കെ റെയില്‍ സമരം ജനങ്ങളുടെ അതിജീവനത്തിനായുള്ള പോരാട്ടം - ജി. സുധാകരന്‍
text_fieldsകഴക്കൂട്ടം: കെ. റെയിൽ വിരുദ്ധ സമരം ജനങ്ങളുടെ അതിജീവനത്തിനായുള്ള പോരാട്ടമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് ജി. സുധാകരന്‍. പൊലീസിനെ ഉപയോഗിച്ച് പിണറായി മര്‍ദ്ദിച്ചൊതുക്കാന്‍ ശ്രമിച്ചിട്ടും പൂര്‍വ്വാധികം ശക്തിയോടെ ജനങ്ങള്‍ സമരരംഗത്ത് ഉറച്ച് നില്‍ക്കുന്നത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. കെ.റെയില്‍ പദ്ധതിക്കെതിരെ ''കെ.റെയില്‍ വേഗതയല്ലിത്, വേദനമാത്രം'' എന്ന മുദ്രാവാക്യമുയർത്തിയുള്ള കെ.പി.സി.സി.യുടെ സാംസ്കാരികസമരയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടിനെ നിലനിര്‍ത്തികൊണ്ടുള്ള വികസനമാണ് വേണ്ടതെന്ന് ജി. സുധാകരന്‍ പറഞ്ഞു. കേരളത്തിലെ ഇടതുപക്ഷത്തിന് എന്തോ സംഭവിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് ജനരോക്ഷം ആളിക്കത്തിക്കുന്ന വീണ്ടുവിചാരമില്ലാത്ത ഇത്തരം പ്രഖ്യാപനങ്ങൾ കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളും ശാസ്ത്രസാഹിത്യ പരിഷത്തടക്കമുള്ള പാര്‍ട്ടിക്കാരും വേണ്ടെന്ന് പറഞ്ഞിട്ടും കെ. റെയില്‍ നടപ്പാക്കുമെന്ന് പിണറായി വാശിപിടിക്കുന്നത് കമീഷന്‍ കിട്ടുന്നത് കൊണ്ടാണെന്നും സുധാകരൻ ആരോപിച്ചു. പദ്ധതിക്കെതിരെ വർദ്ധിച്ചുവരുന്ന ജനവികാരം ഇല്ലാതാക്കാൻ പിണറായി വിജയന് കഴിയില്ലെന്നും മൂന്നര ലക്ഷം കോടി കടമുള്ള കേരളത്തിന് ഈ വൻ കടബാദ്ധ്യത താങ്ങാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വന്തം അണികൾ പോലും തള്ളിപ്പറഞ്ഞ പദ്ധതിയുടെ പിന്നാലെ പോകുന്ന പിണറായി വിജയന്‍ കേരളത്തിന് അപമാനവും അപകടവുമാണെന്നും രണ്ടാം പിണാറായി സർക്കാരിന് ജനരോക്ഷത്തിന്റെ രക്തസാക്ഷിയാകാനാണ് വിധിയെന്നും സുധാകരന്‍ പറഞ്ഞു. കേരളത്തിന് ആവശ്യമില്ലാത്ത കെ.റെയിലിനെതിരെ പതിനായിരത്തോളം സാംസ്കാരിക പ്രവര്‍ത്തകര്‍ ഒപ്പിട്ട പ്രതിഷേധ പത്രിക രാഷ്ട്രപതിക്ക് ഉടനെ സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഉദ്ഘാടനത്തിന് ശേഷം സാംസ്കാരിക ജാഥ നയിക്കുന്ന സാംസ്കാരിക സാഹിതി ചെയർമാൻ ആര്യാടന്‍ ഷൗക്കത്തിന് കെ.പി.സി.സി.പ്രസിഡന്റ് പതാക കൈമാറി. ഡി.സി.സി. പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍, ജാഥാ വൈസ് ക്യാപ്റ്റന്‍ എന്‍.വി പ്രദീപ്കുമാര്‍, മുന്‍ എം.എല്‍.എ എം.എ. വാഹിദ്, വി.ആര്‍. പ്രതാപന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആര്യാടന്‍ ഷൗക്കത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച തെരുവുനാടകമായ ''കലികാലക്കല്ല്'' എന്ന നാടകവും അവതരിപ്പിച്ചു. സംസ്ഥാനത്തുടനീളം നൂറ് സാംസ്‌കാരിക പ്രതിരോധ സദസുകള്‍ സംഘടിപ്പിക്കുന്നുണ്ട്.
നിര്‍ദ്ദിഷ്ട കെ.റെയില്‍ പാതക്കായി സ്ഥലം കണ്ടെത്തിയ 11 ജില്ലകളിലും ഇതിന്റെ ദുരിതം പേറുന്ന ജനങ്ങളുമായി സംവദിക്കുന്ന സമരയാത്ര ഈ മാസം 14ന് കാസര്‍ഗോഡ് സമാപിക്കും. സാംസ്‌ക്കാരിക, രാഷ്ട്രീയ രംഗത്തെ പ്രതിഭകള്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.