നിരത്തൊഴിഞ്ഞ് നാട്ടാനകൾ
text_fieldsതിരുവനന്തപുരം: കേരളത്തിൽ നാട്ടാനകളുടെ എണ്ണം കുറയുന്നു. സംസ്ഥാനത്ത് ഇപ്പോൾ 369 നാട്ടാനകൾ മാത്രമേ ഉള്ളൂവെന്നാണ് വനംവകുപ്പിന്റെ കണക്ക്. കൊമ്പനാനകളും മോഴയാനകളും കൂടി 303 എണ്ണവും പിടിയാനകളായി 66 എണ്ണവുമടക്കമാണിത്. ഇടുക്കിയിലെ 76 വയസ്സുള്ള പിടിയാനയാണ് സംസ്ഥാനത്തെ പ്രായംകൂടിയ ആന. ഇടുക്കിയിൽതന്നെയാണ് ഏറ്റവും കൂടുതൽ പിടിയാനകളുള്ളതും; 23 എണ്ണം.
ഏറ്റവും കൂടുതൽ നാട്ടാനകളുള്ളത് തൃശൂർ ജില്ലയിലാണ്. 108 ആനകളാണ് തൃശൂർ ജില്ലയിൽ ഇപ്പോഴുള്ളത്. കാസർകോട് ജില്ലയിൽ ഒരാനപോലും ഇല്ലെന്നും വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലക്ക് ലഭിച്ച വിവരാവകാശ മറുപടിയിൽ പറയുന്നു. 2007 മുതലാണ് കേരളത്തിൽ നാട്ടാനകളുടെ എണ്ണം കുറഞ്ഞുതുടങ്ങിയത്. അന്ന് കേരളത്തിൽ ആയിരത്തോളം നാട്ടാനകൾ ഉണ്ടായിരുന്നു. കഴിഞ്ഞ 17 വർഷത്തെ കണക്കെടുക്കുമ്പോൾ ഒരുവർഷത്തിൽ ശരാശരി 28 നാട്ടാനകൾ ചെരിയുന്നുണ്ട്.
കാട്ടാനകളെ പിടികൂടി നാട്ടാനകളാക്കുന്നതിനെതിരെയുള്ള നിയമം കേന്ദ്ര സർക്കാർ കർശനമാക്കിയതോടെയാണ് നാട്ടാനകളുടെ എണ്ണത്തിൽ കുറവ് സംഭവിച്ചുതുടങ്ങിയത്. കൂടാതെ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് നാട്ടാനകളെ എത്തിക്കാൻ പറ്റാത്തതും താങ്ങാനാകാത്ത പരിപാലന ചെലവും എണ്ണം കുറയാൻ കാരണമായി. 1977 ലാണ് കേരളത്തിൽ ആനപിടിത്തം നിർത്തിയത്.
വന്യജീവി സംരക്ഷണനിയമപ്രകാരം ആനകളെ ഷെഡ്യൂൾ ഒന്നിൽപെടുത്തിയതോടെ കാട്ടാനകളെ പിടികൂടി മെരുക്കി നാട്ടാനകളാക്കുന്ന രീതി നിലച്ചു. ഇതിനുപുറമെയാണ് 2003ലെ എലിഫന്റ് മാനേജ്മെന്റ് നിയമം അനുസരിച്ച് സംസ്ഥാനത്തിന് പുറത്തുള്ള ആനകളെ കേരളത്തിൽ എത്തിച്ച് വളർത്താൻ കഴിയില്ലെന്ന നിബന്ധന വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.