കേരളം ബാലസൗഹൃദ സംസ്ഥാനമാക്കും –മന്ത്രി വീണാ ജോർജ്
text_fieldsതിരുവനന്തപുരം: കേരളത്തെ ബാലസൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ്. വീട്, സ്കൂൾ, കടകൾ, ഷോപ്പിങ് മാളുകൾ തുടങ്ങി പൊതുസ്ഥലങ്ങളിൽ കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഇതിലൂടെ കുഞ്ഞുങ്ങളുടെ അവകാശം സംരക്ഷിക്കാനാണ് വനിത ശിശുവികസന വകുപ്പ് പരിശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. അംഗൻവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും അങ്കണ പൂമഴ പുസ്തകങ്ങളുടെ പ്രകാശനവും നിർവഹിക്കുകയായിരുന്നു അവർ.
ഇത്തവണ 3+, 4+ എന്നിങ്ങനെ പ്രായമനുസരിച്ചുള്ള കൈപ്പുസ്തകങ്ങൾ അംഗൻവാടികൾക്കായി പ്രസിദ്ധീകരിച്ചു. നിലവിലെ കൈപ്പുസ്തകങ്ങൾ വ്യത്യസ്ത പ്രായത്തിന്റെ അടിസ്ഥാനത്തിൽ ഉപയോഗിക്കത്തക്ക വിധത്തിൽ ശാസ്ത്രീയമായ മാറ്റങ്ങൾ വരുത്തിയാണ് തയാറാക്കിയത്. ഈ പുസ്തകത്തിലെ ടീച്ചർ പേജ് ക്യു.ആർ കോഡ് ഉപയോഗിച്ച് ഡിജിറ്റലാക്കി പരിഷ്കരിച്ചു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കുട്ടികൾക്ക് കഥകളും പാട്ടും കാണാനും കേൾക്കാനും സൗകര്യമൊരുക്കി.
സംസ്ഥാനത്തെ 33,115 അംഗൻവാടികളിലാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. വനിത ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, കൗൺസിലർമാരായ കസ്തൂരി എം.എസ്, മീന ദിനേശ്, ജെൻഡർ കൺസൾട്ടന്റ് ടി.കെ. ആനന്ദി, ബിന്ദു ഗോപിനാഥ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.