ഭർത്താവിന്റെ പെൻഷന് കൃത്രിമരേഖ: എ.ഇ.ഒക്കെതിരെ വകുപ്പുതല അന്വേഷണം
text_fieldsകഴക്കൂട്ടം: ഭർത്താവിന്റെ പെൻഷനുവേണ്ടി കൃത്രിമ രേഖകൾ തയാറാക്കി എന്നാരോപിച്ച് കണിയാപുരം എ.ഇ.ഒക്കെതിരെ വകുപ്പുതല അന്വേഷണം. എ.ഇ.ഒ ഓഫിസിലെതന്നെ നൂൺമീൽ ഓഫിസറും സൂപ്രണ്ടും നൽകിയ പരാതിയിലാണ് വകുപ്പുതല അന്വേഷണം ആരംഭിച്ചത്.
എന്നാൽ, ദിവസങ്ങൾ പിന്നിട്ടിട്ടും ഭരണപക്ഷ അധ്യാപക സംഘടനയുടെ സമ്മർദം മൂലം അന്വേഷണം ഇഴയുന്നെന്ന് ആക്ഷേപമുണ്ട്. ഓഡിറ്റുമായി ബന്ധപ്പെട്ട രേഖകൾ തയാറാക്കാനും തിരുത്തലുകൾ വരുത്താനുമാണ് അന്വേഷണം വൈകിപ്പിക്കുന്നതത്രെ. എന്നാൽ, സൂപ്രണ്ടിനും ഓഫിസർക്കും ക്ലർക്കിനുമെതിരെ എ.ഇ.ഒ നൽകിയ പരാതിയും നിലവിലുണ്ട്.
കാട്ടായിക്കോണം യു.പി സ്കൂളിലെ പ്രഥമാധ്യാപകനായിരിക്കെ എ.ഇ.ഒയുടെ ഭർത്താവ് കുട്ടികളുടെ ഉച്ചഭക്ഷണം, പിന്നാക്ക വിഭാഗക്കാർക്കുള്ള ഗ്രാൻറ് തുടങ്ങിയവയിൽ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതായി ഓഡിറ്റിങ്ങിൽ കണ്ടെത്തിയിരുന്നു. അധ്യാപക സംഘടനയുടെ എക്സിക്യുട്ടിവ് അംഗം എന്ന നിലയിൽ പെൻഷൻ തടസ്സമില്ലാതെ കിട്ടാൻ പ്രഥമാധ്യാപകൻ തന്റെ ഭാര്യയെ സംഘടനയുടെ സഹായത്താൽ കണിയാപുരം എ.ഇ.ഒ ആയി നിയമിക്കുകയായിരുന്നത്രെ.
ഓഡിറ്റ് റിപ്പോർട്ട് നൽകുംമുമ്പ് ബാധ്യതകൾ നിലനിൽക്കെ ഭർത്താവിന്റെ പെൻഷൻ സാധ്യമാക്കാൻ എ.ഇ.ഒ ചട്ടവിരുദ്ധമായി ബാധ്യതാരഹിത പത്രം തയാറാക്കി കഴക്കൂട്ടം ട്രഷറിയിൽ നൽകിയെന്നാണ് പരാതിയിൽ പറയുന്നത്. സ്കൂൾ യുവജനോത്സവ സംഭാവനകൾക്ക് തുടങ്ങിയ അക്കൗണ്ട് ഈ ഓഫിസിലുണ്ട് .
ഇതിൽ വരവ് അറിയാമെങ്കിലും ചെലവ് സംബന്ധിച്ച രേഖകളൊന്നും കാഷ് ബുക്കിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. ഈ വർഷവും ഇതേ ഓഫിസിൽനിന്ന് കലോത്സവത്തിനായി കൂപ്പണില്ലാതെ ലക്ഷങ്ങൾ പിരിച്ചെടുത്തു. ഇതിനെതിരെ മാധ്യമ വാർത്തകൾ വന്നിട്ടും അന്വേഷണമുണ്ടായില്ല. സംഭവം പുറത്തായതോടെ പ്രതിപക്ഷ അധ്യാപക സംഘടന പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.