ക്രിസ്മസ് ദിനത്തിൽ തീരദേശത്തെ കണ്ണിരിലാഴ്ത്തി കടൽ അപകടങ്ങൾ
text_fieldsകഴക്കൂട്ടം: ക്രിസ്മസ് ദിനത്തിലുണ്ടായ അപകടങ്ങൾ തീരദേശത്തെ കണ്ണീരിലാഴ്ത്തി. ക്രിസ്മസ് ആഘോഷത്തിനിടെ കടലിൽ കുളിക്കുന്നതിനിടയിൽ ശക്തമായ തിരമാലയിലും കടൽച്ചുഴിയിലും നാലുപേർ അകപ്പെട്ടതിന്റെ ഞെട്ടലിലാണ് തീരവാസികൾ.
കഠിനംകുളം പഞ്ചായത്തിലെ തുമ്പ, പുത്തൻതോപ്പ് തീരത്തും അഞ്ചുതെങ്ങ് പഞ്ചായത്ത് മാമ്പള്ളി തീരത്തുമാണ് നാടിനെ നടുക്കിയ സംഭവങ്ങളുണ്ടായത്. ഞായറാഴ്ച ഉച്ചയോടെയാണ് തുമ്പ കടപ്പുറത്ത് പ്രദേശവാസി ഫ്രാങ്കോയും സുഹൃത്തുക്കളും കുളിക്കാനെത്തിയത്.
കുളിക്കുന്നതിനിടെ ഫ്രാങ്കോ ശക്തമായ തിരയിൽപെട്ടു. ഒപ്പമുണ്ടായിരുന്നവർ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വൈകീട്ട് അഞ്ചോടെയാണ് പുത്തൻതോപ്പിലും അഞ്ചുതെങ്ങ് മാമ്പള്ളിയിലും കുളിക്കുന്നിനിടയിൽ മൂന്നു യുവാക്കൽ കടലിൽപെട്ടത്. ഒപ്പമുണ്ടായിരുന്നവർ രക്ഷപ്പെടുത്താൻ നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായി.
കഴക്കൂട്ടം കുളത്തൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയും പുത്തൻതോപ്പ് ഷൈൻ നിവാസിൽ ബിനുവിന്റ മകനുമാണ് കാണാതായവരിൽ ഒരാളായ ശ്രേയസ്സ്. മൂന്നുമാസം മുമ്പ് ഗൾഫിൽ പോയ ശ്രേയസ്സിന്റെ പിതാവ് സംഭവം അറിഞ്ഞ് തിങ്കളാഴ്ച നാട്ടിലെത്തി.
കണിയാപുരം സ്വദേശി സാജിദാണ് (19) കാണാതായ മറ്റൊരാൽ. സാജൻ ആന്റണിയെയാണ് അഞ്ചുതെങ്ങ് മാമ്പള്ളി കടലിൽ കാണാതായത്. തിരച്ചിലിനൊടുവിൽ സാജൻ ആന്റണിയുടെ മൃതദേഹം കണ്ടെത്തി. മറൈൻ എൻഫോഴ്സ്മെൻറും കോസ്റ്റ് ഗാർഡും പുത്തൻതോപ്പിൽ കാണാതായ രണ്ടുപേർക്ക് വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
മാസങ്ങൾക്ക് മുമ്പാണ് പെരുമാതുറ മുതലപ്പൊഴിയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് നാലുപേർ മരിച്ചത്. അഞ്ചാമത്തെ ആളെ ഇനിയും കണ്ടെത്താനായില്ല. ആ സംഭവത്തിന് ആഴ്ചകൾക്ക് മുമ്പ് കഠിനംകുളം ചേരമാൻതുരുത്ത് സ്വദേശികളായ രണ്ടുപേർ മത്സ്യബന്ധനത്തിനിടെ മുതലപ്പൊഴിക്ക് സമീപം വള്ളം മറിഞ്ഞ് മരിച്ചു.
കേടുപാടുകളെ തുടർന്ന് കൊല്ലത്ത് അറ്റകുറ്റപ്പണികൾക്കായി നൽകിയ കോസ്റ്റൽ പൊലീസിന്റെ റെസ്ക്യൂ ബോട്ട് ഇന്ധനത്തിന് പണമില്ലാത്തതിനെതുടർന്ന് മൂന്നുമാസത്തിലേറെയായി അഞ്ചുതെങ്ങിൽ തിരിച്ചെത്തിക്കാൻ സാധിച്ചിട്ടില്ല. ഇത് കോസ്റ്റൽ പൊലീസിന്റെ തെരച്ചിലിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.