കളഞ്ഞുകിട്ടിയ സ്വർണമടങ്ങിയ ബാഗ് ഉടമക്ക് കൈമാറി യുവാവ്
text_fieldsകഴക്കൂട്ടം: കളഞ്ഞുകിട്ടിയ സ്വർണമടങ്ങിയ ബാഗ് പൊലീസ് സ്റ്റേഷനിലെത്തിച്ച് ഉടമക്ക് കൈമാറി യുവാവ്. കരുനാഗപ്പള്ളി പാവുമ്പ സ്വദേശിയായ മധുവാണ് കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ ബാഗ് എത്തിച്ചത്. ശനിയാഴ്ച രാത്രി പത്തോടെ കഴക്കൂട്ടത്തായിരുന്നു സംഭവം. ബീമാപള്ളിയിലേക്ക് പോകുകയായിരുന്ന നിലമേൽ കൈതോട് കുന്നുംപുറത്തു വീട്ടിൽ നുസൈഫ (65)യുടെ 15 പവനോളം സ്വർണ മടങ്ങിയ ബാഗാണ് നഷ്ടപ്പെട്ടത്.
കഴക്കൂട്ടം മിഷൻ ആശുപത്രിക്കുസമീപം ഇവർ സഞ്ചരിച്ച ഓട്ടോയിൽനിന്ന് ബാഗ് റോഡിലേക്ക് വീണു. ബീമാപള്ളിയിലെത്തിയപ്പോഴാണ് നുസൈഫയും കുടുംബവും സ്വർണമടങ്ങിയ ബാഗ് നഷ്ടപ്പെട്ട വിവരം മനസ്സിലാക്കിയത്. അടച്ചുറപ്പില്ലാത്ത വീടായതിനാലാണ് യാത്രയിൽ സ്വർണാഭരണങ്ങൾ കൊണ്ടുപോയത്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയിലാണ് മധു റോഡിൽ കിടന്ന ബാഗ് കണ്ടത്. ആരെങ്കിലും മാലിന്യം വലിച്ചെറിഞ്ഞതാണെന്നാണ് ആദ്യം കരുതിയത്. സംശയം തോന്നിയതിനാൽ ബാഗെടുത്ത് പരിശോധിച്ചു. അപ്പോഴാണ് പഴ്സിൽ സ്വർണാഭരണങ്ങൾ കണ്ടത്. ഉടൻ തന്നെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ ഏൽപിക്കുകയായിരുന്നു.
ബാഗിനുള്ളിൽനിന്ന് ലഭിച്ച ആധാർ കാർഡിൽനിന്നാണ് ഉടമയെ പൊലീസ് തിരിച്ചറിഞ്ഞത്. തുടർന്ന് എസ്.ഐ ശരത്ത് നുസൈഫയെ വിളിച്ചുവരുത്തി സ്വർണവും പണവും കൈമാറുകയായിരുന്നു.
സ്വർണം തിരികെക്കിട്ടിയ സന്തോഷത്തിൽ മധുവിന് പാരിതോഷികവും നൽകിയാണ് നുസൈഫയും കുടുംബവും മടങ്ങിയത്. കരുനാഗപ്പള്ളി പാവുമ്പ സ്വദേശിയായ മധു അഞ്ചുവർഷമായി കഴക്കൂട്ടത്ത് താമസിച്ച് വെൽഡിങ് ജോലി ചെയ്തുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.