ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചിട്ട് രണ്ടുമാസം; നഗരസഭയുടെ വാഗ്ദാനം പാഴ്വാക്കായി
text_fieldsകഴക്കൂട്ടം: ശ്രീകാര്യം എൻജിനീയറിങ് കോളജിന് സമീപത്തെ ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുമാറ്റിയിട്ട് രണ്ടുമാസത്തോളമായി. നഗരസഭ പുതിയ കാത്തിരിപ്പുകേന്ദ്രം പണിയുമെന്ന് പറഞ്ഞത് പാഴ്വാക്കായി. രാവിലെ പ്രദേശത്തെ സ്കൂൾ കുട്ടികളും ജോലിക്ക് പോകുന്നവരും മഴനനയാതെ കയറി നിൽക്കാൻ ആശ്രയിച്ചിരുന്നത് ഈ കാത്തിരിപ്പുകേന്ദ്രമായിരുന്നു. പ്രദേശത്തെ ശ്രീകൃഷ്ണ നഗർ റസിഡൻസ് അസോസിയേഷനാണ് ഇത് നിർമിച്ചിരുന്നത്.
എൻജിനീയറിങ് കോളജിലെ ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരിക്കുന്നു എന്ന പേരിൽ റസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾ കാത്തിരിപ്പ് കേന്ദ്രത്തിന്റെ ബെഞ്ച് അറുത്തുമാറ്റി കസേരയാക്കിയത് വലിയ വാർത്തയായിരുന്നു. ജൂലൈ 21നായിരുന്നു സംഭവം. ഇത് ഏറെ പ്രതിഷേധത്തിനിടയാക്കി. എസ്.എഫ്.ഐയും കെ.എസ്.യുവും ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകളും ഡി.വൈ.എഫ്.ഐയും കോൺഗ്രസും പ്രതിഷേധവുമായി രംഗത്തുവന്നു.
തുടർന്ന് മേയർ ആര്യ രാജേന്ദ്രൻ നഗരസഭയുടെ സ്ഥലത്ത് റസിഡൻസ് അസോസിയേഷൻ കാത്തിരിപ്പുകേന്ദ്രം നിർമിച്ചതിനെ എതിർത്തിരുന്നു. സ്ഥലം സന്ദർശിച്ച് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുമാറ്റി പകരം നഗരസഭ കാത്തിരിപ്പ് കേന്ദ്രം പണിയുമെന്നും മേയർ അന്ന് പറഞ്ഞിരുന്നു. സെപ്റ്റംബർ 16ന് നഗരസഭ റസിഡൻസ് അസോസിയേഷന്റെ ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുമാറ്റി. രണ്ടുമാസം കഴിഞ്ഞിട്ടും നഗരസഭയുടെ ഭാഗത്തുനിന്നു നടപടി ഒന്നുമുണ്ടായില്ല.
നാട്ടുകാരുടെ ആശ്രയമായിരുന്ന കാത്തിരിപ്പുകേന്ദ്രം പൊളിച്ചതിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ. റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധത്തിന് നാട്ടുകാർ തയാറെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.