കാര്യവട്ടം കാമ്പസിൽ വിദ്യാർഥികൾ അനിശ്ചിതകാല സമരത്തിൽ
text_fieldsകഴക്കൂട്ടം: കാമ്പസിലെ പെൺകുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് കാര്യവട്ടം കാമ്പസിലെ വിദ്യാർഥികൾ അനിശ്ചിതകാല സമരത്തിൽ. രാത്രിയിൽ കാമ്പസ് റോഡിലൂടെ നടന്നുപോകുന്ന ഹോസ്റ്റലിലെ വിദ്യാർഥിനികളെ ബൈക്കിലെത്തുന്ന സംഘങ്ങൾ നിരന്തരം കടന്നുപിടിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നതായി പരാതി ഉയർന്നിരുന്നു. നേരത്തെ രണ്ട് വിദ്യാർഥിനികൾ കഴക്കൂട്ടം പൊലീസിൽ പരാതി നൽകി കേസ് രജിസ്റ്റർ ചെയ്തിരുന്നു. വീണ്ടും സമാനമായ സംഭവം ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് കാമ്പസിൽ അനിശ്ചിതകാല സമരം നടക്കുന്നത്.
ആഗസ്റ്റ് 15ന് ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയ പി.ജി വിദ്യാർഥിനിയെ ബൈക്കിലെത്തിയ യുവാവ് കടന്നു പിടിച്ചിരുന്നു. പെൺകുട്ടി ബഹളം വെച്ചതോടെ യുവാവ് കടന്നുകളഞ്ഞു. തുടർന്ന് ഓടിയെത്തിയ സഹപാഠികൾ ബൈക്കിനെ പിന്തുടർന്ന് യുവാവിനെ തിരിച്ചറിഞ്ഞു. കഴക്കൂട്ടം പൊലീസിൽ പരാതി നൽകി നൽകിയതിനെതുടർന്ന് കടന്നുപിടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു നോട്ടീസ് നൽകി വിട്ടയച്ചു. പിറ്റേന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട ശേഷമാണ് നോട്ടീസ് നൽകി വിട്ടയച്ചത്. കാമ്പസ് റോഡുകളിലും ഹോസ്റ്റലുകൾക്ക് മുന്നിലും പ്രധാന ഗേറ്റുകളിലും സി.സി കാമറകൾ അടിയന്തരമായി സ്ഥാപിക്കുക, കാമ്പസ്സിനു ചുറ്റും വഴിവിളക്കുകൾ സ്ഥാപിക്കുക, സെക്യൂരിറ്റി സംവിധാനം ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർഥികൾ സമരം ചെയ്യുന്നത്. തീരുമാനമാകുന്നതുവരെ സമരം തുടരുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. എസ്.എഫ്.ഐയുടെ നേതൃത്വത്തിലാണ് സമരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.