നിരോധിത വലകൾ ഉപയോഗിച്ച് മത്സ്യബന്ധനം
text_fieldsകഴക്കൂട്ടം: ദൂരപരിധി ലംഘിച്ച് റിങ് വലകളുപയോഗിച്ച് മത്സ്യബന്ധനം നടത്തിയ സംഘത്തെയും ബോട്ടുകളെയും വേളി സൗത്ത് തുമ്പയിൽ മത്സ്യത്തൊഴിലാളികൾ തടഞ്ഞുവെച്ചു. താഴംപള്ളി, വർക്കല എന്നിവിടങ്ങളിൽ നിന്നുവന്ന അഞ്ച് വള്ളങ്ങളെയും 16 മത്സ്യത്തൊഴിലാളികളെയുമാണ് തടഞ്ഞുവെച്ചത്.
സംഭവമറിഞ്ഞ് തുമ്പയിൽനിന്നും കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ നിന്നും പൊലീസ് സംഘമെത്തി. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയാകുന്ന രീതിയിൽ സ്ഥിരമായി വലിയ വള്ളങ്ങളും നിരോധിത വലകളും ഉപയോഗിച്ച് ഇത്തരം സംഘങ്ങൾ മത്സ്യബന്ധനം നടത്തുന്നത് പതിവായ സാഹചര്യത്തിലാണ് ഇവരെ മത്സ്യത്തൊഴിലാളികൾ തടഞ്ഞുവെച്ചത്.
ഞായറാഴ്ച രാവിലെ കടലിൽ വെച്ചായിരുന്നു വേളിയിലെ മത്സ്യത്തൊഴിലാളികൾ അഞ്ച് വള്ളങ്ങളെയും 16 തൊഴിലാളികളെയും തടഞ്ഞ് സൗത്ത് തുമ്പയിലെ കടപ്പുറത്തെത്തിച്ചത്. പിന്നീട് തടഞ്ഞുവെച്ച വള്ളങ്ങളെയും മത്സ്യത്തൊഴിലാളികളെയും തുമ്പ പൊലീസ് അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസിന് കൈമാറി.
ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് പൊലീസിൽനിന്ന് വലിയവേളി ഇടവക വികാരിക്കും വാർഡ് കൗൺസിലറിനും ലഭിച്ച ഉറപ്പിന്മേലാണ് വലിയവേളിയിലെ മത്സ്യത്തൊഴിലാളികൾ വള്ളങ്ങളെയും തൊഴിലാളികളെയും മോചിപ്പിച്ചത്.
എന്നാൽ, താഴംപള്ളിയിലെ വള്ളം വലിയ വേളിയിലെ മത്സ്യത്തൊഴിലാളികൾ തട്ടിക്കൊണ്ടുപോയി എന്ന പരാതിയിൽ കഠിനംകുളം ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വലിയ വേളിയിലെത്തി. പൗണ്ട്കടവ് വാർഡ് കൗൺസിലർ ജിഷാ ജോൺ, വലിയ വേളി ഇടവകയിലെ ഫാ. ലെനിൽ ഫെർണാണ്ടസ് എന്നിവർ പൊലീസുമായി ചർച്ച നടത്തി.
ഇനി നിരോധിത വലകൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തി പിടിക്കപ്പെട്ടാൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത മത്സ്യത്തൊഴിലാളികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം പിഴ ഈടാക്കിയതായി കോസ്റ്റൽ പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.