ഐ.ടി ജീവനക്കാരനും മകനും എസ്.എഫ്.ഐ നേതാവിന്റെ മർദനം
text_fieldsകഴക്കൂട്ടം: കാറിന് പിന്നിൽ ബൈക്കിടിച്ചതിനെതുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിൽ ഐ.ടി ജീവനക്കാരനായ പിതാവിനും എൻജിനീയറിങ് വിദ്യാർഥിയായ മകനും മർദനമേറ്റു.
ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന ഐ.ടി കമ്പനിയുടെ ചീഫ് ഓപറേറ്റിങ് സ്റ്റാഫായ മനു മാധവനും തിരുവനന്തപുരം എൻജിനീയറിങ് കോളജിലെ രണ്ടാംവർഷ മെക്കാനിക്കൽ വിദ്യാർഥിയായ മകൻ ആദിത്യക്കുമാണ് മർദനമേറ്റത്. സംഭവത്തിൽ എസ്.എഫ്.ഐ കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗം ആദർശ് എം.പിക്കെതിരെ പൊലീസിൽ പരാതി.
ഇടിവള കൊണ്ടുള്ള മർദനത്തിൽ മനു മാധവന്റെ ഇടത് കൈവിരൽ ഒടിഞ്ഞിട്ടുണ്ട്. മുഖത്തും ദേഹത്തും ഇടിയേറ്റു. ആദിത്യനും മുഖത്തും ശരീരത്തിലും മർദനത്തിന്റെ പാടുണ്ട്. മകനെ മർദിക്കുന്നത് തടഞ്ഞപ്പോഴാണ് പിതാവിന് മർദനമേറ്റത്. ഇരുവരും കഴക്കൂട്ടം മിഷൻ ആശുപത്രിയിൽ ചികിത്സ തേടി. ചൊവ്വാഴ്ച ഉച്ചയോടെ ടെക്നോപാർക്കിന് സമീപമായിരുന്നു സംഭവം. ആദിത്യ കോളജിൽനിന്ന് അറ്റിൻകുഴിക്ക് സമീപത്തെ ഫ്ലാറ്റിലേക്ക് കാറിൽ പോകവെ പിന്നാലെയെത്തിയ ആദർശിന്‍റെ ബൈക്ക് കാറിന് പിന്നിലിടിച്ചു. ഇതേ തുടർന്നായിരുന്നു വാക്കേറ്റമുണ്ടായത്.
വാക്കുതർക്കം രൂക്ഷമായതിനെ തുടർന്ന് ആദിത്യ പിതാവായ മനു മാധവനെ വിളിച്ചുവരുത്തി. സംസാരത്തിനിടെ ആദർശ് പ്രകോപനവുമില്ലാതെ പിതാവിനെയും മകനെയും ആക്രമിക്കുകയായിരുന്നുവെന്നാണ് പരായി. കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ആദർശ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.