അമ്മമനസ്സുകൾക്കൊരു സ്നേഹയാത്ര...
text_fieldsകഴക്കൂട്ടം: ജീവിതസായാഹ്നങ്ങളിൽ ഒറ്റപ്പെട്ടുപോയ അമ്മമാർക്ക് സ്നേഹവും സാന്ത്വനവും പകർന്ന് അമ്പതോളം വിദ്യാർഥികൾ. പോത്തൻകോട് എസ്.എൻ.ജി.കെ ബി.എഡ് കോളജിലെ വിദ്യാർഥികളാണ് മുടവൻമുഗൾ ആശ്രയയിലെ അമ്മമാർക്ക് സാന്ത്വന സ്പർശമേകി തങ്ങളുടെ ‘പേരക്കുട്ടികളായി’ മാറിയത്. ഓൾ ഇന്ത്യ വിമൻസ് കോൺഫറൻസ് എന്ന എൻ.ജി.ഒക്ക് കീഴിലെ പ്രായമായ സ്ത്രീകൾക്കായുള്ള ക്ഷേമ കേന്ദ്രമാണ് മുടവൻമുഗളിലെ ആശ്രയ. ഇവിടത്തെ അന്തേവാസികളെയാണ് ഒറ്റപ്പെടലിന്റെ തടവറയിൽനിന്ന് സന്തോഷത്തിന്റെ പുതുലോകത്തേക്ക് വിദ്യാർഥികൾ കൈപിടിച്ചുനടത്തിയത്. വാത്സല്യവും ഊഷ്മളതയും തിരികെ നൽകിയും ഓർമകൾ പങ്കുവെച്ചും അവരും വിദ്യാർഥികളോടൊപ്പം കൂട്ടുചേർന്നു. ലുലുമാളിലാണ് സ്നേഹനിമിഷങ്ങൾ പിറന്നത്.
‘മൂന്ന് തലമുറയോടൊപ്പം നടക്കുക’ എന്ന സങ്കൽപത്തോടെയാണ് ആശ്രയയിലെ അമ്മമാരെ കോളജ് വിദ്യാർഥികളുമായി സംവദിക്കാനും അനുഗമിക്കാനും അവസരമൊരുക്കിയത്. ലുലുമാളിനെപ്പറ്റി കേട്ടറിവല്ലാതെ കാണുന്നത് ഇവരിൽ പലർക്കും ആദ്യാനുഭവമായിരുന്നു. ചിലർ ഇതുവഴി കടന്നുപോയപ്പോൾ പുറത്തുനിന്ന് മാത്രം കണ്ടിട്ടുണ്ട്. പക്ഷേ, ചുറ്റി നടന്ന് കാണുന്നത് ആദ്യം. അതിന്റെ സന്തോഷം പലരുടെയും മുഖത്ത് കാണാമായിരുന്നു. ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ ഒറ്റപ്പെട്ടുപോയവര്‍, വാര്‍ധക്യത്തില്‍ സൗഹൃദങ്ങള്‍ നഷ്ടപ്പെട്ടവര്‍, ഭർത്താവും മക്കളും മരണപ്പെട്ടവർ അങ്ങനെ നിരവധി സാഹചര്യങ്ങളിൽപെട്ടവരാണ് ഇക്കൂട്ടത്തിലുള്ളത്. എങ്കിലും സന്തോഷിക്കാനും ചിരിക്കാനും പ്രായം പ്രശ്നമല്ലെന്ന് തെളിയിച്ചു അവർ.രാവിലെ മാള്‍ കാണാനെത്തിയ അമ്പതോളം അമ്മമാരെ അധികൃതര്‍ പൂക്കള്‍ നല്കി വരവേറ്റു. പിന്നീട്, എല്ലാവരും ഒരുമിച്ച് മാള്‍ നടന്ന് കണ്ടു. ലഘുഭക്ഷണത്തിനു ശേഷം മാള്‍ വീണ്ടും ചുറ്റിയെത്തിയ അമ്മമാര്‍ വിശേഷങ്ങള്‍ പങ്കുവെച്ചു. രണ്ടു മണിക്കൂര്‍ നീണ്ട സന്ദര്‍ശനത്തിനുശേഷം വീണ്ടും വരാമെന്നുപറഞ്ഞ് അവർ മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.