ഡ്രൈവിങ് ലൈസന്‍സ്; കാട്ടാക്കട താലൂക്കിൽ നീണ്ട കാത്തിരിപ്പ്
text_fieldsകാട്ടാക്കട: കാട്ടാക്കട താലൂക്ക് നിവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് കിട്ടണമെങ്കില്‍ മാസങ്ങള്‍ കാത്തിരിക്കണം. ലേണേഴ്സ് വിജയിച്ച് ഡ്രൈവിങ് പരിശീലനം പൂര്‍ത്തിയാക്കിയ നാലായിരത്തോളം പേരാണ് ഡ്രൈവിങ് ടെസ്റ്റിനായി കാത്തിരിക്കുന്നത്. കാട്ടാക്കട സബ് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസിന്റെ കീഴില്‍ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമാണ് ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നത്. ജില്ലയിലെ മറ്റ് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസുകളില്‍ അഞ്ചും ആറും ദിവസം ടെസ്റ്റ് നടത്തുമ്പോഴാണിത്.
പ്ലസ് ടു പഠനം കഴിഞ്ഞ് വേനലവധിക്കാലത്ത് ലൈസന്‍സിനായി ഡ്രൈവിങ് പരിശീലനം പൂര്‍ത്തിയാക്കിയ നിരവധി വിദ്യാർഥികള്‍ക്ക് ലൈസന്‍സ് നേടാനായില്ല. ഗതാഗതവകുപ്പിന്റെ അനാസ്ഥയാണ് കാരണം. ഇത്തരത്തില്‍ നിരവധിപേര്‍ ഡ്രൈവിങ് ലൈസന്‍സ് മോഹം ഉപേക്ഷിച്ച് ഉന്നതവിദ്യാഭ്യാസത്തിനുവേണ്ടി സംസ്ഥാനം വിട്ടുപോയി. വിദേശത്തേക്കും സംസ്ഥാനംവിട്ടും പോകുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്.
ജില്ലയിലെ മറ്റ് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസുകളില്‍ രണ്ടിലേറെ മോട്ടോര്‍ വെഹിക്കിള്‍ ഇന്സ്പെക്ടർമാരുള്ളപ്പോള് കാട്ടാക്കടയിലുള്ളത് ഒരാള്‍ മാത്രം. തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളില്‍ പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ മുളമൂട് കുറകോണത്തുള്ള ഗ്രൗണ്ടിലാണ് ദിവസവും 40 പേര്‍ക്കായി ടെസ്റ്റ് നടത്തുന്നത്. പ്രതികൂല കാലാവസ്ഥയും പുതിയ പരിഷ്കാരങ്ങളും കാരണം പകുതിയോളം പേരേ വിജയിക്കുന്നുള്ളൂ. പരിശീലനം പൂര്‍ത്തിയായവര്‍ക്ക് എല്ലാദിവസവും ഡ്രൈവിങ് ടെസ്റ്റ് നടത്തി ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിനും കാട്ടാക്കട പ്രദേശത്തെ റോഡിലെ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനും ആവശ്യത്തിന് ജീവനക്കാരെ നിയോഗമിക്കണമെന്ന ആവശ്യം ശക്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.