വിഷവാതക ചോർച്ചയിൽ മരിച്ചവരുടെ സ്മാരകമായി 'പഞ്ച താരകം' തുറന്നു
text_fieldsകഴക്കൂട്ടം: വിഷവാതക ചോർച്ചയിൽ മരിച്ചവരുടെ സ്മാരകമായി 'പഞ്ച താരകം' തുറന്നുകൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വിനോദയാത്രക്കിടെ 2020 ജനുവരി 21ന് നേപ്പാളിൽ അടച്ചിട്ട ഹോട്ടൽമുറിയിലെ വിഷവാതക ചോർച്ചയെത്തുടർന്നാണ് തിരുവനന്തപുരം ചേങ്കോട്ടുകോണം അയ്യൻകോയിക്കൽ രോഹിണിയിൽ പ്രവീൺകുമാർ (39), ഭാര്യ ശരണ്യ (34), മക്കൾ ശ്രീഭദ്ര (ഒമ്പത്), ആർച്ച (ഏഴ്), അഭിനവ്(നാല്) എന്നിവർ മരിച്ചത്.
ഇവരുടെ ഒാർമക്കായി മാതാപിതാക്കളായ കൃഷ്ണൻനായരും പ്രസന്നകുമാരിയും കുടുംബവീടിനുസമീപം പണിതതാണ് 'പഞ്ചതാരകം' എന്ന സ്മൃതിമന്ദിരം. കേരളത്തെ നടുക്കിയ ദുരന്തമായിരുന്നു എട്ട് മലയാളികൾ നേപ്പാളിൽ വിഷവാതകം ശ്വസിച്ച് മരിക്കാനിടയായതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
മകനും മരുമകളും മൂന്ന് പേരക്കുട്ടികളടക്കം അഞ്ച് ജീവനുകൾ നഷ്ടപ്പെട്ടവരുടെ ഓർമ നിലനിർത്താനായി വായനശാലയും ആരോഗ്യ ഉപകേന്ദ്രവും സാംസ്കാരിക കേന്ദ്രവും ഉൾപ്പെടുന്ന സ്മൃതി മന്ദിരം കുടുംബം മുന്നിട്ടിറങ്ങി നിർമിച്ചത് വളരെ മാതൃകാപരമായ പ്രവർത്തനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാവപ്പെട്ടവർക്കായി നന്മ ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിക്കുന്ന ഈ സംരംഭം പേര് സൂചിപ്പിക്കുന്നതുപോലെ നന്മയുടെ പ്രകാശം ചൊരിയുന്ന അഞ്ച് നക്ഷത്രങ്ങളായി എന്നും നിലനിൽക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ കൗൺസിലർ ആശാ ബാബു, നിംസ് മെഡിസിറ്റി പി.ആർ.ഒ അനൂപ് നായർ, അണിയൂർ പ്രസന്നകുമാർ, ഫ്രാക് ജനറൽ സെക്രട്ടറി ശ്രീകുമാർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ നിർധനരായ അഞ്ചുപേർക്ക് സാമ്പത്തിക സഹായവും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.