അതിവേഗ റെയിൽപാത: അലൈൻമെൻറിനെതിരെ പ്രതിഷേധം
text_fieldsകഴക്കൂട്ടം: തിരുവനന്തപുരം-കാസര്‍കോട് അതിവേഗ റെയിൽപാതക്കുവേണ്ടിയുള്ള അലൈൻമെൻറിനെതിരെ പ്രതിഷേധം.
ജനവാസ മേഖലയിലൂടെ അലൈൻമെൻറ് പ്രഖ്യാപിച്ചതിലാണ് പ്രതിഷേധം. നൂറുകണക്കിന് വീടുകൾ നഷ്ടപ്പെടുന്നതിനൊപ്പം സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും പുതിയ അലൈൻമെൻറ് ഭീഷണിയാണ്.
വെട്ടുറോഡ്-മുരുക്കുംപുഴ ഭാഗത്തെ അലൈൻമെൻറ് സംബന്ധിച്ചാണ് പരാതി ഉയർന്നത്. 2500ലേറെ കുട്ടികൾ പഠിക്കുന്ന 100 വർഷത്തിലറെ പഴക്കമുള്ള കണിയാപുരം ബോയ്സ്, ഗേള്‍സ് സ്കൂള്‍, കണിയാപുരം ടൗണ്‍ മസ്ജിദ് കെട്ടിടം, കുമിളി മുസ്ലിം ജമാഅത്ത്, കരിച്ചാറ മുസ്ലിം ജമാഅത്ത്, മുരുക്കുംപുഴ മുസ്ലിം ജമാഅത്ത്, കോഴിമട ശ്രീ ധര്‍മശാസ്ത്ര ക്ഷേത്രം, അണ്ടൂർക്കോണം പഞ്ചായത്തിലെ പൊതു ശ്മശാനം, നിരവധി കച്ചവട സ്ഥാപനങ്ങൾ തുടങ്ങിയവ നഷ്ടപ്പെടുന്നതിൽ ഉള്‍പ്പെടും.
ആകെയുള്ള വീട് നഷ്ടമാകുമോയെന്ന ആശങ്കയിലാണ് ഇരുന്നൂറിലധികം വീട്ടുടമസ്ഥര്‍.
ശാസ്ത്രീയ പഠനമില്ലാതെയാണ് അലൈന്‍മെൻറ് തയാറാക്കിയിരിക്കുന്നതെന്നാണ് ആക്ഷേപം. മുമ്പ് റെയിൽവേക്കുവേണ്ടി സ്ഥലം ഏറ്റെടുത്തവരുടെ ബാക്കിയുള്ള ഭൂമി നഷ്ടമാകുന്ന രീതിയിലാണ് അലൈൻമെൻറ് തയാറാക്കിയിരിക്കുന്നത്.
കഴക്കൂട്ടം എഫ്.സി.ഐ ഗോഡൗണിനു മുമ്പ് റെയിൽവേ ലൈൻ ക്രോസ് ചെയ്ത് പടിഞ്ഞാറുവശം ചേർന്ന് വരുന്ന രീതിയിൽ മുമ്പ് മറ്റൊരു സർേവ എടുത്തിട്ടുണ്ട്.
അത് പടിഞ്ഞാറുവശം ചേർന്ന് കരിച്ചാറ വരെ പോകുകയാണെങ്കിൽ സ്കൂളുകളും ആരാധനാലയങ്ങളും നൂറോളം വീടുകളും നഷ്ടമാകാതെ പദ്ധതി നടപ്പാക്കാൻ കഴിയുമെന്നിരിക്കെയാണ് പുതിയ അലൈൻമെൻറ്.
അലൈൻമെൻറ് മാറ്റണമെന്നാവശ്യപ്പെട്ട് അണ്ടൂർക്കോണം പഞ്ചായത്ത് പ്രമേയം പാസാക്കി. പുതിയ അലൈൻമെൻറിനെതിരെ നാട്ടുകാർ ചേർന്ന് ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചു.
മുഖ്യമന്ത്രിക്കുള്‍പ്പെടെ ആക്ഷന്‍ കൗണ്‍സിലിെൻറ നേതൃത്വത്തില്‍ പരാതി നല്കി. പരാതിയിൽ പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.