മൊബൈൽ ടവറിനടിയിലെ ‘ഏറുപടക്കം’ ഭീതി പരത്തി
text_fieldsമൊബൈൽ ടവറിന്റെ അടിയിൽ കണ്ട പടക്കം എന്ന്
തോന്നിക്കുന്ന പേപ്പർ പന്ത്
കഴക്കൂട്ടം: മേനംകുളത്ത് മൊബൈൽ ടവറിന്റെ അടിയിൽ ഏറുപടക്കം കണ്ടെത്തിയത് ഭീതി പരത്തി. തുടർന്ന് നടത്തിയ പരിശോധനക്കൊടുവിൽ അത് വെറും പേപ്പറാണെന്ന് മനസ്സിലായതോടെ അഭ്യൂഹം അവസാനിച്ചു.
മേനംകുളം മരിയൻ എഡ്യുസിറ്റിക്ക് എതിർവശത്തെ മൊബൈൽ ടവറിന്റെ അടിയിലാണ് പൊതി കണ്ടത്. വഴിയാത്രക്കാരാണ് മൊബൈൽ ടവറിന്റെ കൺട്രോൾ യൂനിറ്റിനടിയിൽ ഏറുപടക്കം പോലെ തോന്നിക്കുന്ന ചുവന്ന നൂല് കൊണ്ട് വരിഞ്ഞുകിട്ടിയ വസ്തു കണ്ടത്. ഉടൻ കഴക്കൂട്ടം സ്റ്റേഷനിൽ അറിയിച്ചു. കഴക്കൂട്ടം എസ്.എച്ച്.ഒയും എസ്.ഐയുമടങ്ങുന്ന പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് ബോംബ് ഡിറ്റൻക്ഷൻ സ്ക്വാഡിനെയും ഡോഗ് സ്ക്വാഡിനെയും വിവരമറിയിച്ചു.സ്നിഫർ ഡോഗ് മണത്തപ്പോൾതന്നെ ഇതിൽ വെടിമരുന്ന് ഇല്ലെന്ന് മനസ്സിലായി. തുടർന്ന് പൊതി അഴിച്ചപ്പോഴാണ് സംഗതി സാരമുള്ളതല്ലെന്ന് മനസ്സിലായത്. സമീപത്തെ വീട്ടിലെ കുട്ടികൾ കളിക്കാനായി പേപ്പർ ചുരുട്ടി നൂൽ ചുറ്റിയുണ്ടാക്കിയ പന്തായിരുന്നു അത്. ഒരു മണിക്കൂറിനകം അഭ്യൂഹം മാറിയതോടെ പൊലീസിനും ആശ്വാസം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.