പെരുംകുളം വില്ലേജ് ഓഫിസ് പ്രവര്‍ത്തനം അവതാളത്തില്‍
text_fieldsകാട്ടാക്കട: പെരുംകുളം വില്ലേജ് ഓഫിസിൽ ജീവനക്കാരുടെ അനാസ്ഥമൂലം വിവിധ ആവശ്യങ്ങള്‍ക്കായെത്തുന്നവര്‍ ബുദ്ധിമുട്ടുന്നു. മോശം പെരുമാറ്റവും തോന്നിയപടിയുള്ള ഓഫിസ് പ്രവര്‍ത്തനവും പ്രതിഷേധത്തിനിടയാക്കുന്നു. മാസങ്ങളായി വില്ലേജ് ഓഫിസിനെക്കുറിച്ച് പരാതികളുടെ പ്രളയമാണ്. പോക്കുവരവ്, വിവിധ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവക്കെത്തുന്ന നിരവധിപേരാണ് ദിവസവും നിരാശയോടെയാണ് മടങ്ങുന്നത്. വൈകിയെത്തുന്ന ജീവനക്കാരും നേരത്തെ ഉറങ്ങുന്ന ഓഫിസും നാട്ടുകാര്‍ക്ക് ശാപമായി. ഇവിടെ വില്ലേജ് ഓഫിസറെ കാണണമെങ്കില്‍ ഭാഗ്യം വേണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി വില്ലേജ് ഓഫിസിലെത്തുന്നവര്‍ നന്നേ വലയുന്നു. മണിക്കൂറുകള്‍ കാത്തുനിന്നാല്പോലും അപേക്ഷപോലും നല്‍കാനാകാത്ത സ്ഥിതി.
വസ്തു ഈട് വെച്ച് വായ്പ തരപ്പെടുത്തേണ്ടവര് സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ദിവസങ്ങളോളം കയറിയിറങ്ങണം. മാസങ്ങള്‍ക്കുമുമ്പ് നല്കിയ പോക്കുവരവ് അപേക്ഷകള്‍ പോലും തീര്‍പ്പാക്കിയിട്ടില്ല. വൈദ്യുതി ഇല്ല, നെറ്റ് തകരാര്‍ തുടങ്ങിയ കാരണങ്ങള്‍ നിരത്തിയാണ് വില്ലേജ് ഓഫിസിലെത്തുന്ന നിർധനരായ അപേക്ഷകരെ ജീവനക്കാര്‍ പറഞ്ഞയക്കുന്നത്. വില്ലേജ് ഓഫിസിന്റെ അനാസ്ഥയെക്കുറിച്ച് താലൂക്ക് ഓഫിസില്‍ പരാതിപ്പെട്ടാലും നടപടി ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.സബ് രജിസ്ട്രാർ ഓഫിസുകളില്‍ ആധാരം രജിസ്റ്റര്‍ ചെയ്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും പെരുംകുളം വില്ലേജില്‍ പോക്കുവരവ് ചെയ്ത് ഭൂനികുതി സ്വീകരിക്കുന്നില്ല. വില്ലേജ് ഓഫിസില്‍നിന്ന് സേവനം വൈകിപ്പിക്കുന്നത് അഴിമതിക്കുവേണ്ടിയാണെന്നും ഇതിനെതിരെ നടപടിവേണമെന്നുമുള്ള ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.