തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകളിൽ നിന്ന് പണം തട്ടിയ സംഭവം: അന്വേഷണം തമിഴ്‌നാട്ടിലേക്ക്
text_fieldsപോത്തൻകോട്: തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകളെ ലോൺ നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് പണം തട്ടിയ കേസിൽ അന്വേഷണം തമിഴ്‌നാട്ടിലേക്ക്. ഇവർ കൈമാറിയ പണം ഈറോഡ് കേന്ദ്രമായി പ്രവർത്തിക്കുന്ന ബാങ്കിലാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ബാങ്കുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂവെന്ന് പോത്തൻകോട് പൊലീസ് ഇൻസ്‌പെക്ടർ ഡി. ഗോപി പറഞ്ഞു.
എന്നാൽ ഇവർ നൽകിയ മൊബൈൽ നമ്പർ നിലവിലില്ലെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. പാലോട്ടുകോണം കോളനി നിവാസികളായ 21 സ്ത്രീകളെ കൂടാതെ മംഗലപുരം പൊലീസ്സ്റ്റേഷൻ പരിധിയിലെ അപ്പോളോ കോളനിയിലെ 11 പേരടങ്ങുന്ന 18 ഗ്രൂപ്പുകളിൽ നിന്നും സമാന രീതിയിൽ പണം തട്ടിയതായി പൊലീസിന് പരാതി ലഭിച്ചു. ശക്തി ഫൈനാൻസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരെന്ന് പരിചയപ്പെടുത്തി എത്തിയ രണ്ടു പേരാണ് തട്ടിപ്പു നടത്തിയതെന്നാണ് കബളിപ്പിക്കപ്പെട്ട സ്ത്രീകൾ പോത്തൻകോട് പൊലീസിലും മംഗലപുരം പൊലീസിലും നൽകിയ പരാതിയിൽ പറയുന്നത്.
പാവപ്പെട്ട വീട്ടമ്മമാരെ സമീപിച്ച് ഗ്രൂപ്പ് ലോൺ സംഘടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇത്തരം സംഘങ്ങൾ തട്ടിപ്പ് നടത്തുന്നത്. ഒരാളിന് 50000 രൂപ വീതം ലോൺ അനുവദിച്ചെന്നും അതിെൻറ പ്രോസസിങ് ചാർജ്ജായി 2000 രൂപ വീതം വേണമെന്നും പറഞ്ഞതനുസരിച്ച് ഓരോരുത്തരും രണ്ടായിരം രൂപ വീതം അവർ പറഞ്ഞ അക്കൗണ്ടിലേക്ക് നൽകുകയായിരുന്നു.
ലോൺ തുക നൽകാമെന്നു പറഞ്ഞ ദിവസം വിളിച്ചപ്പോൾ അവർ നൽകിയ നമ്പർ പ്രവർത്തനരഹിതമാണെന്ന് മനസിലായി. തമിഴ് നാട്ടിലും കേരളത്തിലുമായി പ്രവർത്തിക്കുന്ന സ്ഥാപനമാണെന്നു വിശ്വസിപ്പിച്ചായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്. സമാന രീതിയിൽ ജില്ലയിലെ പല സ്ഥലങ്ങളിലും ഇത്തരം സംഘങ്ങൾ തട്ടിപ്പ് നടത്തിയിട്ടുള്ളതായും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.