യുവതിയെ കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യ; പൂർവവൈരാഗ്യമെന്ന് നാട്ടുകാർ
text_fieldsകാട്ടാക്കട: യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ആത്മഹത്യ ചെയ്തതിന്റെ പിന്നില്‍ പൂർവവൈരാഗ്യമെന്ന് സൂചന. കുരുതംകോട് വെട്ടുവിളവീട്ടിൽ റീജയെ കഴുത്തറുത്ത് കൊന്നശേഷം ഒപ്പം താമസിച്ച കുരുതംകോട് പാലയ്ക്കൽ ഞാറവിളവീട്ടിൽ പ്രമോദ് ആത്മഹത്യചെയ്തതായാണ് പൊലീസ് നല്കുന്ന വിവരം. ഈ കടുംകൈക്ക് പ്രമോദിനെ പ്രേരിപ്പിച്ചത് പൂര്വവൈരാഗ്യമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൂലിപ്പണിക്കാരനാണ് പ്രമോദ്. കലക്ഷൻ ഏജന്റായി ജോലി ചെയ്യുകയായിരുന്നു റീജ.
ഭര്‍ത്താവ് ഉപേക്ഷിച്ചശേഷം മക്കളോടൊപ്പം താമസിച്ചുവരവെയാണ് റീജ പ്രമോദുമായി അടുപ്പത്തിലായത്. ഇതിനിടെ, റീജയുടെ പരാതിയില്‍ പ്രമോദ് ഏറെക്കാലം ജയിലിലായി. എന്നാല്‍, ജയിലിൽനിന്ന് മോചിപ്പിക്കാൻ അഭിഭാഷകനെ നിയോഗിച്ചതും ജാമ്യം നിന്നതും റീജയായിരുന്നു. ജയിലില്‍നിന്ന് പുറത്തിറങ്ങിയ പ്രമോദ് പിന്നീട് ഒപ്പം കൂടിയെങ്കിലും കടുത്ത വൈരാഗ്യം വെച്ചുപുലര്‍ത്തിയിരുന്നതായാണ് നാട്ടുകാരില്‍ ചിലര്‍ നല്കിയ സൂചന. ഏറെക്കാലം ജയിലില്‍ കിടത്തിയതിന്റെ വിഷമം പ്രമോദ് സുഹൃത്തുക്കളോട് പങ്കുവെച്ചിരുന്നു. മാതാപിതാക്കള്‍ മരിച്ച ശേഷം പ്രമോദ് ഒറ്റക്കാണ് താമസം. റീജ പ്രമോദിന് പതിവായി വീട്ടിൽ ആഹാരം എത്തിച്ചിരുന്നു. വ്യാഴാഴ്ച പ്രമോദിന്റെ വീട്ടിൽ ഭക്ഷണവുമായി പോയ റീജയെ കാണാതായതോടെ ബന്ധുക്കള്‍ പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തില്‍ റീജയുടെ മൊബൈൽ ടവർ ലൊക്കേഷൻ മനസ്സിലാക്കി നടത്തിയ തിരച്ചിലാണ് വെള്ളിയാഴ്ച രാത്രിയോടെ റീജയും ഒപ്പം പ്രമോദിനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. റൂറല്‍ പൊലീസ് ചീഫ് കിരണ്‍ നാരായണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സ്ഥലത്തെത്തിയത്.
മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം സംസ്കരിച്ചു. പിതാവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് റീജയുടെ സംരക്ഷണയിലാണ് മക്കൾ കഴിഞ്ഞിരുന്നത്. ഇരുവരുടെയും മൃതദേഹങ്ങൾ ബന്ധുവീടുകളിലാണ് സംസ്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.