കേരളീയം; ജനസാഗരമായി നഗരം
text_fieldsതിരുവനന്തപുരം: അവധിദിനമായ ഞായറിൽ ആളുകൾ ഒഴുകിയെത്തിയതോടെ കേരളീയം വേദികളിൽ ജനസാഗരം. അഞ്ച് ദിവസം പിന്നിട്ട കേരളീയത്തിൽ ഏറ്റവും തിരക്കേറിയ ദിവസവും ഞായറാഴ്ചയായിരുന്നു. കലാവിഷ്കാരങ്ങളാണ് അഞ്ചാം ദിവസം കേരളീയത്തെ മികവുറ്റതാക്കിയത്.
പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ കലാമണ്ഡലം കലാകാരന്മാർ അവതരിപ്പിച്ച ഡാൻസ് ഫ്യൂഷൻ ഉത്സവവിരുന്നായി. നടനവിസ്മയം തീർത്ത് ചൈത്ര ഉദയരാജിന്റെ ഭരതനാട്യം, ജയപ്രഭ മേനോന്റെയും സംഘത്തിന്റെയും മോഹിനിയാട്ടം എന്നിവയായിരുന്നു നിശാഗന്ധിയിൽ.
വജ്ര ജൂബിലി ഫെലോഷിപ് കലാകാരന്മാർ അവതരിപ്പിച്ച ‘കൈരളീരവം കലാസന്ധ്യ’ പുത്തരിക്കണ്ടം വേദിയെ ശ്രദ്ധേയമാക്കി. നാടകം, യോഗ, നൃത്തം, കേരളനടനം, ട്രയോ പെർഫോമൻസ്, വിൽകലാമേള, തായമ്പക, പഞ്ചാരിമേളം, സൂര്യകാന്തി ഓഡിറ്റോറിയത്തിൽ മംഗലംകളി എന്നിങ്ങനെ സമഗ്രമായ കലാവിരുന്നാണ് കേരളീയത്തിനെത്തിയവരെ വിവിധ വേദികളിൽ എതിരേറ്റത്. തട്ടുദോശ മുതൽ കേരള-കൊൽക്കത്ത ഫ്യൂഷൻ വിഭവങ്ങൾ വരെ നിരന്ന രുചിവീഥിയായി മാറിയ കേരളീയത്തിലെ സ്ട്രീറ്റ് ഫുഡ്ഫെസ്റ്റിനും തിരക്കേറി.
കേരളവും പ്രവാസി സമൂഹവും, ലിംഗനീതിയും വികസനവും കേരളത്തിൽ, കേരളത്തിലെ ജലവിഭവരംഗം, കേരളത്തിലെ വിനോദസഞ്ചാര മേഖല, തൊഴിലാളികളുടെ അവകാശവും ക്ഷേമവും എന്നിങ്ങനെ അഞ്ച് വിഷയങ്ങളിലാണ് സെമിനാറുകൾ നടന്നത്. കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് സഹായകരമാകുന്ന നിരവധി നിർദേശങ്ങൾ സെമിനാറുകളിൽ ഉരുത്തിരിഞ്ഞതായി അവലോകനയോഗശേഷം മന്ത്രിമാരായ എം.ബി. രാജേഷ്, റോഷി അഗസ്റ്റിൻ, അഹമ്മദ് ദേവർകോവിൽ, പി.എ. മുഹമ്മദ് റിയാസ്, ആർ. ബിന്ദു എന്നിവർ വാർത്തസമ്മേളനത്തിൽ അടിവരയിട്ടു. സെമിനാർ പരമ്പര തിങ്കളാഴ്ച അവസാനിക്കും.
ടൂറിസം വികസനത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കും -മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: സംസ്ഥാനത്ത് വിനോദ സഞ്ചാരമേഖലയിലെ വികസനത്തിനായി ‘മിഷൻ 2030’ എന്ന പേരിൽ മാസ്റ്റർ പ്ലാൻ തയാറാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 2030 ആകുമ്പോഴേക്കും സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയെ കൂടുതൽ ഉന്നതിയിലെത്തിക്കുന്നതിനായുള്ള ഈ മാസ്റ്റർ പ്ലാൻ അടുത്ത വർഷത്തോടെ തയാറാക്കും.
അഡ്വഞ്ചർ, വെൽനെസ് ടൂറിസത്തിന് അനന്തമായ സാധ്യതകളാണ് കേരളത്തിലുള്ളത്. കേരളീയത്തിന്റെ ഭാഗമായി ‘കേരളത്തിലെ വിനോദസഞ്ചാര മേഖല’ വിഷയത്തിൽ മാസ്കറ്റ് ഹോട്ടലിൽ നടന്ന സെമിനാറിൽ അധ്യക്ഷതവഹിക്കുകായിരുന്നു അദ്ദേഹം.
എത്ര ചെറുതാണീയാൽമരങ്ങൾ
തിരുവനന്തപുരം: ആൽമരങ്ങളുടെ വലുപ്പത്തിൽ ആർക്കും സംശയം കാണില്ല. എന്നാൽ, കുഞ്ഞാൽമരങ്ങളുടെ പറുദീസ ഒരുക്കി കാഴ്ചക്കാരെ കാത്തിരിക്കുകയാണ് ബോൺസായ് ചെടികളുടെ പ്രദർശനം. അയ്യൻകാളി ഹാളിലെ പുഷ്പോത്സവത്തിൽ ജവാഹർലാൽ നെഹ്റു ട്രോപിക്കൽ ബൊട്ടാണിക്കൽ ഗാർഡനാണ് പ്രദർശനം ഒരുക്കിയത്. രൂപഭംഗി നഷ്ടപ്പെടാതെ വളർച്ച നിയന്ത്രിച്ചു ചട്ടികളിൽ നട്ടു പരിപാലിക്കുന്ന വിവിധയിനം ആൽമരങ്ങളാണ് ഇവിടെ പ്രദർശിപ്പിച്ചിട്ടുള്ളത്.
ഇന്ത്യയിൽ അപൂർവമായതും വംശനാശ ഭീഷണി നേരിടുന്ന ഇനങ്ങളുമായ ഫൈക്കസ് ടാൽബോട്ടി, ഫൈക്കസ് ഡൽഹൗസി, ഫൈക്കസ് റംഫി, വലിയ ഇലയുള്ള ജയന്റ് ലീവ്സ് ഫിഗ് എന്നറിയപ്പെടുന്ന ഫൈക്കസ് ലൂട്ടിയ, ത്രികോണാകൃതിയിൽ ഇലകളുള്ള ഫൈക്കസ് ട്രയാങ്കുലാരിസ് എന്നിവയും ശ്രദ്ധേയം. ആകാരവടിവും ധാരാളം വേരുകളുമുള്ളതുമാണ് ഫൈക്കസ് മൈക്രോകാർപ്പയും ഫൈക്കസ് മാക്ക് ടെല്ലിയാനയും. ഇലയുടെ അടിവശം കപ്പുപോലെ രൂപാന്തരം പ്രാപിച്ച ഫൈക്കസ് കൃഷ്ണ സന്ദർശകരിൽ കൗതുകം ഉണർത്തുന്നു.
പഴയ ഗാർഹിക ഉപകരണങ്ങളുടെ പൈതൃക കൂടാരം
തിരുവനന്തപുരം: മാനവീയം വീഥിയിൽ പഴയ ഗാർഹിക ഉപകരണങ്ങളുടെ പ്രദർശനമൊരു പൈതൃക കൂടാരമാണ്. വലിയമല സുരേഷാണ് ഇത് ഒരുക്കിയത്.
പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന പാളപ്ലേറ്റ്, കൂജ, ഈറ പഴ്സ്, കൊടുവാൾ, വട്ടപ്പെട്ടി, മരവി, ഉലക്ക, കൊപ്രാക്കത്തി, ഉപ്പുമരവി, ചിരവ, ബോയിലർ, ചായത്തൂക്ക്, സേവനാഴി, തട്ടുപാത്രം, ഉപ്പുഭരണി, പത്തായം, മത്ത് (തൈര് കടയാനുള്ളത്), മുറുക്കാൻ ചെല്ലം, തേക്കുപാള, മുറം, ആട്ടുകല്ല് തുടങ്ങി നിരവധി ഗാർഹിക ഉപകരണങ്ങളുടെ പ്രദർശനം പുതുതലമുറക്ക് കാഴ്ചയാകുന്നതിനൊപ്പം പഴയ തലമുറക്ക് ഓർമ പുതുക്കലിനും അവസരമായി.
പഴമയുടെ രുചി തീർത്ത് മാനവീയം വീഥി; ഇനി രണ്ടുനാൾ കൂടി
തിരുവനന്തപുരം: പഴങ്കഞ്ഞി എന്നു കേട്ടാൽ ഒരു പിടി പിടിച്ചേക്കാം എന്നു ചിന്തിക്കുന്നവരാണോ? കൂട്ടിന് മീൻകറി, പുളിശേരി, നെല്ലിക്ക, ഉണക്കമീൻ, കപ്പ, ഇടിച്ചമ്മന്തി കൂടി വിളമ്പിയാലോ. ഗൃഹാതുരത്വം പതഞ്ഞുപൊങ്ങിയെങ്കിൽ ഇനി വൈകിക്കേണ്ട, കേരളീയത്തിലെ മാനവീയം വീഥിയിലേക്കുവരൂ. കേരളീയം ഭക്ഷ്യമേളയുടെ ഭാഗമായി ഒരുക്കിയ ‘പഴമയുടെ രുചി’ ഭക്ഷ്യമേളയിലാണ് വിവിധ ജില്ലകളിൽ നിന്നുള്ള തനതുവിഭവങ്ങളുടെ കലവറ.
ഹൈറേഞ്ചിൽ നിന്നുള്ള ഇടിയിറച്ചിയാണ് മാനവീയത്തിലെ ഊട്ടുപുര സ്റ്റാളിൽ അവതരിപ്പിക്കുന്നത്. ഉണക്ക തുണ്ടൻ കറി, ചെണ്ടക്കപ്പ, ഏഷ്യാഡ്-എല്ലും കപ്പയും, പുഴുങ്ങിയ കപ്പ, തേങ്ങാപ്പാലിൽ വറ്റിച്ചെടുത്ത പാൽക്കപ്പ ഒപ്പം കോഴിക്കറി, പോത്തിൻ കരൾ വറ്റിച്ചത്, തിരണ്ടി വറ്റിച്ചത്- ഇടുക്കിയുടെ തനത് രുചിക്കൂട്ടിന്റെ പട്ടിക ഇനിയും നീളും.
കേരള വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ അഞ്ചുനാട് രുചിക്കൂട്ട് ഒരുക്കുന്നത് റാഗി ലഡു, റാഗി കുറുക്ക്, റാഗി പക്കോഡ, ശർക്കര ചായ, വാട്ടുകപ്പ പുഴുക്ക്, ഉണക്കമുള്ളൻ, കാന്താരി ചമ്മന്തിപ്പൊടി തുടങ്ങിയവയാണ്. തലശ്ശേരി കടികൾ എന്ന സ്റ്റാളിൽ ഉന്നക്കായ, കായ്പോള, പഴംനിറച്ചത്, ഇറച്ചിപ്പത്തിരി, ചട്ടിപ്പത്തിരി എന്നിവയുണ്ട്.
പാലുൽപന്നങ്ങൾ കാണാനും രുചിക്കാനും മിൽക്ക് ആൻഡ് ചോക്ലേറ്റ് ഫെസ്റ്റിവൽ
തിരുവനന്തപുരം: പാലിൽ നിന്നുള്ള വൈവിധ്യമാർന്ന മൂല്യവർധിത ഉൽപന്നങ്ങളെ അറിയാം, രുചിക്കാം. യൂനിവേഴ്സിറ്റി കോളജിൽ കേരളീയത്തിന്റെ ഭാഗമായുള്ള ഭക്ഷ്യമേളയിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് മിൽക്ക് ആൻഡ് ചോക്ലേറ്റ് ഫെസ്റ്റിവൽ. ക്ഷീരവികസനവകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്ഥാപനങ്ങളും വിവിധ ട്രെയിനിങ് സെന്ററുകളിൽനിന്ന് പരിശീലനം ലഭിച്ച ചെറുകിട സംരംഭകരുമാണ് മേളയിൽ പങ്കെടുക്കുന്നത്.
വൈവിധ്യങ്ങളായ പാലുൽപന്നങ്ങൾ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. മിൽമയുടെ പേഡ, മിൽക്ക് ചോക്ലേറ്റ്, ഐസ്ക്രീം, പനീർ, കുൽഫി, മിൽക്കോയുടെ കേക്ക്, മിൽക്ക് ഹൽവ, എം.പി.എം.എഫ്.സിയുടെ കുക്കീസ്, പാലട എന്നിവയാണ് പ്രധാനമായും വിപണനത്തിനുള്ളത്.
ബ്രെഡ് പിസ വിത്ത് ചീസ്, ചീസ് സാൻവിച്ച്, പാസ്ത, ചീസ് ബർഗർ, യോഗർട്ട് ഷേക്ക്, ബർഫി, ചോക്ലേറ്റ് ബർഫി, കലാകാന്ത്, ഛന്ന, ഖോവ കേക്ക്, ഛന്ന മുർഖി, ഗുലാബ് ജാം, രസഗുള, പനീർ കട്ലറ്റ്, പനീർ ഓംലെറ്റ്, സിപ്അപ്, മിൽക്ക് ലഡു, ഹൽവ, നാൻഖട്ടായി, നെയ്യ് ബിസ്കറ്റ്, വേ ഡ്രിങ്ക്സ്, കാരറ്റ് ഫ്രോസൻ ഡെസർട്ട്, ലെസി, പുഡിങ്, കൂൾപായസം, സംഭാരം തുടങ്ങി നിരവധി രുചികൾ ഒരുക്കിയാണ് മിൽക്ക് ആൻഡ് ചോക്ലേറ്റ് ഫെസ്റ്റിവൽ സന്ദർശകരെ സ്വീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.