വീണ്ടും വൃക്ക മാറ്റിവെക്കണം; അമൃതക്ക് വേണം കരുണയുടെ കൈത്താങ്ങ്
text_fieldsതിരുവനന്തപുരം: വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയായി ഒരുവർഷത്തിനകം വീണ്ടും രോഗബാധിതയായി 20കാരി. ജീവിതം പൂർവാവസ്ഥയിലേക്ക് മടങ്ങുന്നതിനിടെയെത്തിയ കോവിഡ്ബാധയാണ് വൃക്കയുടെ പ്രവർത്തനം താളംതെറ്റിച്ചത്. വീണ്ടും വൃക്ക മാറ്റിവെക്കേണ്ട അവസ്ഥയിലാണ് കരമന പാങ്ങോട് കൃഷ്ണാലയത്തിൽ കെ. അനിൽകുമാറിന്റെ മകൾ എം.എ. അമൃത.
18 വയസ്സുള്ളപ്പോഴാണ് അമൃതക്ക് വൃക്ക ചുരുങ്ങുന്ന അസുഖം കണ്ടെത്തിയത്. വൃക്ക മാറ്റിവെക്കൽ മാത്രമാണ് പ്രതിവിധിയെന്ന് ഡോക്ടർമാർ അറിയിച്ചു. അനിൽകുമാറിന്റെ സഹോദരന്റെ ഭാര്യ വൃക്ക നൽകാമെന്ന് സമ്മതിച്ചു. കഴിഞ്ഞവർഷം ഫെബ്രുവരി 19ന് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നു. കഴിഞ്ഞമാസമാണ് അമൃതക്ക് കോവിഡ് പിടിപെട്ടത്. പിന്നീട് നടത്തിയ പരിശോധനയിൽ മാറ്റിവെച്ച വൃക്കയുടെ പ്രവർത്തനശേഷി നഷ്ടപ്പെട്ടതായി കണ്ടെത്തി. ഇപ്പോൾ ആഴ്ചയിൽ രണ്ടുതവണ ഡയാലിസിസ് ചെയ്യണം. എത്രയും വേഗം വീണ്ടും വൃക്കമാറ്റിവെക്കണമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.
രണ്ടാമത്തെ ശസ്ത്രക്രിയയായതിനാൽ കൂടുതൽ ശ്രദ്ധയും പരിചരണവും വേണം. 45 ലക്ഷത്തോളം രൂപ വേണ്ടിവരുമെന്നാണ് എറണാകുളം ലേക്ഷോർ ആശുപത്രിയിൽനിന്ന് അറിയിച്ചത്. മകളുടെ രോഗംകാരണം അനിൽകുമാറിന് ജോലിക്ക് പോകാനാകുന്നില്ല. ചികിത്സാർഥം ഇപ്പോൾ പൂജപ്പുര ചരുവിളയിൽ വാടകവീട്ടിലാണ് താമസം. ഈ സാഹചര്യത്തിൽ ഇത്രയും വലിയ തുക സ്വരൂപിക്കുന്നത് പ്രയാസകരമാണെന്ന് അനിൽകുമാർ പറയുന്നു.
ആദ്യശസ്ത്രക്രിക്ക് ചെലവായ 27 ലക്ഷത്തിന്റെ കടംപോലും തീർത്തിട്ടില്ല. നീറമൺകര എൻ.എസ്.എസ് കോളജിൽ രണ്ടാംവർഷ ബിരുദ വിദ്യാർഥിയാണ് അമൃത. പഠനം പൂർത്തിയാക്കി നല്ലൊരു ജോലി വാങ്ങണമെന്നാണ് അമൃതയുടെ ആഗ്രഹം. അത് സഫലമാകാൻ സുമനസ്സുകൾ അമൃതക്ക് താങ്ങാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
അമൃതയുടെയും അനിൽകുമാറിന്റെയും പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയിട്ടുണ്ട്. അനിൽകുമാറിന്റെ പേരിൽ എസ്.ബി.ഐ ബേക്കറി ജങ്ഷൻ ബ്രാഞ്ച്, അക്കൗണ്ട് നമ്പർ: 67132781225. ഐ.എഫ്.എസ്.സി: SBIN0070506. ഗൂഗിൾ പേ നമ്പർ: 9995345419. അമൃതയുടെ പേരിൽ കാനറബാങ്ക്, ഇടപ്പഴഞ്ഞി ബ്രാഞ്ച്, അക്കൗണ്ട് നമ്പർ: 6199101002577. ഐ.എഫ്.എസ്.സി: CNRB0006199. ഗൂഗിൾ പേ നമ്പർ: 7592872723.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.