ദുരിതക്കയത്തിൽ ഒരുവാതിൽകോട്ടയിലെ കുടുംബങ്ങൾ
text_fieldsകഴക്കൂട്ടം: ആനയറ ഒരുവാതിൽകോട്ടയിലെ മൂന്ന് കുടുംബങ്ങൾ ഒരുമാസമായി വെള്ളക്കെട്ടിലാണ് കഴിയുന്നത്. താഴ്ന്ന പ്രദേശമായ ഇവിടേക്ക് കഴക്കൂട്ടം ബൈപാസിലെ കടകളിലെ കക്കൂസ് മാലിന്യമുൾപ്പെടെ ഒഴുക്കിവിടുന്നതോടെ ദുർഗന്ധംമൂലം താമസിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കുടുംബങ്ങൾ. ഒരുവാതിൽകോട്ട കുടുംബി ലെയിനിലെ മൂന്ന് കുടുംബങ്ങളുടെ ദുരിതജീവിതം തുടങ്ങിയിട്ട് ഒരുമാസമായി. മലിനജലം ഒഴുക്കിക്കളയാൻ ഓടയില്ല.
ചുറ്റിലും ഫ്ലാറ്റുകളും കെട്ടിടങ്ങളും ഉയർന്നതോടെ വെള്ളം ഈ ഭാഗത്തേക്ക് ഒഴുകിപ്പരക്കുകയാണ്. കഴക്കൂട്ടം ബൈപാസ് റോഡിന് താഴ്ഭാഗത്തുള്ള ഇവിടേക്ക് ഹോട്ടൽ മാലിന്യവുംകൂടി ഒഴുക്കിവിടുന്നതോടെ ദുരിതം ഇരട്ടിയാകുന്നു. പ്രാഥമിക ആവശ്യങ്ങൾക്ക് പോകാനോ കുളിക്കാനോ പറ്റുന്നില്ല. സമീപ പ്രദേശത്തുള്ള മറ്റുവീടുകളിൽ പോയാണ് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നത്. കക്കൂസ് മാലിന്യവും അഴുക്കും നിറഞ്ഞ് കറുത്തനിറമായ വെള്ളത്തിലൂടെയാണ് ഈ കുടുംബങ്ങൾക്ക് വീട്ടിലേക്ക് കയറാൻ കഴിയൂ.
വെള്ളം കയറിയതോടെ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. വെള്ളം കെട്ടിനിന്ന് കൊതുക് ശല്യം കൂടിയിട്ടും കോർപറേഷനിൽനിന്ന് ഒരു സഹായവും കിട്ടുന്നില്ലെന്നാണ് വീട്ടുകാർ പറയുന്നത്. വാർഡ് കൗൺസിലറും ഇവരെ തിരിഞ്ഞുനോക്കിയില്ലെന്നും നാട്ടുകാർ പറഞ്ഞു. നിലവിൽ ലഭിച്ച ഫണ്ടുവെച്ച് ഒന്നും ചെയ്യാൻ കഴിയില്ലെന്നും താൻ നിസ്സഹായനാണെന്നും കലക്ടർ ഇടപെട്ടാൽ മാത്രമേ ഓടക്ക് ഫണ്ട് കിട്ടുകയുള്ളൂവെന്നുമാണ് പ്രദേശത്തെ കൗൺസിലർ ഡിജി കുമാരൻ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.