റോഡ് കട്ടിങ്ങിന് ഒടുക്കുന്ന തുകയിൽ തട്ടിപ്പ്; നഗരസഭ കഴക്കൂട്ടം സോണൽ ഓഫിസ് ജീവനക്കാരന് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: റദ്ദാക്കിയ രസീത് ഉപയോഗിച്ച് പണം തട്ടിപ്പ് നടത്തിയ ജീവനക്കാരനെ മേയറുടെ നിർദേശപ്രകാരം സസ്പെന്‍ഡ് ചെയ്തു.
2019-20 കാലയളവിൽ റോഡ് കട്ടിങ്ങിനായി ഒടുക്കുന്ന തുകയിൽ തട്ടിപ്പ് നടത്തിയതായി നഗരസഭ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ കഴക്കൂട്ടം സോണൽ ഓഫിസിലെ കാഷ്യറുടെ ചുമതല വഹിക്കുന്ന കെ. അനിസിൽ കുമാറിനെയാണ് സർവിസിൽനിന്ന് സസ്പെന്‍ഡ് ചെയ്തത്.
മേയർക്ക് ലഭിച്ച വിവരത്തെതുടർന്ന് കോർപറേഷൻ അക്കൗണ്ട്സ് വിഭാഗം നടത്തിയ പ്രത്യേക പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
19-20, 20-21, 21-22 വർഷത്തെ ടാർ കട്ടിങ്ങുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചതിൽ 2019-20 വർഷം ഒടുക്കുന്ന ഫീസ് തുകയടങ്ങിയ രസീത് പകർപ്പ് എടുത്ത് ടാർ കട്ടിങ്ങിന് അനുമതിക്കായി എൻജിനീയറിങ് വിഭാഗത്തിൽ നൽകുകയും തുടർന്ന് അസൽ രസീത് കാൻസൽ ചെയ്തതായും കണ്ടെത്തി.
ഇത്തരത്തിൽ നാല് രസീതുകൾ കണ്ടെത്തി. നാല് രസീതിലുമായി 28,171 രൂപയാണ് തട്ടിപ്പ് നടത്തിയത്. തുടർപരിശോധനകൾ നടന്നുവരികയാണ്. പ്രഥമദൃഷ്ട്യാ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെന്ഷന്.
സമാന രീതിയിൽ മറ്റ് സോണൽ ഓഫിസിലും മെയിന്‍ ഓഫിസിലും തട്ടിപ്പ് നടന്നിട്ടുണ്ടോയെന്നും കഴക്കൂട്ടം സോണൽ ഓഫിസിൽ മറ്റേതെങ്കിലും ജീവനക്കാർക്ക് ഇക്കാര്യത്തിൽ പങ്കുണ്ടോയെന്നും പരിശോധിച്ച് റിപ്പോർട്ട് നൽകാന് മേയർ നിർദേശം നൽകി.
നഗരസഭ തുടർന്നും ഇത്തരത്തിൽ പരിശോധന നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മേയർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.