കുളമായി ഐ.ടി നഗരം; സ്വന്തം വീട്ടിൽനിന്ന് താമസം മാറി നാട്ടുകാർ
text_fieldsകഴക്കൂട്ടം (തിരുവനന്തപും): െഎ.ടി നഗരമായ കഴക്കൂട്ടത്തെ പാലസ് നഗറിലേക്കുള്ള പ്രധാന റോഡും പരിസരവും വെള്ളത്തിൽ മുങ്ങിയിട്ട് മാസങ്ങൾ പിന്നിടുന്നു. ചുറ്റുമുള്ള പത്തോളം വീടുകളും വെള്ളത്തിലായി. താമസക്കാർ പലരും വീടുവിട്ട് വാടക വീട്ടിലേക്ക് താമസം മാറി. കുളങ്ങര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവും വെള്ളത്തിൽ മുങ്ങി. മാസങ്ങളായി വെള്ളത്തിൽ നിൽക്കുന്നതിനാൽ പല വീടുകളും തകർച്ചയുടെ വക്കിലാണ്. നിരവധി തവണ അധികാരികൾ സ്ഥലം പരിശോധിച്ചെങ്കിലും ശാശ്വത പരിഹാരം ഇനിയുമുണ്ടായില്ല.
ഉടൻ പരിഹരിക്കാമെന്ന് അധികാരികൾ പലവട്ടം പറഞ്ഞ വാക്കും പാഴ് വാക്കായി. വെള്ളം കയറി കിണറും കക്കൂസും ഒന്നായതോടെ പകർച്ചവ്യാധികൾ പടരുമെന്ന ആശങ്കയിലാണ് പരിസരവാസികൾ. താഴ്ന്ന പ്രദേശമായ ഇവിടെ ഉയരത്തിൽ ബൈപാസ് റോഡ് നിർമിച്ചതോടെയാണ് വെള്ളക്കെട്ട് സ്ഥിരമായത്.എട്ടു വീട്ടിൽപിള്ളമാരുടെ തറവാട് പൊളിച്ച് കുളം തോണ്ടിയ പുതുകുളത്തിലും സമീപ പ്രദേശത്തും മഴക്കാലത്ത് നിറയുന്ന വെള്ളം തെറ്റിയാറിലേക്കാണ് ഒഴുകിയിരുന്നത്.
എന്നാൽ, ദേശീയ പാത നിർമിച്ചതോടെയാണ് ദുരിതം ആരംഭിച്ചത്. റോഡിെൻറ ഉയരം കൂടിയതോടെ പടിഞ്ഞാറുവശത്ത് നിറയുന്ന വെള്ളം തെറ്റിയാറിലേക്ക് പോകാതായി. കഴിഞ്ഞ രണ്ടര വർഷത്തോളമായി ഇവിടത്തെ ജനങ്ങൾ ദുരിതത്തിലാണ്.
റോഡിെൻറ ഉയരം കൂട്ടി ഓട നിർമാണം ഉടൻ ആരംഭിക്കുമെന്ന് തെരഞ്ഞെടുപ്പിനുമുമ്പ് മുൻ മന്ത്രിയും സ്ഥലം എം.എൽ.എയുമായ കടകംപള്ളി സുരേന്ദ്രൻ ഉറപ്പുനൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല.
ദേശീയപാത മുറിച്ച് ഓട നിർമാണത്തിന് ദേശീയപാത അതോറിറ്റി അനുമതി നൽകാത്തതാണ് പ്രധാന കാരണമായി പറയുന്നത്. നഗരസഭയാകട്ടെ, റോഡിെൻറ ഉയരം കൂട്ടിയതല്ലാതെ മറ്റു നടപടികളൊന്നും സ്വീകരിച്ചില്ല.
പുതിയ ഓട നിർമിക്കാനുള്ള ടെൻഡർ നൽകിയതായി ദേശീയപാത അതോറിറ്റി അധികൃതർ പറഞ്ഞിട്ട് മാസങ്ങൾ പിന്നിട്ടു. രണ്ടു തവണ മന്ത്രി മുഹമ്മദ് റിയാസ് സ്ഥലം പരിശോധിച്ച് മടങ്ങിയതല്ലാതെ ഫലമൊന്നുമില്ല. പുതിയ ഓട നിർമിക്കാനുള്ള നടപടികൾ നടക്കുന്നതായി സ്ഥലം എം.എൽ.എ കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വകുപ്പുകളും ജനപ്രതിനിധികളും പരസ്പരം കുറ്റപ്പെടുത്താതെ വെള്ളക്കെട്ടിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.