കേരളീയം -2023; കിഴക്കേകോട്ട മുതൽ കവടിയാർവരെ പ്രദർശനവീഥി
text_fieldsതിരുവനന്തപുരം: കേരളത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന ‘കേരളീയം’ പരിപാടി എല്ലാ വർഷവും നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളീയം-2023 സ്വാഗതസംഘം രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദ്യമായി നവംബർ ഒന്ന് മുതൽ ഏഴുവരെ നടത്തുന്ന ‘കേരളീയം-2023’ മഹത്തും ബൃഹത്തുമായ സാംസ്കാരിക ഉത്സവമായിരിക്കും. കേരളത്തെ അതിന്റെ സമസ്ത നേട്ടങ്ങളോടെയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് ഉദ്ദേശ്യം. എല്ലാവർഷവും അതത് വർഷത്തെ അടയാളപ്പെടുത്തുന്ന വിധം കേരളീയം നടത്താനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയുടെ ഭാഗമായി വൈകുന്നേരങ്ങളിൽ കിഴക്കേകോട്ട മുതൽ കവടിയാർവരെ വാഹനഗതാഗതം ഉണ്ടാകില്ല. പ്രധാന നിരത്തുകളിൽ ജനങ്ങളാണ് ഉണ്ടാകുക. ട്രാഫിക് വഴിതിരിച്ചുവിടും. 60 വേദികളിലായി 35 ഓളം പ്രദർശനങ്ങൾ അരങ്ങേറും. ഈ വീഥി മുഴുവൻ ദീപങ്ങൾ കൊണ്ട് അലങ്കരിക്കും. വിവിധ രംഗങ്ങളിലെ നേട്ടങ്ങൾ എടുത്തുകാണിക്കുന്ന സെമിനാറുകൾ, പ്രദർശനങ്ങൾ, ആറ് ട്രേഡ് ഫെയറുകൾ, അഞ്ചു വ്യത്യസ്ത തീമുകളിൽ ചലച്ചിത്രമേളകൾ, അഞ്ചുവേദികളിൽ ഫ്ലവർഷോ, എട്ടുവേദികളിൽ കലാപരിപാടികൾ, നിയമസഭയിൽ അന്താരാഷ്ട്ര പുസ്തകോത്സവം തുടങ്ങിയവ അരങ്ങേറും.
അന്തർദേശീയ, ദേശീയ പ്രമുഖർ എത്തിച്ചേരുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നൊബേൽ സമ്മാന ജേതാക്കൾ ഉൾപ്പെടെ വരും. അവർ തിരികെപ്പോയി കേരളത്തെക്കുറിച്ച് എഴുതുകയും പറയുകയും ചെയ്യും. അത് നമുക്ക് പ്രയോജനപ്പെടും. ലോകം മാറുമ്പോൾ നാം മാറേണ്ടതില്ലെന്ന അടഞ്ഞ ചിന്ത പാടില്ലെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു.
ലോകത്തിന്റെ എല്ലാ കോണിലേക്കും പടർന്നുപന്തലിച്ച സമൂഹമായ മലയാളിക്കല്ലാതെ വേറെ ആർക്കാണ് കേരളമെന്ന വികാരം ഇങ്ങനെ പ്രദർശിപ്പിക്കാൻ കഴിയുക? നമ്മുടെ നേട്ടങ്ങൾ അവതരിപ്പിക്കുന്നതോടൊപ്പം പുതിയ ലോകത്തെക്കുറിച്ച് നമുക്ക് ഉണ്ടാകേണ്ട അറിവുകൾ ഏതൊക്കെയാണെന്നും അവ എങ്ങനെ ഇവിടെ നടപ്പാക്കണമെന്നുകൂടി കേരളീയം 2023 അന്വേഷിക്കും -മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.