അക്രമങ്ങളും മോഷണവും പതിവ്; പ്രതികളെ പിടികൂടാെത കഴക്കൂട്ടം പൊലീസ്
text_fieldsകഴക്കൂട്ടം: കഴക്കൂട്ടത്തെ ബിയർ പാർലറിലെ അക്രമത്തിൽ പ്രതികളെ പിടികൂടാനാവാതെ പോലീസ്. രണ്ട് പ്രതികളെ സംഭവദിവസംതന്നെ പിടികൂടിയെങ്കിലും പ്രധാന പ്രതിയും കൊലക്കേസ് പ്രതിയുമായ ചിറയിൻകീഴ് സ്വദേശി അഭിജിത്തിനെ പിടികൂടാൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. അഭിജിത്താണ് യുവാക്കളെ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ചത് എന്നാണ് പൊലീസിന് ലഭിച്ച വിവരം.
2021ൽ ചിറയിൻകീഴിൽ നടന്ന കൊലക്കേസിലെ ഒന്നാം പ്രതിയാണ് അഭിജിത്ത്. ഏപ്രിൽ 21ന് രാത്രി 11.30 ഓടെയാണ് പിറന്നാൾ ആഘോഷിക്കാനായി വന്ന സംഘം മറ്റൊരു സംഘവുമായി സംഘർഷം നടന്നത്. ഇരുസംഘങ്ങളും തമ്മിലുള്ള അക്രമത്തിനിെടയാണ് നാല് പേർക്ക് കുത്തേറ്റത്.
ശ്രീകാര്യം സ്വദേശികളായ ഷാലു, സൂരജ്, വിശാഖ്, സ്വരൂപ്, അതുൽ എന്നിവർക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ നാലുപേർ ഇപ്പോഴും ചികിത്സയിലാണ്. സംഭവത്തിൽ പത്തുപേരെ പ്രതി ചേർത്ത് കഴക്കൂട്ടം പൊലീസ് കേസ് എടുത്തിരുന്നു. എന്നാൽ തർക്കകാരണമെന്തെന്ന് പൊലീസ് ഇനിയും വെളിപ്പെടുത്തിയിട്ടില്ല.
പുതുക്കുറിച്ചി കഠിനംകുളം മണക്കാട്ടില് വീട്ടിൽ ഷമീം (34), കല്ലമ്പലം ഞാറയിൽകോണം കരിമ്പുവിളവീട്ടില് അനസ് (22) എന്നിവരെയാണ് കേസിൽ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. പ്രതികളെന്ന് കരുതുന്നവരുടെ മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചതിൽ പലരും സംസ്ഥാനം വിട്ടതായാണ് സൂചന. കഠിനംകുളം, മംഗലപുരം, ആറ്റിങ്ങൽ സ്റ്റേഷൻ പരിധികളിൽ നിരവധി സ്ഥലങ്ങളിൽ കഴക്കൂട്ടം പോലീസ് പരിശോധന നടത്തിയെങ്കിലും ആരെയും പിടികൂടാനായില്ല.
പ്രവർത്തനസമയമായ രാത്രി 11ന് ശേഷവും ഈ ബിയർ പാർലറിൽ കച്ചവടം നടന്നതായി സി.സി.ടി.വിയിൽ കണ്ടെത്തിയിരുന്നു.
ഒരിടവേളക്കുശേഷം കഴക്കൂട്ടത്ത് നടന്ന അക്രമസംഭവത്തിലെ പ്രധാന പ്രതികളെ ഇനിയും കണ്ടെത്താൻ കഴിയാത്തതിൽ വലിയ പ്രതിഷേധമുണ്ട്. ഐ.ടി നഗരമായ കഴക്കൂട്ടത്തെ നൈറ്റ് ലൈഫ് നിരവധി അപകടമരണങ്ങൾക്കും അക്രമസംഭവങ്ങൾക്കും കാരണമായിട്ടുണ്ടെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടും കൃത്യമായ പൊലീസ് പരിശോധനയോ നടപടികളോ ഇനിയും ഉണ്ടായിട്ടില്ല.
രണ്ടാഴ്ച മുമ്പാണ് കഴക്കൂട്ടം മേനംകുളത്ത് വീട് കുത്തിത്തുറന്ന് 35 പവൻ കവർന്നത്. ഈ കേസിലെ പ്രതികളെയും ഇതുവരെ പിടികൂടാൻ കഴക്കൂട്ടം പൊലീസിന് കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പുസമയത്ത് മാറിവന്ന ഉദ്യോഗസ്ഥർക്ക് കഴക്കൂട്ടത്തെ പല സ്ഥലങ്ങളും കണ്ടെത്താൻ പോലും കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.