വിഴിഞ്ഞം-നാവായിക്കുളം റിങ് റോഡ്: വസ്തു വിട്ടുകൊടുക്കേണ്ട ഭൂഉടമകള്‍ പ്രതിസന്ധിയിൽ; ആധാരം റവന്യൂ വകുപ്പിന് കൈമാറിയത് ഇരുട്ടടി
text_fieldsകാട്ടാക്കട: വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ്റോഡ് നിര്‍മാണത്തിന് വസ്തു വിട്ടുകൊടുക്കേണ്ട ഭൂഉടമകള്‍ ദുരിതത്തിലായി. ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതോടെ ഭൂഉടമകള്‍ അസ്സല് ആധാരങ്ങളും അനുബന്ധരേഖകളും റവന്യൂ അധികൃതര്‍ക്ക് കൈമാറി. ഇവര്‍ ഇപ്പോള്‍ നഷ്ടപരിഹാരത്തിനായി നെട്ടോട്ടമോടുകയാണ്. ഭൂഉടമകളുടെ രേഖകള്‍ കൈക്കലാക്കിയ അധികൃതര്‍ അവര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരം നല്‍കാതായതോടെ നിരവധിപേര്‍ ദുരിതത്തിലായി. ബാങ്കുകളില്‍ പണയപ്പെടുത്തിയിരുന്ന ആധാരങ്ങള്‍ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും വായ്പ വാങ്ങി ബാങ്കിലെ ബാധ്യത തീർത്ത് ആധാരം നൽകി കടക്കെണിയിലായവരും നിരവധിയാണ്. പകരം ഭൂമിക്കും കെട്ടിടത്തിനും അഡ്വാന്‍സ് നല്കിയവരും, വിവാഹ നിശ്ചയം നടത്തിയവരും വെട്ടിലായി.
ആറ് മാസം കാലാവധിക്കുള്ളില്‍ അഡ്വാന്‍സ് തുക കഴിച്ച് ബാക്കി പണം നല്കി ഭൂമി വാങ്ങാമെന്ന കരാര്‍ എഴുതിയ നിരവധിപേര്‍ വെട്ടിലായി. സംസ്ഥാന സർക്കാർ കരാർ ഒപ്പിടാൻ വൈകിയതാണ് വിഴിഞ്ഞം- നാവായിക്കുളം ഔട്ടർ റിങ് റോഡിന്റെ നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് അറിയുന്നത്. സംസ്ഥാന സർക്കാറിന്റെ താൽപര്യപ്രകാരമാണ് ദേശീയപാത അതോറിറ്റി നിർമാണ നടപടികൾ മൂന്നുവർഷം മുമ്പ് ആരംഭിച്ചത്. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് എൻ.എച്ച്.എ.ഐ സംസ്ഥാന സർക്കാറിനെ പലവട്ടം സമീപിച്ചെങ്കിലും തീരുമാനമായിട്ടില്ല. സ്ഥലമേറ്റെടുക്കൽ ചെലവിന്റെ 50 ശതമാനം സംസ്ഥാനമാണ് വഹിക്കേണ്ടത്. കിളിമാനൂർ, വെമ്പായം, വിളപ്പിൽശാല, നെയ്യാറ്റിൻകര പ്രദേശങ്ങളിലെ താല്‍ക്കാലിക തഹസിൽദാർ ഓഫിസുകൾക്ക് മുന്നിൽ സമരമിരിക്കാൻ ഒരുങ്ങുകയാണ് ഭൂമി വിട്ടുനൽകിയവർ. ഇതിനായി നാട്ടുകാര്‍ കര്‍മസമിതിയും രൂപവത്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.