ്രതി ആയിരക്കണക്കിന് പ്ലാസ്റ്റിക് കവറുകളാണ് പുറത്തേക്കുപോകുന്നത്.
പഴം പച്ചക്കറി കടകളിലും മത്സ്യ-മാംസ വില്പന കേന്ദ്രങ്ങളിലും ഇപ്പോഴും നല്‍കുന്നത് അഞ്ച് മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക് കവറുകളാണ്.
ശിവകാശി, തെങ്കാശി എന്നിവിടങ്ങളില്‍ നിര്‍മിക്കുന്ന പ്ലാസ്റ്റിക് കവറുകള്‍ക്ക് ഓര്‍ഡർ ശേഖരിക്കുന്നതിന് എക്സിക്യൂട്ടിവുകള്‍ ഗ്രാമങ്ങളിലെത്തുന്നുണ്ട്. വഴിയോര കച്ചവടക്കാര്‍ നല്കുന്ന സാധനങ്ങള്‍ മുഴുവനും ഇത്തരത്തിലുള്ള തീരെ കനംകുറഞ്ഞ കവറുകളിലാണ്. ഇവ യഥേഷ്ടം റോഡുകളിലും ചവറുകൂനകളിലും കെട്ടിക്കിടക്കുകയാണ്.
സംസ്ഥാനത്ത് 50 മൈക്രോണിന് താഴെയുള്ള കവറുകള്‍ നിര്‍മാണം നടത്താനോ, വില്പന നടത്താനോ പാടില്ലെന്ന നിയമം നിലനില്‍ക്കെയാണ് അഞ്ച് മൈക്രോണ്‍ പോലുമില്ലാത്ത പ്ലാസ്റ്റിക് കവറുകള്‍ വിപണിയിലെത്തുന്നത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന അഞ്ച് മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക് കവറുകള്‍ ദിനംപ്രതി ടണ്‍ കണക്കിനാണ് അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ താണ്ടി കേരളത്തിലെത്തുന്നത്.
ഇത്തരത്തിലുള്ള വളരെ കട്ടികുറഞ്ഞ കവറുകള്‍ പഴം പച്ചക്കറി കടകളിലും മത്സ്യ-മാംസ വില്പന കേന്ദ്രങ്ങളിലുമാണ് അധികവും ഉപയോഗിക്കുന്നത്.
ശ്വാസ തടസ്സം ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതും ദുര്‍ഗന്ധം വമിക്കുന്നതുമായ പ്ലാസ്റ്റിക് കവറുകള്‍ വില്പന നടത്താനോ സംഭരിക്കാനോ പാടില്ലെന്നിരിക്കെ ഓരോ കടകളിലും വന്‍തോതിലാണ് ഇത്തരത്തിലുള്ള പ്ലാസ്റ്റിക് കവറുകള്‍ ശേഖരിക്കുന്നത്.
ആരോഗ്യവകുപ്പ് അധികൃതര്‍ വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധന നടത്തുമ്പോള്‍ നിരോധിത പ്ലാസ്റ്റിക് കവറുകള്‍ പിടിച്ചെടുക്കാനോ സൂക്ഷിച്ചിരിക്കുന്നവര്ക്കെതിരെ നടപടി സ്വീകരിക്കാനോ തയാറാവാത്തതും പ്ലാസ്റ്റിക് കവര്‍ മാഫിയ തഴച്ചുവളരാന്‍ ഇടയാക്കി.
ഹോട്ടലുകളിലും ബേക്കറികളിലും ആഹാര സാധനങ്ങള്‍ പൊതിയുന്ന കനംകുറഞ്ഞ പ്ലാസ്റ്റിക് പേപ്പര്‍ പോലും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതാണ്. മോശപ്പെട്ട പ്ലാസ്റ്റിക് റീ സൈക്ലിങ് ചെയ്ത് കിട്ടുന്ന ഉല്പന്നമാണിവയെന്ന റിപ്പോര്‍ട്ടുകളും അവഗണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.