കഴക്കൂട്ടം ആകാശപാത ഉദ്ഘാടനം അനിശ്ചിതത്വത്തിൽ
text_fieldsകഴക്കൂട്ടം: നവംബർ 15ന് തുറക്കുമെന്ന് അറിയിച്ചിരുന്ന കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ ഗതാഗതം ആരംഭിക്കാൻ വൈകും. ഇന്ന് മുതൽ വാഹനങ്ങൾ കടത്തിവിടാനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാൽ, ഗതാഗതത്തിന് ഇന്ന് മേൽപാലം തുറക്കരുതെന്ന് ദേശീയപാത അതോറിറ്റിക്ക് കേന്ദ്രത്തിൽനിന്ന് നിർദേശം ലഭിച്ചു. അടുത്ത ആഴ്ചയിൽ ഏതെങ്കിലും ദിവസം ഉദ്ഘാടനം ഉണ്ടാകുമെന്നാണ് ദേശീയപാത അതോറിറ്റി നൽകുന്ന സൂചന. എന്നാൽ, തീയതി തീരുമാനിച്ചിട്ടില്ല.
ഒക്ടോബർ 21ന് മേൽപാലം സന്ദർശിച്ച പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നവംബർ 15ന് മേൽപാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ദേശീയപാത അതോറിറ്റി റീജനൽ ഓഫിസർ ബി.എൽ. മീനയും ഈ ഉറപ്പാണ് നൽകിയത്. തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കിയിരുന്നു.
കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നിർമിച്ച മേൽപാലത്തിന്റെ ഉദ്ഘാടനം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചതിൽ കേന്ദ്രത്തിന് അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ ഉദ്ഘാടകനായി കൊണ്ടുവരാനാണ് നീക്കം. നിതിൻ ഗഡ്കരിയായിരുന്നു പാലത്തിന്‍റെ നിർമാണോദ്ഘാടനം നടത്തിയത്.
ആകാശപാത ഉദ്ഘാടനത്തിന് സജ്ജമമാണെന്ന് നിർമാണ കമ്പനിയായ ആർ.ഡി.എസ് അധികൃതർ പറഞ്ഞു. അതേസമയം കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തമ്മിലുള്ള ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിൽ ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷമാകും പാലത്തിൽ ഗതാഗതം ആരംഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.