മംഗലപുരം വീണ്ടും ഗുണ്ടാസംഘങ്ങളുടെ താവളം
text_fieldsകഴക്കൂട്ടം: ഇടവേളക്കുശേഷം ഗുണ്ടാസംഘങ്ങൾ വീണ്ടും ഒന്നിക്കുന്നു. കഴിഞ്ഞദിവസം പുത്തൻതോപ്പിൽ യുവാവിനെ തട്ടിക്കൊണ്ടുപോയതും ലഹരി വിൽപനയുടെ ഭാഗമായുള്ള തർക്കമാണെന്നാണ് പൊലീസ് നിഗമനം. വിവിധ ജില്ലകളിൽ നാടുകടത്തിയവരും ഗുണ്ടാ നിയമപ്രകാരം ജയിലിലുള്ളവരുമാണ് ഇപ്പോൾ ഇറങ്ങിയിരിക്കുന്നത്.
പലപ്പോഴും ഗുണ്ടകളെ പൊലീസ് പിടികൂടിയാൽ പ്രാദേശിക രാഷ്ട്രീയകക്ഷികൾ ഇവർക്കുവേണ്ടി പൊലീസ് സ്റ്റേഷനിലെത്തുന്നതും പതിവാണ്. വീണ്ടും ഗുണ്ടകൾ വിളയാടുന്നതു കാരണം ജനങ്ങൾ ഭീതിയിലാണ്. തിരുവനന്തപുരം റൂറൽ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പ്രതികൾ പ്രവർത്തിക്കുന്നത്. വ്യാപകമായ ലഹരി വിൽപനയും ഗുണ്ടകൾക്കിടയിൽ നടക്കുന്നുണ്ട്.
മർദനത്തിനിരയായ നിഖിൽ അടുത്തിടെ കഞ്ചാവുമായി അറസ്റ്റിലാകുകയും 13 ദിവസം ജയിലിൽ കഴിയുകയും ചെയ്ത പ്രതിയാണ്. നിഖിലിന്റെ സഹോദരൻ നേരത്തേ നിരവധി തവണ കഞ്ചാവ് കടത്തിയതിന് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്.
നിഖിലിന്റെ സഹോദരന്റെ സുഹൃത്തുക്കളാണ് നിഖിലിനെ തട്ടിക്കൊണ്ടുപോയത്. ജ്യേഷ്ഠന്റെ കേസിന്റെ കാര്യം പറയാനെന്നുപറഞ്ഞാണ് നിഖിലിനെ ഫോണിൽ ഇവർ ബന്ധപ്പെട്ടത്. തുടർന്ന്, വീട്ടിലുണ്ടായിരുന്ന നിഖിൽ ബൈക്കിൽ കണിയാപുരം റെയിൽവേ ഗേറ്റിനു സമീപമെത്തി.
അവിടെനിന്നാണ് രണ്ടുപേർ നിഖിലിന്റെ ബൈക്കിനുപിന്നിൽ കയറി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയത്. തിരുവനന്തപുരം റൂറലിലെ മംഗലപുരം, കഠിനംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഗുണ്ടാസംഘങ്ങൾക്ക് പുറമെ ലഹരി മാഫിയ സംഘങ്ങളും താവളമാക്കിയിരിക്കുന്നതിന്റെ സൂചനയാണ് പൊലീസിനു നേരെയുള്ള ബോംബേറ്.
പ്രതികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘം
മംഗലപുരം: യുവാവിനെ തട്ടിക്കൊണ്ടുപോയ പ്രതികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘത്തെ രൂപവത്കരിച്ചു. മംഗലപുരം ഇൻസ്പെക്ടർ സജീഷിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം. പ്രതികൾക്കുവേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയതായി മംഗലപുരം ഇൻസ്പെക്ടർ അറിയിച്ചു.
ഇതിനിടെ വെള്ളിയാഴ്ച രാത്രി വൈകി പൊലീസിന് നേരെ വീണ്ടും ബോംേബറ് നടന്നു. ഇതോടെ മൂന്നാം തവണയാണ് ബോംബേറ് ഉണ്ടായത്. പൊലീസിൽ നിന്ന് രക്ഷപ്പെട്ട പ്രതി ഷഫീഖ് വീട്ടിലെത്തിയതറിഞ്ഞ് മംഗലപുരം പൊലീസ് രണ്ടാമതും സ്ഥലത്തെത്തിയിരുന്നു. അപ്പോഴാണ് മംഗലപുരം പൊലീസിന് നേരെ ഷഫീഖ് ബോംബെറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.