ആവേശമായി ‘കളിക്കളം’; പട്ടികവർഗ വികസന വകുപ്പ് സംസ്ഥാന കായികമേള തുടങ്ങി
text_fieldsകഴക്കൂട്ടം: പട്ടികവർഗ വികസന വകുപ്പ് സംഘടിപ്പിക്കുന്ന ഏഴാമത് സംസ്ഥാനതല കായികമേള ‘കളിക്കളം - 2024’ ന് കൊടിയേറി. മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. മുന്‍ കളിക്കളം ജേതാക്കള്‍ അണിനിരന്ന ദീപശിഖ പ്രയാണവും വിദ്യാർഥികൾ അണിനിരന്ന ഫ്ലാഷ് മോബും നടത്തി. ‘കളിയാണ് ലഹരി’ എന്ന ആശയമാണ് ഫ്ലാഷ് മോബിൽ അവതരിപ്പിച്ചത്. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ കെ.വി. ധനേഷ് കായിക പ്രതിജ്ഞ ചൊല്ലികൊടുത്തു.
പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 22 മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളിലെയും 118 പ്രീമെട്രിക് / പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെയും ആയിരത്തിലധികം കായിക പ്രതിഭകൾ മേളയില്‍ അണിനിരക്കും.
ആവേശം ചോരാതെ ആദ്യ ദിനം
കളിക്കളം കായികമേള പട്ടികവർഗ വകുപ്പു മന്ത്രി ഒ ആർ ഉദ്ഘാടനം ചെയ്യുന്നു.കഴക്കൂട്ടം: ആവേശം നിറഞ്ഞ മത്സരങ്ങളാണ് ‘കളിക്കള’ത്തിന്റെ ആദ്യദിനം കാര്യവട്ടം എൽ.എൻ.സി.പി.ഇ സ്റ്റേഡിയത്തിൽഅരങ്ങേറിയത്.
വയനാട് ജില്ലയാണ് ആദ്യ ദിനത്തിൽ കൂടുതൽ പോയിന്റ് നേടി മുന്നിലുള്ളത്. 70 പോയിന്റുകളാണ് ജില്ലയ്ക്ക് ആദ്യ ദിനം ലഭിച്ചത്. 26 പോയിന്റുമായി തിരുവനന്തപുരം ജില്ല രണ്ടാം സ്ഥാനത്തും 25 പോയിന്റുമായി ഇടുക്കി ജില്ല മൂന്നാം സ്ഥാനത്തുമാണ്.
ആൺകുട്ടികളുടെ വിഭാഗത്തിൽ സ്കൂൾ തലത്തിൽ കണ്ണൂർ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ 18 പോയിന്റുമായി ഒന്നാം സ്ഥാനത്തും 15 പോയിന്റുമായി പൂക്കോട് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂൾ രണ്ടാം സ്ഥാനത്തുമാണ്. ഏഴ് പോയിന്റുമായി വടശ്ശേരിക്കര മോഡൽ റസിഡൻഷ്യൽ സ്കൂളാണ് മൂന്നാം സ്ഥാനത്ത്.
പെൺകുട്ടികളുടെ വിഭാഗത്തിൽ കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂൾ, കട്ടേല ഡോ. അംബേദ്കർ മെമോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ, ഇടുക്കി ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂൾ എന്നീ സ്കൂളുകൾ 23, 14, 10 എന്ന പോയിന്റുമായി ഒന്നും രണ്ടും മൂന്നും സ്ഥാനത്താണ്.
1500 മീറ്റര്‍ ഓട്ടം, ഹൈ ജംപ്, ലോഗ് ജംപ്, ഷോട്ട്പുട്ട്, 4 -400 മീറ്റര്‍ റിലേ, ആർച്ചറി, ക്രിക്കറ്റ് ബോൾ ത്രോ എന്നിവയായിരുന്നു ആദ്യദിനത്തിലെ ആകര്‍ഷണം. ഹീറ്റ്സ്, ഫൈനൽ എന്നിങ്ങനെ മുപ്പതിലധികം ഇനങ്ങളിൽ വിദ്യാർഥികൾ മാറ്റുരച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.