വ്യാജരേഖ നിർമിച്ച് ഡ്രൈവിങ് ബാഡ്ജ് എടുത്തു; പ്രതികൾ മൂന്ന് വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ
text_fieldsകഴക്കൂട്ടം: കഴക്കൂട്ടം ആർ.ടി ഒാഫിസിൽ വ്യാജ സ്കൂൾ സർട്ടിഫിക്കറ്റ് ഹാജരാക്കി ഡ്രൈവിങ് ബാഡ്ജ് കരസ്ഥമാക്കാൻ സഹായിച്ച പ്രതികളെ മൂന്നുവർഷത്തിനുശേഷം കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ മാണിക്കവിളാകം ആസാദ് നഗർ സ്വദേശികളായ അസീം (29), ഫത്തഹുദ്ദീൻ (52) എന്നിവരാണ് പിടിയിലായത്.
കേസിലെ മറ്റൊരു പ്രതി റഹീമിനെ നേരേത്ത പൊലീസ് പിടികൂടിയിരുന്നു. തിരുവനന്തപുരം മഞ്ഞമല സ്വദേശിയായ റഹീമിന് കഴക്കൂട്ടം ആർ.ടി ഒാഫിസിൽനിന്ന് ഡ്രൈവിങ് ബാഡ്ജ് എടുക്കാനാണ് വ്യാജ സ്കൂൾ സർട്ടിഫിക്കറ്റ് നൽകിയത്. റഹീം അറസ്റ്റിലായ വിവരമറിഞ്ഞ് മറ്റുള്ളവർ ഒളിവിൽ പോവുകയായിരുന്നു.
കഴക്കൂട്ടം ആർ.ടി ഒാഫിസിലെ ജോയൻറ് ആർ.ടി ഒാഫിസർക്ക് ബാഡ്ജിനു വേണ്ടി നൽകിയ രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയതിെൻറ അടിസ്ഥാനത്തിൽ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ 2017ലാണ് കേസെടുത്തത്. മൂന്നാം പ്രതി ഫത്തഹുദ്ദീനെതിരെ സമാന കുറ്റകൃത്യത്തിന് മലയിൻകീഴ് സ്റ്റേഷനിൽ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. അസീമിനെ നേരേത്ത തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റൻറ് കമീഷണർ അനിൽകുമാറിെൻറ നിർദേശപ്രകാരം കഴക്കൂട്ടം ഇൻസ്പെക്ടർ എസ്.എച്ച്.ഒ ജെ.എസ്. പ്രവീണിെൻറ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സുരേഷ് ബാബു, വിജയകുമാർ, പ്രൊബേഷൻ എസ്.ഐ ഗോപകുമാർ, സി.പി.ഒമാരായ അരുൺ എസ്. നായർ, സജാദ് ഖാൻ, അൻസിൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.