കേരള ബാങ്ക് ജീവനക്കാർ കൈകോർത്തു; വായ്പ കുടിശ്ശികയിൽ ബിന്ദുവിന് സാന്ത്വനം
text_fieldsതിരുവനന്തപുരം: കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിന്റെ കൈയിൽ നിന്ന് വീടിന്റെ പ്രമാണം ഏറ്റുവാങ്ങുമ്പോൾ ബിന്ദുവിന്റെ ജീവിതത്തിന് സാന്ത്വന സ്പർശമായി.
ഭർത്താവിന്റെ മരണശേഷം 2018നാണ് അനുജത്തിയുടെ വിവാഹ ചെലവുകൾക്കായി തിരുവനന്തപുരം മുട്ടത്തറ ബിന്ദു ഭവനിലെ ബിന്ദു കേരള ബാങ്ക് പുത്തൻചന്ത മെയിൻ ശാഖയിൽ നിന്ന് ഒന്നര സെന്റ് വസ്തുവും വീടും ഈട് നൽകി മൂന്ന് ലക്ഷം രൂപ വായ്പ എടുത്തത്. വായ്പയെടുത്തു ഒരു വർഷത്തിനകം അനുജത്തിയുടെ ഭർത്താവ് വൃക്കരോഗം ബാധിച്ചു മരിച്ചു. അനുജത്തിക്ക് ഒരു പെൺകുഞ്ഞാണ്. ഈ പ്രതിസന്ധിയുടെ നടുവിലാണ് അവരുടെ ഏക സഹോദരനും മുപ്പതാം വയസിൽ കോവിഡ് ബാധിച്ച് മരിച്ചത്.
ഇതിനിടെ മാതാവിന് അർബുദം പിടിപെട്ടതും പിതാവിന് അസുഖമായതും വീണ്ടുമൊരു തിരിച്ചടിയായി. 4.30 ലക്ഷം രൂപക്ക് മുകളിൽ ബാക്കിനിൽപുള്ള വായ്പയിൽ കുടുംബത്തിന്റഎ വിഷമസ്ഥിതി പരിശോധിച്ച് കേരള ബാങ്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം 1.75 ലക്ഷം രൂപയിലധികം ഇളവോടെ വായ്പകടം അവസാനിപ്പിക്കാൻ അനുമതി നൽകിയത്.ബിന്ദുവിന്റെ പരിശ്രമം കൊണ്ട് സ്വരൂപിച്ച 1.45 ലക്ഷം രൂപ നിശ്ചയിച്ച തുകയേക്കാൾ 1.10 ലക്ഷം രൂപ കുറവായിരുന്നു.
പുത്തൻ ചന്ത ശാഖ മാനേജരായ സി.പി. ലൂസി തന്റെ വിരമിക്കൽ ആനുകൂല്യത്തിൽ നിന്ന് 90000 രൂപയും, മറ്റു ജീവനക്കാർ ബാക്കി തുകയായ 20000 രൂപയും നൽകി വായ്പയിലെ കടംകണക്ക് അവസാനിപ്പിച്ചു. 2023 ഡിസംബർ 31ന് സർവീസിൽ നിന്ന് വിരമിച്ച ലൂസിയുടെയും ശാഖയിലെ മറ്റ് ജീവനക്കാരുടെയും കാരുണ്യത്തിന്റെ ഫലമായിട്ടാണ് പ്രമാണം ബിന്ദുവിന് കൈമാറിയത്.
ഡയറക്ടർ എസ്. ഷാജഹാൻ, തിരുവനന്തപുരം റീജിനൽ ജനറൽ മാനേജർ ഡോ. എൻ. അനിൽകുമാർ, ഡെപ്യൂട്ടി ജനറൽ മാനേജർമാരായ വി. അമ്പിളി, വി. മായ, പി.കെ. പ്രദീപ് കുമാർ, എം. ഷിംലി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.