ബഹുസ്വരത അവസാനിക്കുകയാണെന്ന ആശങ്ക വളരുന്നു -മുഖ്യമന്ത്രി
text_fieldsകഴക്കൂട്ടം: ചിക്കാഗോയിലെ ലോകമത പാർലമെന്റിനു ശേഷം ചരിത്രത്തിൽ അടയാളപ്പെടുത്തിയ ആലുവ സർവമത സമ്മേളനത്തിന്റെ ദർശനം നൂറ്റാണ്ട് കഴിയുമ്പോഴും സജീവമായി ചർച്ച ചെയ്യപ്പെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 1924ൽ ആലുവ അദ്വൈതാശ്രമത്തിൽ നടന്ന സർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷം ചെമ്പഴന്തി ശ്രീനാരായണഗുരുകുലത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
മതങ്ങളുടെ പേരിൽ കലഹിക്കുകയും അന്യമത വിദ്വേഷം അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് നാടിനെ മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നു. മതേതര രാഷ്ട്രത്തിലെ മതസൗഹാർദ ജീവിതത്തിൽ മതചിന്തകൾ ഉയർത്തി അധികാരമുറപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ഇന്ന് നടക്കുന്നത്.
രാഷ്ട്രത്തിന്റെ ബഹുസ്വരത അവസാനിക്കുകയാണെന്ന ആശങ്ക വളരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, മേയർ ആര്യ രാജേന്ദ്രൻ, കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബി. സുരേഷ് കുമാർ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ, മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, സാംസ്കാരിക വകുപ്പ് ഡയറക്ടർ മായ, സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ്, കൗൺസിലർ ചെമ്പഴന്തി ഉദയൻ, ശ്രീനാരായണ അന്തർദേശീയ പഠനകേന്ദ്രം ഡയറക്ടർ എസ്. ശിശുപാലൻ എന്നിവർ സംസാരിച്ചു. ആലുവ സർവമത സമ്മേളനത്തിന്റെ ലഘുചരിത്രം അടങ്ങിയ മതമൈത്രിയുടെ മഹാസന്ദേശം എന്ന പി.ആർ.ഡി പ്രസിദ്ധീകരിച്ച പുസ്തകം മുഖ്യമന്ത്രി പ്രകാശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.