പാസ്പോർട്ട് തട്ടിപ്പ്: രണ്ടുപേർ കൂടി അറസ്റ്റിൽ
text_fieldsകഴക്കൂട്ടം: വ്യാജ രേഖകൾ ഉപയോഗിച്ച് പാസ്പോർട്ട് എടുക്കുന്നതിന് നേതൃത്വം നൽകിയ തുമ്പ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ അൻസിൽ അസീസിനെതിരെ തുമ്പ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇയാളെ കേസിൽ പ്രതി ചേർത്തു. കഴിഞ്ഞദിവസം അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്ത ഇയാളുടെ നേതൃത്വത്തിലാണ് വ്യാജരേഖ ചമച്ച് പാസ്പോർട്ട് കൈവശപ്പെടുത്താൻ അവസരമൊരുങ്ങിയത്. ഇയാളെ കേന്ദ്രീകരിച്ച് വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വ്യാജരേഖകളും വ്യാജ തിരിച്ചറിയൽ കാർഡുകളും തയാറാക്കിയ തിരുവനന്തപുരം മണക്കാട് സ്വദേശി കമലേഷ്, ഇടനിലക്കാരനായ മൺവിള സ്വദേശി പ്രശാന്ത് എന്നിവരെ ഞായറാഴ്ച അറസ്റ്റു ചെയ്തു. ഇതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം ആറായി. മുകുന്ദപുരം പുത്തേടത്ത് കിഴക്കേത്തറ സ്വദേശി സഫറുല്ല ഖാൻ (54), കൊല്ലം ഉമയനല്ലൂർ അൽത്താഫ്മൻസിലിൽ ബദറുദ്ദീൻ (65), മണ്ണന്തല സ്വദേശി എഡ്വവേഡ്, വർക്കല സ്വദേശി സുനിൽകുമാർ എന്നിവരെ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സി.പി.ഒയുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. ഇത്തരത്തിൽ വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് വിദേശത്തേക്ക് ആരെങ്കിലും പോയിട്ടുണ്ടോ എന്നും മനുഷ്യകടത്തുമായി സംഘത്തിന് ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.