സിൽവർ ലൈൻ പദ്ധതിക്ക് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു
text_fieldsകഴക്കൂട്ടം: സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി സ്ഥലം അളന്ന് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ കുളത്തൂർ കരിമണൽ ഭാഗത്ത് നാട്ടുകാർ തടഞ്ഞു. ഒരു മുന്നറിയിപ്പുമില്ലാതെ വൻ പൊലീസ് സന്നാഹത്തോടെ ശനിയാഴ്ച രാവിലെയാണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്ഥലം അളന്ന് സർവേക്കല്ലുകൾ സ്ഥാപിക്കാൻ എത്തിയത്.
എന്നാൽ, പദ്ധതിയുടെ കാര്യത്തിൽ തുടക്കം മുതൽ അവ്യക്തതയും നടപടിക്രമങ്ങൾ പാലിക്കാതെയുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. തുടർന്ന് സ്ഥലത്തെത്തിയ കെ-റെയിൽ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ സ്ഥലത്ത് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
നിരവധി വീട്ടമ്മമാരും കുട്ടികളും പ്രതിഷേധത്തിൽ പങ്കെടുത്തു. പദ്ധതി നടത്തിപ്പിൽ കേന്ദ്ര സർക്കാറിെൻറ അനുമതിയിൽ അനിശ്ചിതത്വവും അവ്യക്തതകളും നിലനിൽക്കെ, സാമൂഹിക ആഘാത പഠനം പോലും നടത്താതെ സ്ഥലം ഏറ്റെടുക്കാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. ലാൻഡ് അക്വിസിഷൻ സ്പെഷൽ തഹസിൽദാർ എൻ. ശ്രീകുമാരൻ, ഡെപ്യൂട്ടി തഹസിൽദാർ ഷിജു പി. അലക്സിെൻറയും നേതൃത്വത്തിലാണ് കല്ലിടാൻ ഉദ്യോഗസ്ഥർ എത്തിയത്. നിലവിലെ അലൈൻമെൻറ് അന്തിമമല്ലെന്നും കല്ലിട്ടാലും കെ-റെയിൽ പാതയിൽ മാറ്റം വരുമെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്. പിന്നെയെന്തിന് ധിറുതി പിടിച്ച് കല്ലിടൽ നടത്തുന്നതെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. കെ-റെയിൽ പദ്ധതിക്കെതിരെ എതിർപ്പ് ശക്തമാക്കി യു.ഡി.എഫും ബി.ജെ.പിയും രംഗത്തെത്തി.
കെ-റെയിൽ പദ്ധതിയെന്നാൽ കമീഷൻ റെയിൽ പദ്ധതിയെന്നാണെന്നും പാർട്ടി ഫണ്ടിനായി മാത്രം സി.പി.എം പടച്ചുവിട്ട പദ്ധതിയാണ് ഇതെന്നും കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.കെ-റെയിൽ പദ്ധതിയിൽ ദുരൂഹതകൾ നിലനിൽക്കുന്നുണ്ടെന്നും വലിയ തുക വായ്പയെടുത്ത് പദ്ധതി നടപ്പാക്കുമ്പോൾ കടം തിരിച്ചടക്കാനുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന് സർക്കാർ വ്യക്തമാക്കുന്നില്ലെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു.
പദ്ധതി ആവശ്യമില്ലെന്നാണ് റെയിൽവേ മന്ത്രാലയത്തിെൻറ നിലപാടെന്നാണ് അറിയാൻ കഴിഞ്ഞതെന്നും എന്നിട്ടും സർക്കാർ പദ്ധതിക്കായി വാശിപിടിക്കുന്നത് എന്തിനാണെന്നറിയില്ലെന്നും പറഞ്ഞ മുരളീധരൻ പക്ഷേ പദ്ധതിക്കെതിരെ കേന്ദ്രസർക്കാറിൽ സമ്മർദം ചെലുത്തില്ലെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.