കാര്യവട്ടം കാമ്പസിലെ ഇടിമുറി മർദനം: സംഘർഷം; പ്രതിഷേധം കടുപ്പിച്ച് കെ.എസ്.യു
text_fieldsകഴക്കൂട്ടം: കാര്യവട്ടം കാമ്പസിൽ കെ.എസ്.യു പ്രവർത്തകനെ എസ്.എഫ്.ഐക്കാർ ഇടിമുറയിൽ പൂട്ടിയിട്ട് മർദിച്ച സംഭവത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ശ്രീകാര്യം പൊലീസ് നാല് കേസുകൾ രജിസ്റ്റർ ചെയ്തു.
മൂന്ന് കേസുകൾ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെയും ഒന്ന് എം.എൽ.എമാരായ എം. വിൻസെൻറ്, ചാണ്ടി ഉമ്മൻ എന്നിവർ ഉൾപ്പെടെ കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയുമാണ്.
കഴിഞ്ഞദിവസം രാത്രി കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറിയും കാര്യവട്ടം കാമ്പസിലെ വിദ്യാർഥിയുമായ സാൻജോസിനെ എസ്.എഫ്.ഐക്കാർ ഇടിമുറിയിലിട്ട് മർദിച്ചെന്നാണ് കെ.എസ്.യു ആരോപണം. രാത്രി എട്ടോടെ കാര്യവട്ടം കാമ്പസിലാണ് സംഘർഷം തുടങ്ങിയത്. മർദനത്തിൽ പരിക്കേറ്റ സാൻജോസ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
മർദിച്ച എസ്.എഫ്.ഐക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എസ്.യു പ്രവർത്തകർ അർധരാത്രിയോടെ ശ്രീകാര്യം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഇവിടേക്ക് എസ്.എഫ്.ഐ പ്രവർത്തകർ കൂടി എത്തിയതോടെ ചേരിതിരിഞ്ഞ് പോർവിളി നടത്തി. ഇതിനിടെ എം.എൽ.എമാരായ ചാണ്ടി ഉമ്മനും എം. വിൻസെൻറും സ്ഥലത്തെത്തി. കാറിൽനിന്നിറങ്ങിയ വിൻസെന്റിനെ എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞ് കൈയേറ്റം ചെയ്യാൻ ശ്രമിച്ചു.
ഇതോടെ സ്റ്റേഷനു മുന്നിൽ ഇരുകൂട്ടരും തമ്മിൽ സംഘർഷമുണ്ടായി. കെ.എസ്.യു മാർ ഇവാനിയോസ് കോളജ് യൂനിറ്റ് സെക്രട്ടറി ആദിനാഥിനും സി.പി.ഒ സന്തോഷിനും പരിക്കേറ്റു. കാമ്പസിലെ സംഘർഷം ആസൂത്രിതമായിരുന്നെന്നും കെ.എസ്.യു നേതാവ് സാൻജോസ് പുറത്തുനിന്നുള്ളവരെ കൂട്ടിയെത്തി ആക്രമിക്കുകയായിരുന്നെന്നും എസ്.എഫ്ഐ ആരോപിച്ചു. കഴിഞ്ഞ ദിവസം പുലർച്ച രണ്ടുവരെ നീണ്ട സംഘർഷം ഇരുകൂട്ടരുടെയും പരാതികളിൽ കേസെടുക്കുമെന്ന ഉറപ്പിലാണ് അവസാനിച്ചത്.
കാര്യവട്ടം കാമ്പസ് സംഭവം: കെ.എസ്.യു മാർച്ചിൽ സംഘർഷം
തിരുവനന്തപുരം: കാര്യവട്ടം കാമ്പസിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എം.എൽ.എമാർക്കെതിരെ കേസെടുത്തതിനെതിരെ കെ.എസ്.യു നടത്തിയ സെക്രേട്ടറിയറ്റ് മാർച്ചിൽ സംഘർഷം. ബുധനാഴ്ച വൈകീട്ടോടെയുണ്ടായ പ്രതിഷേധത്തിൽ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.
പ്രതിഷേധം സംഘർഷത്തിലെത്തി ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് പ്രവർത്തകർക്കുനേരെ മൂന്ന് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു.
സംഘർഷത്തിനുപിന്നാലെ എം.ജി റോഡ് ഉപരോധിച്ച പ്രവർത്തകർ സംസ്കൃത കോളജിനുമുന്നിലുണ്ടായിരുന്ന എസ്.എഫ്.ഐയുടെ ബാനറുകൾ വലിച്ചുകീറി.
കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറി സാൻജോസിനെ തട്ടിക്കൊണ്ടുപോയി ഹോസ്റ്റൽ റൂമിൽ വിചാരണ നടത്തി മർദിച്ച എസ്.എഫ്.ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യാത്തതിലും കെ.എസ്.യു നേതാക്കൾ നടത്തിയ ശ്രീകാര്യം പൊലീസ് സ്റ്റേഷൻ ഉപരോധത്തിൽ ഐക്യദാർഢ്യം അറിയിച്ച് പങ്കെടുത്ത എം.എൽ.എമാരായ എം. വിൻസെന്റിനെയും ചാണ്ടി ഉമ്മനെയും കള്ളക്കേസിൽ കുടുക്കിയ പൊലീസ് നടപടിയിലും പ്രതിഷേധിച്ചായിരുന്നു മാർച്ച്. കെ.എസ്.യു തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ഇടിമുറികൾ കൊണ്ട് സൃഷ്ടിക്കുന്ന ചെങ്കോട്ടകൾ കെ.എസ്.യു തകർത്തെറിയുമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ പറഞ്ഞു. സംഭവം ആദ്യത്തേതല്ല, അക്രമരാഷ്ട്രീയവും ജനാധിപത്യവിരുദ്ധ നിലപാടും മുഖമുദ്രയാക്കിയ എസ്.എഫ്.ഐക്ക് ഇനി അൽപ്പായുസ്സാണെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.യു ജില്ല വൈസ് പ്രസിഡന്റ് അഷ്കർ നേമം അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ആദേഷ് സുധർമൻ, സച്ചിൻ ടി. പ്രദീപ്, പ്രിയങ്ക ഫിലിപ്പ്, ആസിഫ് മുഹമ്മദ്, എം.എ. ആസിഫ്, ജിഷ്ണു രാഘവ്, കൃഷ്ണകാന്ത്, നെസിയ മുണ്ടപ്പള്ളി, ജില്ല ഭാരവാഹികളായ എം.എസ്. അഭിജിത്ത്, എസ്.പി. പ്രതുൽ, അൽ ആസാദ് തുടങ്ങിയവർ പങ്കെടുത്തു.
രജിസ്ട്രാറോട് റിപ്പോർട്ട് തേടി വി.സി
തിരുവനന്തപുരം: കാര്യവട്ടം കാമ്പസിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ സംഘർഷം സംബന്ധിച്ച് കേരള സർവകലാശാല വി.സി റിപ്പോർട്ട് തേടി. സമഗ്രമായി അന്വേഷിച്ച് 48 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് തരണമെന്നാണ് വി.സി ഡോ. മോഹൻ കുന്നുമ്മൽ രജിസ്ട്രാർ കെ.എസ്. അനിൽകുമാറിന് നൽകിയ നിർദേശം.
കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറി സാഞ്ചോസിനെ എസ്.എഫ്.ഐ പ്രവർത്തകർ തട്ടിക്കൊണ്ടുപോയി കാര്യവട്ടം കാമ്പസിലെ ഇടിമുറിയിലിട്ട് മർദിച്ചെന്നാണ് പരാതി. മറ്റു വിദ്യാർഥികൾ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി സാഞ്ചോസിനെ ആശുപത്രിയിലേക്ക് മാറ്റി. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രാത്രി 11.30ഓടെ ചാണ്ടി ഉമ്മൻ എം.എൽ.എയുടെ നേതൃത്വത്തിൽ കെ.എസ്.യു പ്രവര്‍ത്തകര്‍ ശ്രീകാര്യം പൊലീസ് സ്റ്റേഷന് ഉപരോധിച്ചു.
സ്ഥലത്തെത്തിയ എസ്.എഫ്.ഐ പ്രവർത്തകർ കെ.എസ്.യുവിന് പിന്തുണയുമായി എത്തിയ എം. വിൻസെന്റ് എം.എൽ.എയെ മർദിച്ചതോടെ സംഘർഷം കനത്തു.
ശ്രീകാര്യം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചതുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മനും എം. വിൻസെന്റിനുമെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് കെ.എസ്.യു നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് സംഘർഷത്തിൽ കലാശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.