കഴക്കൂട്ടത്തെ ദുരിത കാരണം എണ്ണിപ്പറഞ്ഞ് കടകംപള്ളി സുരേന്ദ്രൻ
text_fieldsകഴക്കൂട്ടം: കഴക്കൂട്ടത്തെ ദുരിതത്തിന് കാരണം കൈയേറ്റവും മലിനീകരണവുമെന്ന് പറയുകയാണ് സ്ഥലം എം.എൽ.എയും മുൻമന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ. കഴക്കൂട്ടം, ടെക്നോപാർക്ക്, പൗണ്ട്കടവ്, കുളത്തൂർ പോങ്ങുംമൂട്, കണ്ണമ്മൂല, നെല്ലിക്കുഴി തുടങ്ങി വെള്ളത്തിൽ മുങ്ങിയ പ്രദേശങ്ങളിലാകെ 200ലധികം കെട്ടിടങ്ങളിൽ വെള്ളം കയറിയിരുന്നു.
ടെക്നോപാർക്ക് ഏരിയയിൽ വെള്ളക്കെട്ട് രൂക്ഷമായിരുന്നു. കഴിഞ്ഞ ദിവസത്തെ വെള്ളപ്പൊക്കം കഴക്കൂട്ടത്തെ സംബന്ധിച്ച് മുന്നറിയിപ്പാണെന്നും ഭാവിയിലെ വെള്ളപ്പൊക്ക സാധ്യതകൾ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നുമാണ് അദ്ദേഹം പറയുന്നത്.
ദേശീയ ജലപാത പദ്ധതി സഹായിക്കുമെന്ന്
കഴക്കൂട്ടത്തിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത മഴയും വെള്ളപ്പൊക്കവുമാണ് കഴിഞ്ഞ ദിവസമുണ്ടായത്. 2018 മഹാപ്രളയത്തിൽ പോലും കഴക്കൂട്ടത്തെ സാരമായി ബാധിച്ചിരുന്നില്ല. കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം കഴക്കൂട്ടം ഉൾപ്പെടുന്ന തിരുവനന്തപുരം എയർപോർട്ട് മേഖലയിൽ 24 മണിക്കൂറിൽ പെയ്തിറങ്ങിയത് 211 മി.മീറ്റർ മഴയാണ്.
അതിൽ തന്നെ 80-90 ശതമാനം മഴ രാത്രി പെയ്തു. മഴവെള്ളം ഉടനടി തോടുകളായ ആമയിഴഞ്ചാൻ, തെറ്റിയാർ, പാർവതീപുത്തനാറ് എന്നിവിടങ്ങളിലൂടെ കടലിലേക്ക് എത്തിച്ചേരും.
എന്നാൽ കാലങ്ങളായുള്ള കൈയേറ്റവും മലിനീകരണവും നിമിത്തം ഈ ജലാശയങ്ങൾ ഒഴുക്ക് നിലച്ച മട്ടിലാണെന്ന് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ കുറ്റപ്പെടുത്തുന്നു. കേരള സർക്കാറിന്റെ ഫ്ലാഗ്ഷിപ് പ്രോജക്ടായ ദേശീയ ജലപാത പദ്ധതി പൂർത്തിയാവുന്നതോടെ പാർവതീപുത്തനാറിലെ ഒഴുക്ക് സുഗമമാകുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.
ആമയിഴഞ്ചാൻ തോടിന്റെ ഗതികേട്
തിരുവനന്തപുരം നഗരത്തിന്റെ നീർച്ചാലാണ് ആമയിഴഞ്ചാൻ തോട്. നഗരത്തിൽ പെയ്യുന്ന മഴ മുഴുവൻ കടലിലേക്കെത്തുന്നത് ഈ ചാലിലൂടെയാണ്. മഴക്കാലത്തിന് തൊട്ടുമുമ്പ് മാത്രം മാലിന്യം കോരി മാറ്റുന്ന പ്രവൃത്തികൊണ്ട് കാര്യമില്ല. ശാശ്വത പരിഹാരം വേണം.
കണ്ണമ്മൂല മുതൽ ആക്കുളം വരെ 37 കോടി രൂപയുടെ ബജറ്റ് വിഹിതം ഉപയോഗിച്ച് സംരക്ഷിക്കാൻ പദ്ധതി തയാറാക്കിയിരുന്നു. പദ്ധതി ആരംഭിച്ച് അഞ്ചുവർഷമായിട്ടും ഇറിഗേഷൻ വകുപ്പിലെ ഉദ്യോഗസ്ഥരുടെ അലംഭാവവും കരാറുകാരന്റെ താൽപര്യമില്ലായ്മയും കാരണം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.
കുറ്റിയാണി, ഞാണ്ടൂർക്കോണം, പൗഡിക്കോണം, മണ്ണന്തല, ചെല്ലമംഗലം, ഇടവക്കോട്, നാലാഞ്ചിറ, ഉള്ളൂർ, മെഡിക്കൽ കോളജ്, ആനയറ എന്നിവിടങ്ങളിലും സംരക്ഷണഭിത്തി കെട്ടണമെന്നും ആഴംകൂട്ടി സംരക്ഷിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.