കനത്തമഴയിൽ മുങ്ങി നഗരപ്രദേശങ്ങൾ
text_fieldsകഴക്കൂട്ടം: ശക്തമായ മഴയിൽ നഗരത്തിൽ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി. കഴക്കൂട്ടം മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിലും വിഴിഞ്ഞം-പൂവാർ റോഡിൽ കൊച്ചുപള്ളിക്ക് സമീപത്തെ വീടുകളിലും വെള്ളം കയറി.
കഴക്കൂട്ടത്ത് ചന്തവിള വാർഡിലെ ഉള്ളൂർക്കോണം പ്രദേശത്തെ പത്തിലധികം വീടുകളിലും അംഗൻവാടിയിലും വെള്ളം കയറി. ദുരിതബാധിതരായ പത്തോളം വീടുകളിലെ താമസക്കാരെ മാറ്റിപ്പാർപ്പിച്ചു. ഉള്ളൂർക്കോണം സജീറ മൻസിൽ സജീറയെയും മൂന്നുകുട്ടികളും നീതുഭവനിൽ ബിന്ദുവും രണ്ടു കുട്ടികളും ഉള്ളൂർക്കോണം സ്വദേശി ശ്രീകുമാറും കുടുംബവും എന്നിവരെയാണ് ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചത്.
സമീപപ്രദേശത്തെ പത്തിലധികം വീടുകൾ വെള്ളത്തിലാണ്. ഏക്കർ കണക്കിന് വയലുകൾ ഭൂമാഫിയ വാങ്ങി നീർച്ചാലുകൾ ഉൾപ്പെടെ മണ്ണിട്ടുനികത്തിയതാണ് വീടുകളിൽ വെള്ളം കയറാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. നീർച്ചാലുകൾ നികത്തി ചെറിയ പൈപ്പുകൾ മാത്രം പകരം സ്ഥാപിക്കുകയായിരുന്നു.
മഴ ശക്തമായതോടെ വെള്ളം തെറ്റിയാർതോട്ടിലേക്ക് പോകാതെ സമീപത്തെ വീടുകളിൽ കയറുകയായിരുന്നു. കഴിഞ്ഞ മഴയത്ത് അംഗൻവാടി ഉൾപ്പെടെ പല വീടുകളിലും വെള്ളം കയറിയപ്പോൾ വില്ലേജ് ഓഫിസർ ഉൾപ്പെടെ പരിശോധിച്ച് വേണ്ട നടപടികൾ ചെയ്യാമെന്ന് ഉറപ്പുനൽകി പോയതല്ലാതെ പരിഹാരമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. മഴ കനക്കുന്നതോടെ വീടുകൾ അപകടഭീഷണിയിലാകുമെന്ന് പ്രദേശവാസികൾ പറയുന്നു.
ടെക്നോപാർക്കിലെ സർവിസ് റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ അതുവഴി പോയ കാർ കുടുങ്ങി. വഴിയാത്രക്കാർ ഉൾപ്പെടെയുള്ളവർ വളരെനേരത്തെ പരിശ്രമത്തിനൊടുവിലാണ് കാർ മാറ്റിയത്. തെറ്റിയാർ തോട് നിറഞ്ഞു. രാത്രി മഴ ശക്തയായാൽ ടെക്നോപാർക്ക് ഉൾപ്പെടെ പല പ്രദേശങ്ങളിലും വെള്ളം കയറും.
പൂവാർ: കനത്ത മഴയിൽ വിഴിഞ്ഞം-പൂവാർ റോഡിൽ കൊച്ചുപള്ളിക്ക് സമീപത്തെ വീടുകളിൽ വെള്ളം കയറി. പ്രദേശത്തെ നൂറോളം വീടുകളിലാണ് മലിനജലമടക്കമുള്ള മഴവെള്ളം ഇരച്ചുകയറിയത്. ഇതിൽ രോഷാകുലരായി വീട്ടുകാരും നാട്ടുകാരും ചേർന്ന് റോഡ് ഉപരോധിക്കാൻ നടത്തിയ ശ്രമം പൊലീസ് ഇടപെട്ട് തടഞ്ഞു. വിഴിഞ്ഞം-പൂവാർ റോഡിൽ പുല്ലുവിള സെൻറ് ജേക്കബ് കമ്യൂണിറ്റി ഹാളിന് മുന്നിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
മെയിൻറോഡിനും ഗോതമ്പ് റോഡിനും ഇടക്കുള്ള ആറ്റുലെയ്ൻ, പുതിയതുറ പുരയിടം, ജയ്ഹിന്ദ് ഗ്രൗണ്ടിന് സമീപത്തെ വീടുകൾ എന്നിവിടങ്ങളാണ് വെള്ളത്തിൽ മുങ്ങിയത്. ഓടകളിലെ മാലിന്യം നിറഞ്ഞ വെള്ളം ഉൾപ്പെടെ മഴവെള്ളത്തിൽ കലർന്നാണ് വീടുകൾക്കുള്ളിൽ കെട്ടിനിൽക്കുന്നത്.
കരുംകുളം പഞ്ചായത്തിന് കീഴിലെ ഈ പ്രദേശങ്ങളിൽ മഴക്കാലത്ത് സ്ഥിരമായി ഉണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ എം. വിൻസെൻറ് എം.എൽ.എയുടെ ഫണ്ടിൽ നിന്ന് അഞ്ചോളം പമ്പുസെറ്റുകൾ വാങ്ങി പഞ്ചായത്തിന് നൽകിയിട്ടുണ്ട്. ഇവ ഒന്നുംതന്നെ പ്രവർത്തിപ്പിക്കാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
ഇതിൽ പ്രതിഷേധിച്ചാണ് ശനിയാഴ്ച വൈകീട്ട് ആറോടെ പ്രദേശവാസികൾ സംഘടിച്ച് തെങ്ങിൻകഷണങ്ങളുമായി റോഡ് തടയാൻ എത്തിയത്. സംഭവമറിഞ്ഞ് കാഞ്ഞിരംകുളം സി.ഐ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ്സംഘം ഇവരെ തടഞ്ഞ് മടക്കിയയക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.